കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നാക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടാണു ക്ഷേമപദ്ധതികളിലെ അനുപാതം നിശ്ചയിക്കേണ്ടത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ മൈനോരിറ്റി വകുപ്പും മൈനോരിറ്റി കമ്മീഷനും രൂപീകരിച്ചശേഷം ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന സമ്പത്ത് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി ചെലവഴിക്കുന്നതിനെയാണ് പുനപരിശോധിക്കേണ്ടതായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാലോളി മുഹമ്മദ്കുട്ടി തന്നെ ഈ വിധിയെ സ്വാഗതം ചെയ്തിരിക്കുന്നുവെന്നത് പ്രതീക്ഷയ്ക്കു വക നല്കുന്നു.

ന്യൂനപക്ഷ വകുപ്പ് പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതും ആനുകൂല്യങ്ങളുടെ വിതരണത്തില്‍ വിവേചനപരമായ അനുപാതം നിശ്ചയിച്ചതും ശാസ്ത്രീയമായ പഠനത്തിന്റെ വെളിച്ചത്തിലല്ലായിരുന്നെന്നു കോടതിവിധിയിലൂടെ വ്യക്തമാകുന്നു. ന്യൂനപക്ഷ ക്ഷേമം എന്നത് ജനാധിപത്യ സംവിധാനത്തില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ക്ഷേമമാകണം. നിക്ഷിപ്ത താത്പര്യങ്ങള്‍വച്ചോ രാഷ് ട്രീയലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമാകും.

ഈ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ വിവേചനരഹിതമായി വിഷയം കൈകാര്യം ചെയ്യണം. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോ വിഭാഗത്തിനും അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്കി പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.