പ്രതിസന്ധികളിൽ പതറാത്ത സഭാനൗക!ക്രൂശാരോഹണത്തിന്റെ കൊടുങ്കാറ്റിലും കൂരിരുട്ടിലും പതറിനിൽക്കുന്ന ശിഷ്യഗണത്തെ ദൈവിക ശക്തിയിൽ ഒരുമിപ്പിക്കുന്ന പരിശുദ്ധാത്മാവാണ് സഭയെ ചരിത്രത്തിൽ നേരായ പാതയിൽ നയിക്കുന്നത്.
സഭയിൽ ക്രിസ്തുശിഷ്യരുടെ പിൻഗാമികളായ മെത്രാന്മാരോടുചേർന്നു നടക്കാനും വിശ്വാസികളെ നയിക്കാനും കടപ്പെട്ടവരാണ് വൈദികർ.
വൈദികർക്കും വിശ്വാസി സമൂഹത്തിനും സുവിശേഷ മൂല്യങ്ങളിൽ മാതൃക കാട്ടുന്നവരാണ് സമർപ്പിതർ അഥവാ സന്യസ്തർ. സ്വർഗീയ ആനന്ദത്തിന്റെ ഐക്കണുകളായാണ് ഓരോ സന്യാസിയേയും സന്യാസിനിയേയും വിശ്വാസികൾ കാണുന്നത്. സഭ അവരിൽ സുവിശേഷാധിഷ്ഠിതമായ പ്രത്യാശയുടെ വെളിച്ചം കാണുന്നു!
സഭയുടെ കാഴ്ചപ്പാടിൽ, സ്വർഗീയ സൗഭാഗ്യത്തിന്റെ ഭൂമിയിലെ ആവിഷ്കാരമാണ് വിശുദ്ധ കുർബാന. അതുകൊണ്ടാണ് അതിനെ ‘ഹോളി കമ്യൂണിയൻ’ എന്നു വിളിക്കുന്നത്. വി. കുർബാന ആവിഷ്കരിക്കുന്ന ബലിജീവിതത്തിലൂടെ, സമ്പൂർണ്ണ സ്നേഹത്തിലേക്കും കൂട്ടായ്മയിലേക്കും വിളിക്കപ്പെട്ടവരാണ് വിശ്വാസികൾ! സഭയിലും സഭയിലൂടെയും ക്രിസ്തുവിനോടൊപ്പവും, പരിശുദ്ധാത്മാവിൽ, പിതാവായ ദൈവവുമായുള്ള വിശുദ്ധ സംസർഗ്ഗത്തിന്റെ കൂദാശാരൂപമാണ് വിശുദ്ധ കുർബാന!
ഓരോ സഭയിലും സവിശേഷമാംവിധം ആവിഷ്കരിക്കപ്പെടുന്ന വിശുദ്ധ കുർബാനയുടെ ഐക്യത്തിൽനിന്നുമാണ് സഭാസമൂഹവും കൂട്ടായ്മയും രൂപപ്പെടുന്നത്. വിശുദ്ധ കുർബാനയുടെ ഐക്യത്തിൽനിന്നും വിട്ടുനിൽക്കുന്ന വൈദികരും വിശ്വാസികളും ഈ ദൈവീക സംസർഗ്ഗത്തിൽനിന്നും സ്വയം അകലുകയാണ്. അവരെ ഒരുമിച്ചു ചേർക്കുക എന്ന ദൗത്യം സഭയ്ക്കുണ്ട്.
ശരിയായ പ്രബോധനത്തിലൂടെയും വിശ്വാസ പരിശീലനത്തിലൂടെയുമാണ് സഭ ഇതു പ്രാവർത്തികമാക്കുന്നത്. വിശുദ്ധ കുർബാനയിൽ ഐക്യപ്പെട്ട സമൂഹത്തെയാണ് സഭ എന്നു വിളിക്കുന്നത്. വി. കത്തോലിക്കാ സഭ ഇപ്രകാരം വിശുദ്ധ കുർബാനയിൽ ഐക്യപ്പെട്ട 24 വ്യക്തി സഭകളുടെ കൂട്ടായ്മയാണ്.
വിശാസികൾക്ക് പരിശീലനം നൽകുന്നത് സഭയിൽ മെത്രാന്റെ ചുമതലയാണ്. വൈദികർ ഇക്കാര്യത്തിൽ മെത്രാനെ സഹായിക്കുന്നു. വിശ്വസിക്കൾക്കെന്നപോലെ വൈദികർക്കു ശരിയായ പരിശീലനം ഉറപ്പാക്കാനുള്ള ചുമതലയും മെത്രാനുണ്ട്.
വിശ്വാസികൾക്കു പരിശീലനം നൽകുന്നത്ര എളുപ്പമല്ല, വൈദിക പരിശീലനം. അതു സുദീർഘവും ആഴമുള്ളതും ജീവിതത്തിന്റെ എല്ലാ തലങ്ങളെയും പരിവർത്തനവിധേയമാക്കുന്നതും ഏകോപിപ്പിക്കുന്നതുമാണ്. അതിനാൽത്തന്നെ, ശരിയായ ശിക്ഷണം ലഭിക്കാത്ത വൈദികരെ തിരുത്തിയെടുക്കുക പ്രായോഗികമായി എളുപ്പമല്ല. അവർക്കു ലഭിച്ച തെറ്റായ കാഴ്ചപ്പാടുകൾമൂലം തിരുത്തപ്പെടാൻ കഴിയാത്ത ബോധ്യങ്ങളിൽ അവരിൽ അധികംപേരും ഉറച്ചുപോയിട്ടുണ്ടാവാം. അവരെ സമാധാനത്തിൽ വിടുകയാവും സഭക്കു നല്ലത്. അവരിൽ മനസാന്തര ക്രുപാവരം വർഷിക്കാൻ ദൈവാത്മാവിന് കഴിയും. അച്ചടക്കവും അനുസരണയും അവരിൽനിന്ന് ആവശ്യപ്പെടാൻ സഭക്കു കടമയുണ്ട് എന്നതും ഇതിനോടു ചേർന്നു പോകുന്നതാണ്.
പുരാതന ഗ്രീസിലെ ജ്ഞാനിയായ ഡയോജനീസ് ഒരിക്കൽ, ചീഞ്ഞു തുടങ്ങിയ ഒരു പഴം കയ്യിലെടുത്തു പറഞ്ഞു, നിങ്ങൾ ഈ പഴം കണ്ടോ? ഇതു ചീഞ്ഞുതുടങ്ങിയിരിക്കുന്നു! ഇനി ഇതിനെ പൂർവ്വ സ്ഥിതിയിലാക്കാൻ ദൈവത്തിനുപോലും കഴിയില്ല. എന്നാൽ, ഇതിൽ മനോഹരമായ അരികളുണ്ട്! അതേ, അരികൾ നന്നായി പാകി മുളപ്പിക്കുക. നല്ലനിലയിൽ വെള്ളവും വളവും നൽകി നല്ല നിലത്തു വളർത്തിയെടുക്കുക. ഭാവിയിൽ നല്ല ഫലങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും. എന്നാൽ, വേലക്കാർ അതിനായി നന്നായി അധ്വാനിക്കണം. അലസതയും അലംഭാവവും ഉണ്ടാകരുത്. ഉദാഹരണത്തിന്, ഈ വർഷം പട്ടംകിട്ടിയ ഒരു വൈദികൻ സഭ നിഷ്കർഷിക്കുന്ന രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നില്ലെങ്കിൽ, അതിന് ആ വൈദികനെയോ, അദ്ദേഹത്തെ പരിശീലിപ്പിച്ച സെമിനാരിയേയോ കുറ്റപ്പെടുത്തരുത്. അതിനുത്തരവാദി അദ്ദേഹത്തിനു പട്ടം നൽകിയ മെത്രാനും ആ മെത്രാനുൾപ്പെടുന്ന സഭാ സിനഡുമാണ്.
എന്തു ‘സത്യപ്രതിജ്ഞ’യാണ് പട്ടം നൽകിയ മെത്രാൻ ആ കൊച്ചച്ചനെക്കൊണ്ട് എഴുതി വായിപ്പിച്ചത്? സഭയോടൊത്തു വിശുദ്ധ കുർബാന അർപ്പിക്കാനും കൂദാശകൾ അനുഷ്ടിക്കാനുമല്ലെങ്കിൽ, പിന്നെ എന്തിനാണ് മെത്രാൻ ആ കൊച്ചച്ചന് പട്ടം നൽകിയത്? സഭക്കെതിരെ പൊരുതുന്ന വൈദികരെ സൃഷ്ടിച്ചെടുക്കാൻ, മെത്രന്മാർ മുതിരരുത്. സഭയുടെ പരിശുദ്ധ സിനഡ്, അതിന് ഒരു മെത്രാനെയും അനുവദിക്കുകയുമരുത്. പ്രത്യാശയോടെ ഭാവിയിലേക്കു ചുവടുവയ്ക്കാൻ നിഷ്ഠയും അച്ചടക്കവുമുള്ള സഭാജീവിതം അനിവാര്യമാണ്.

ഫാ. വർഗീസ് വള്ളിക്കാട്ട്