ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം ആണ്. സ്വന്തം ജീവിതത്തിലൂടെ സ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന ലോകത്തെ സദാ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. ആ വിളക്കുകളിൽനിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തുകാട്ടുന്നതും, ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുആയിരിക്കണം. ദൈനംദിന പ്രവർത്തികളിൽ കാണപ്പെടുന്ന നിസ്സംഗതയ്ക്കും വിരസതയ്ക്കും പകരം സ്നേഹിക്കാനും സേവനം ചെയ്യാനുമുള്ള തീഷ്ണമായ അഭിനിവേശം നമ്മുടെ പ്രവൃത്തികളുടെ മുഖമുദ്രയാക്കാൻ നമുക്കാവണം.
അത്യാർത്തിയും ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം ക്രിസ്തുവിനെ അനുഗമിക്കുന്നവരെന്നു അവകാശപ്പെടുന്ന നമ്മിലെ പ്രകാശം. ലോകത്തിന്റെ സാമാന്യ രീതികളും നിയമങ്ങളുമായി പൊരുത്തപ്പെട്ട് എല്ലാവരെയുംപോലെ മര്യാദക്കാരനായി ജീവിക്കാൻ ശ്രമിക്കുന്ന ക്രിസ്തുശിഷ്യൻ മറക്കുന്ന ഒന്നുണ്ട്: നല്ലവനായി ജീവിക്കാനുള്ള ഒരു വിളിയല്ല ഒരു ക്രൈസ്തവന്റേത്, വിശുദ്ധിയിലേക്കുള്ള വിളിയാണത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും മറ്റുള്ളവർക്ക് മാത്യക ആകേണ്ട ജീവിതക്രമം ആയിരിക്കണം ക്രിസ്തു ശിഷ്യരായ നാം ഓരോരുത്തർക്കും ഉണ്ടാകേണ്ടത്.
കണ്ണഞ്ചിപ്പിക്കുന്നതും എടുത്തുപറയത്തക്കതുമായ യാതൊന്നും ചെയ്യാതെതന്നെ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ദൗത്യങ്ങൾ വിശ്വസ്തയോടെയും സത്യസന്ധമായും സന്തോഷപൂർവം ശുഭപ്രതീക്ഷകളോടെ ചെയ്യുന്നതുവഴി നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താനാകും – മറ്റുള്ളവർക്കു മുന്പിൽ ദൈവമഹത്വത്തിനു സാക്ഷികളാകാൻ കഴിയും. നമ്മുടെ കുടുംബജീവിതത്തിലും ജോലിയിലും, വിജയങ്ങളിലും തകർച്ചകളിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സന്തോഷങ്ങളിലും സന്താപങ്ങളിലും, വാക്കുകളിലും മൗനങ്ങളിലും നമ്മുടെ ചുറ്റുമുള്ളവർക്ക് നമ്മിൽ കത്തിജ്വലിക്കുന്ന ദൈവത്തിന്റെ പ്രകാശം ദർശിക്കാൻ സാധിക്കണം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.