യേശുവിന്റെ കാലത്തും, ഇന്നത്തെ സമൂഹത്തിലും പാപത്തിൽ പിടിക്കപ്പെട്ടവരെ ഒരു നികൃഷ്ടജീവിയെ എന്നവണ്ണം സമൂഹത്തിൽനിന്നും അകറ്റി നിറുത്തുവാറുണ്ട്. നാമൊക്കെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് മറ്റൊരു വ്യക്തി ചെയ്തുവെന്ന് നമുക്കറിയാവുന്ന ഒന്നോ രണ്ടോ പാപങ്ങളെ പ്രതി അയാളെ വിധിക്കുന്ന നമ്മൾ, നമ്മിലെ നിരവധിയായ പാപങ്ങളെക്കുറിച്ച് ബോധവാന്മാരാണോ? മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു അവരെ നിന്ദിക്കുവാനും താഴെയിറക്കാനുമൊക്കെയുള്ള വ്യഗ്രത ഇന്നത്തെ സമൂഹത്തിൽ ധാരാളമായുണ്ട്. നമ്മൾ ഇരുട്ടത്ത് ചെയ്യുന്ന പാപങ്ങൾ ഒരിക്കലും വെളിച്ചത്തുവരില്ല എന്ന വ്യർത്ഥചിന്തയല്ലേ നമുക്ക് മറ്റുള്ളവരെ വിധിക്കാൻ പ്രചോദനം നല്കുന്നത്?
യേശു കല്പനകളിലൂടെ പിതാവായ ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തി കൊടുത്ത്, എല്ലാറ്റിലും ഉപരിയായി ദൈവത്തെയും തന്നേപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കാനാണ് ഉത്ബോധിപ്പിച്ചുകൊണ്ടിരുന്നത്. വ്യഭിചാര കുറ്റത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ ശിക്ഷിക്കുന്നതിനെക്കുറിച്ച് യേശുവിന്റെ അഭിപ്രായം ആരായുക വഴി യഹൂദപ്രമാണികൾ പ്രതീക്ഷിച്ചത് രണ്ടുകാര്യങ്ങളാണ്: അവളുടെ വധശിക്ഷയെ യേശു അനുകൂലിക്കുന്നു എങ്കിൽ യേശുവിന്റെ കല്പന അവരിൽനിന്നും ഒട്ടും വ്യത്യസ്തമല്ല എന്ന് വാദിക്കാൻ അവർക്ക് സാധിക്കും. അതല്ല, യേശു പാപിനിയായ സ്ത്രീയുടെ പക്ഷമാണ് എടുക്കുന്നതെങ്കിൽ അവനിൽ ദൈവനിന്ദ ആരോപിച്ചു ജനമധ്യത്തിൽനിന്നും പുറന്തള്ളാൻ സാധിക്കും. എന്നാൽ യേശുവാകട്ടെ, ഈ രണ്ടു വഴിയല്ലാതെ ഈ പ്രശ്നം പരിഹരിക്കുവാൻ മൂന്നാമതൊരു വഴികൂടി ഉണ്ടെന്നു അവർക്ക് കാണിച്ചുകൊടുത്തു.
ചോദ്യത്തിന് പെട്ടെന്നുത്തരം പറയാതെ യേശു വിരൽകൊണ്ട് നിലത്തെഴുതുകയാണ് ചെയ്തത്. യേശുവിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് പല ബൈബിൾപണ്ഡിതരും അഭിപ്രായപ്പെടുന്നത്, അവൻ തന്റെ ചുറ്റും നിന്നവരുടെ പാപങ്ങളാണ് നിലത്തെഴുതികൊണ്ടിരുന്നത് എന്നതാണ്. കർത്താവിന്റെ ദൃഷ്ടികൾ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന് ഉറ്റുനോക്കുന്നു” (സുഭാഷിതങ്ങൾ 15:3). വചനം പറയുന്നത് തങ്ങളുടെ പാപത്തെക്കുറിച്ചു ബോധ്യം ലഭിച്ചവർ ഓരോരുത്തരായി സ്ഥലം വിട്ടു എന്നാണ്. പാപങ്ങൾ പൊറുക്കാൻ കഴിവുള്ളവന്റെ മുന്നിൽനിന്നും തങ്ങളുടെ പാപങ്ങളുമായി തിരികെ പോകാനാണവർ തുനിഞ്ഞത്. നാം ഓരോരുത്തർക്കും മറ്റുള്ളവരുടെ പാപങ്ങൾക്ക് നേരെ കല്ലെറിയാതെ മറ്റുള്ളവരെ പാപത്തിൽ നിന്ന് കൈപിടിച്ചുയർത്തുകയും, പാപിനിയായ ആ സ്ത്രീയെപ്പോലെ ദൈവസന്നിധിയിൽ പാപമോചനത്തിനായി സമീപിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏