വലിയ കുടുംബങ്ങളും കേരള സഭയും.
കുടുംബവും സാമൂഹ്യ കാഴ്ചപ്പാടും

പരസ്പരം ചുമതലകൾ പങ്കുവെച്ച് സ്ത്രീയും പുരുഷനും , അവരുടെ കുട്ടികളോടൊപ്പമോ അല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിനെയാണ് സമൂഹം കുടുംബമെന്ന് വിളിക്കുന്നത്.
പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന ചിലർ ട്രാൻസ്ജൻഡേഴ്സിനെക്കൂടി അതിൽ ഉൾപ്പെടുത്തുവാൻ പരിശ്രമിക്കുന്നതാണ് നവീനകാല പ്രതിഭാസം.
കുടുംബവും ക്രിസ്തുവിന്റെ സഭയും

കുടുംബത്തെ കത്തോലിക്കാ സഭ ഗാർഹിക സഭ എന്നാണ് വിളിക്കുന്നത്.അത്രമാത്രം പ്രാധാന്യം സഭ കുടുംബങ്ങൾക്ക് നൽകുന്നുണ്ട്.

വിവാഹമെന്നത് സ്ത്രീയും പുരുഷനും സമൂഹത്തിന്റെ അംഗീകാരത്തോടെ ഒരുമിക്കുമ്പോൾ സംഭവിക്കുന്നതാണ്. അവിടെ ഈശോയുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഒരു ഉടമ്പടിയെന്നതിലധികം അതൊരു കൂദാശയായി മാറുന്നു.ഇവിടെയാണ് ക്രിസ്തീയ കുടുംബത്തിന്റെ ആരംഭം.

കുടുംബം സഭയുടെയും സമൂഹത്തിന്‍റെയും അടിസ്ഥാന ഘടകമാണ്. കുടുംബ ജീവിതത്തിന്‍റെ ആരംഭവും അതിന്‍റെ അന്ത്യവും ദൈവത്തിൽ നിന്നാരംഭിച്ച് ദൈവത്തിൽ തന്നെ അവസാനിക്കുന്നത് കൊണ്ടാണ് കുടുംബം ശ്രേഷ്ഠമായി മാറുന്നത് . പറുദീസായുടെ പരിശുദ്ധിയിൽ ദൈവം കുടുംബത്തെ സൃഷ്ടിക്കുന്നത് വളരെ മനോഹരമായി ഉല്‍പ്പത്തി പുസ്തകം നമ്മോടു പറഞ്ഞു തരുന്നുണ്ട് .
“ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും. സൃഷ്ടിയുടെ ആരംഭത്തിൽ ദൈവത്തിന്‍റെ ഭാവനയിലുള്ള കുടുംബത്തിൽ സ്ത്രീയും പുരുഷനും ചേർന്ന കൂട്ടായ്മയുടെ സൗന്ദര്യമുണ്ടായിരുന്നു. ആദിമ മനുഷ്യന്‍റെ ആദ്യ നൊമ്പരം ഏകാന്തതയായിരുന്നു. ദൈവം അവനിണങ്ങിയ തുണയെ നൽകി അവന്‍റെ ഏകാന്തതയ്ക്ക് ഉത്തരം നൽകി. ഇന്നുമത് തുടർന്നു കൊണ്ടിരിക്കുന്നു. സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരുമിച്ച് ജീവിച്ചും,പരസ്പരം സ്നേഹിച്ചും, സേവിച്ചും, സഹായിച്ചും, സമർപ്പിച്ചും പരസ്പര സമഗ്ര വികസനത്തിനു സഹായിക്കുന്നവരാണ് ദമ്പതികൾ.

കുടുംബവും കുഞ്ഞുങ്ങളും

കുടുംബങ്ങളുടെ നിലനിൽപ്പിനും മുന്നോട്ടുള്ള പ്രയാണത്തിനും കുഞ്ഞുങ്ങൾ ജനിക്കേണ്ടത് ആവശ്യകതയായി മാറി. കുടുംബങ്ങളുടെ വലിയ കൂട്ടായ്മകൾ രാജ്യങ്ങളായി , രാജ്യങ്ങളുടെ കൂട്ടായ്മ ലോകവും. ലോകത്തിന്റെ അടിസ്ഥാനം കുടുംബവും.
ലൈംഗികതയുടെ ലക്ഷ്യം
പുതിയ കുടുംബങ്ങൾ രൂപീകൃതമാകേണ്ട ആവശ്യകത സ്ത്രീപുരുഷ ലൈംഗികതയുടെ പ്രധാന ലക്ഷ്യം പ്രത്യുല്പാദനമാക്കി മാറ്റി.സ്നേഹമില്ലാതെ പുരുഷനും സ്ത്രീയും കുഞ്ഞിന് ജന്മം നൽകുമ്പോൾ അതിന് പൂർണതയില്ലെന്നുള്ള തിരിച്ചറിവിൽ ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹം പങ്കു വെക്കപ്പെടണമെന്നും അതിന്റെ പൂർണതയിലാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടതെന്നും സഭ പഠിപ്പിച്ചു. രതിയുടെ ലക്ഷ്യം സ്നേഹത്തിന്റെ പങ്കുവെക്കലും പ്രത്യുല്പാദനവുമാണെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ ലൈംഗികതയിൽ സുഖമുണ്ടെന്നും പക്ഷെ സുഖം അതിൽത്തന്നെയുള്ള അവസ്ഥയാണെന്നും ലക്ഷ്യമല്ലെന്നുമുള്ള സത്യം ധാർമ്മികതയുടെ ഭാഗമായി.
നമ്മിലുണ്ടാകേണ്ട തിരിച്ചറിവ്
മക്കൾക്ക് ജന്മം കൊടുക്കേണ്ടത് ദമ്പതികളുടെ കടമയും കുടുംബത്തെ പരിരക്ഷിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വവുമാണെന്ന തിരിച്ചറിവ് നമ്മിൽ രൂപപ്പെടണം. കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും.സങ്കീർത്തനം 127:3.
ഒരു സ്ത്രീ ഗർഭിണിയാകുന്ന നിമിഷം മുതൽ അവളെ സ്വീകരിക്കുവാനും അവൾക്ക് താങ്ങാകുവാനും സഭക്ക് കഴിയണം. നമ്മുടെ ആശുപത്രികളിൽ സ്നേഹസമാനമായ സ്വീകരണം ഉണ്ടാകണം. വീണ്ടുമൊരു കുഞ്ഞിന് ജന്മം കൊടുക്കുവാൻ അവൾക്ക് പ്രചോദനമാകുന്ന രീതിയിൽ കുടുംബങ്ങളിലും സഭയുടെ ഓരോ മേഖലയിലും അവൾക്ക് തുണയാകുവാനുള്ള അന്തരീക്ഷം രൂപപ്പെടണം.
കുഞ്ഞു ജനിക്കുവാനെന്നതുപോലെ വളരുവാനും, അമ്മയ്ക്കും അച്ഛനും കുഞ്ഞിനെ വളർത്തുവാനുമുള്ള അന്തരീക്ഷം രൂപപ്പെടണം.
ഏതാനും നാളുകൾക്കുമുൻപ് മുൻകാല മാധ്യമപ്രവർത്തകയും എന്റെ കസിനുമായ തങ്കം തോമസ് എഫ് ബി യിലെഴുതിയ പോസ്റ്റിലെ ചില വരികൾ ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമായതിനാൽ ഇവിടെ പങ്കുവെക്കുകയാണ്.
സാമൂഹ്യവും ആരോഗ്യപരവും മാനസികവുമായ വളര്‍ച്ച ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും ഉറപ്പാക്കാന്‍ സഭയുടെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ഒരു വര്‍ഷം മറ്റേണിറ്റി ലീവ് ശമ്പളത്തോടെയോ,അത് ബുദ്ധിമുട്ടാണെങ്കിൽ പകുതി ശമ്പളത്തോടെയോ കൊടുക്കാൻ കഴിയുമോ?
സഭയുടെ കുടുംബവീക്ഷണത്തില്‍ മാതൃത്വത്തിന് ഒപ്പം തന്നെ പ്രധാനമാണ് പിതൃത്വവും, അതുകൊണ്ട് പിറന്നുവീഴുന്ന കുഞ്ഞിനൊപ്പം ചിലവഴിക്കാന്‍ അച്ഛന് 15 ദിവസം പറ്റേണിറ്റി ലീവ് കൊടുക്കാൻ കഴിയുമോ?
പ്രസവത്തിനു ലേബർ റൂമിലെത്തുമ്പോൾ സ്നേഹവും ധൈര്യവും ഗർഭിണിക്ക് പങ്കുവെക്കാൻ കഴിയുമോ?
ഗർഭിണിയായതിന്റെ പേരിൽ ജോലി നഷ്ടപ്പെടാത്ത അവസ്ഥ സഭാസ്ഥാപനങ്ങളിലെങ്കിലും ഉണ്ടാവുമോ?
പിഞ്ചുകുഞ്ഞുങ്ങളുള്ള അമ്മാര്‍ക്കായി സ്ഥാപനങ്ങളോട് ചേര്‍ന്ന് ഒരു ഡേകെയര്‍ സംവിധാനം ഒരുക്കാമോ?
മുലപ്പാല്‍ പമ്പ് ചെയ്ത് സൂക്ഷിക്കാന്‍ ഓരോ സ്ഥാപനങ്ങളിലും ഒരു മില്‍ക്ക് ബാങ്ക് ഒരുക്കാമോ?
കുര്‍ബാനയ്ക്കിടയില്‍ കരയുന്ന കുഞ്ഞിനെ നോക്കി മുഖം കറുപ്പിക്കാതെ ഇരിക്കാമോ?
അതിനെ എടുത്തു പുറത്ത് കൊണ്ടുപോ എന്ന് ആക്രോശിക്കാതിരിക്കാമോ?
മോണ്ടളത്തില്‍ ടര്‍ക്കിക്കടിയില്‍ അമ്മിഞ്ഞയുണ്ണുന്ന കുഞ്ഞിനും അമ്മയ്ക്കും അല്‍പം പ്രൈവസിക്ക് ഒരു ഫീഡിങ് റൂം ഒരുക്കാമോ?
മക്കളുടെ എണ്ണം മൂന്നില്‍ കൂടുതലുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സഭയുടെ സ്ഥാപനങ്ങളില്‍ സൗജന്യമാക്കാമോ?
സഭയുടെ ഏത് വിദ്യാഭ്യാസസ്ഥാപനത്തിലും കത്തോലിക്കനാണ് എന്ന ഒറ്റക്കാരണത്താല്‍ തലവരി കൂടാതെ വിദ്യാഭ്യാസം നേടാനാകുമോ, പഠിച്ചിറങ്ങി തേരാപാരാ നടക്കുമ്പോള്‍ പത്തുലക്ഷം തരാതെ ജോലി തരാമോ? (എല്ലായിടത്തുമില്ല ).
നാം മാറണം, നമ്മുടെ വിശ്വാസ പരിശീലകർ മാറണം
നമ്മൾ സ്നേഹരഹിതമായി മുഴങ്ങുന്ന ചേങ്ങിലയോ ചിലമ്പുന്ന കൈത്താളമോ ആകരുത്. നമ്മുടെ വിശ്വാസ പരിശീലനങ്ങളും പരിശീലകരും സ്നേഹത്തിലും ധർമ്മികതയിലും മൂല്യങ്ങളിലും അടിയുറച്ചവരാകണം.
ഓരോ കുഞ്ഞും അനുഗ്രഹമാണെന്ന സുവിശേഷം അവിടെ പ്രാഘോഷിക്കപ്പെടണം. കുഞ്ഞുങ്ങളില്ലാത്തവരെ കുഞ്ഞുങ്ങളുള്ളവരും കുഞ്ഞുങ്ങൾ കൂടുതലുള്ളവരെ അല്ലാത്തവരും കളിയാക്കാനോ പുച്ഛിക്കാനോ തുനിയരുത്.
തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങളും അത് ഏറ്റെടുക്കുന്ന സഭാമക്കളും

ഒരു സംഭവം ഓർമ്മിപ്പിക്കുന്നു.2015 ജനുവരിയിൽ പോപ്പ് ഫ്രാൻസിസ് ഫിലിപ്പൈൻസ് സന്ദർശിച്ചിരുന്നു. അവിടെ തെരുവിൽ അശ്രദ്ധമായി കളിച്ചുനടക്കുന്ന കുട്ടികളെക്കണ്ട് അന്വേഷിച്ചപ്പോൾ കുട്ടികളെ ശ്രദ്ധിക്കാത്ത അവരുടെ മാതാപിതാക്കളെക്കുറിച്ച് അറിയുവാൻ ഇടയായി. ഫിലിപ്പൈൻസിൽ നിന്ന് റോമിലേക്കുള്ള യാത്രമദ്ധ്യേ ഈ കാരണത്താൽ പോപ്പ് നടത്തിയ പ്രസ്താവനയാണ് മുയലുകളെപ്പോലെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കരുതെന്നുള്ളത്. എന്നാൽ ഇത് ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയും വലിയ കുടുംബങ്ങൾക്കെതിരായി തിരിക്കുകയും ചെയ്തു. ഇപ്പോഴും സഭക്കകത്തുപോലും അനേകർ ഉത്തരവാദിത്വമുള്ള മാതൃ പിതൃത്വം ഏറ്റെടുത്തിട്ടുള്ള വലിയ കുടുംബങ്ങളെ ആക്രമിക്കാനായി ഇതുപയോഗിക്കുന്നു.
ഇത്തരം പ്രചാരണ തിന്മകൾക്കെതിരായ പോരാട്ടം സഭക്കുള്ളിലും പുറത്തും രൂപപ്പെടണം.

പ്രോലൈഫ് സംസ്കാരം
സഭക്കകത്തും പുറത്തും രൂപപ്പെടേണ്ടതാണ് പ്രോലൈഫ് സംസ്കാരം. ജീവന് അനുകൂലമായ മനോഭാവങ്ങൾ എവിടെയും രൂപപ്പെടണം. ഓരോ കുഞ്ഞിന്റെയും ജനനം വെളിച്ചമായി പ്രാഘോഷിക്കപ്പെടുമ്പോൾത്തന്നെ വലിയ കുടുംബങ്ങൾ അനുഗ്രഹമാണെന്നും പ്രാഘോഷിക്കപ്പെടണം.
സഭയുടെ-നമ്മുടെ കടമ

ആരുടെയും സാമ്പത്തിക സഹായത്തിനുവേണ്ടിയോ കരുതലിനു വേണ്ടിയോ അല്ല ദമ്പതികൾ കൂടുതൽ മക്കൾക്ക് ജന്മം നൽകുന്നത്. അവർക്ക് ഈശോയിലുള്ള വിശ്വാസം മൂലവും വലിയകുടുംബങ്ങളിലെ നന്മയും കൃപയും സന്തോഷവും ധാർമികതയും ഹൃദയത്തിൽ ഏറ്റെടുത്തിട്ടും ആണ്.

എന്നാൽ അവരെ കരുതേണ്ടത് സഭയുടെ- നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് എന്നുള്ള ഒരു സന്ദേശം സഭയിൽ നിന്ന് അവർക്ക് ലഭിക്കണം. അതിനായി നേരത്തെ ഞാൻ മുന്നോട്ട് വെച്ചതുപോലെ മൂന്നോ അതിലധികമോ കുഞ്ഞുങ്ങളുടെ സൗജന്യ വിദ്യാഭ്യാസത്തോടൊപ്പം മൂന്നാമത്തെ കുഞ്ഞുങ്ങൾ മുതൽ പ്രസവം നമ്മുടെ ആശുപത്രികളിൽ സൗജന്യമാകണം.അവർക്ക് സാമ്പത്തികമായും സാമൂഹ്യമായും പിടിച്ചുനിൽക്കാൻ പദ്ധതികൾ ആവിഷ്കരിക്കണം. ഇപ്പോൾ പല രൂപതയിലും പിതാക്കന്മാർ നേരിട്ട് ചെന്ന് നാലാമത്തെ കുട്ടി മുതൽ മാമോദീസ നൽകുന്നത് മനോഹരമായ അനുഭവമാണ്. ഇതുപോലെയുള്ള പ്രോത്സാഹന പദ്ധതികൾ ഉണ്ടാകണം.


വലിയ കുടുംബങ്ങളെ ആദരിക്കുവാനായി കെ സി ബി സി പ്രോലൈഫ് സമിതിയും ചാവറ ഫാമിലി വെൽഫയർ സെന്ററും സംയുക്തമായി സംസ്ഥാനമെമ്പാടും സംഘടിപ്പിച്ച ജീവസമൃദ്ധി പദ്ധതി വലിയ കുടുംബങ്ങൾക്ക് സമ്മാനിച്ച പ്രോത്സാഹനവും ധൈര്യവും വളരെ വലുതായിരുന്നു.

സഭയിൽ ഫാമിലി കമ്മീഷന്റെ ഭാഗമാണ് പ്രോലൈഫ് പ്രസ്ഥാനം. അതുകൊണ്ട് തന്നെ ഫാമിലി കമ്മീഷൻ രൂപതകളിലെയും സംസ്ഥാന തലത്തിലെയും കുടുംബ പ്രേഷിതനയത്തിൽ വലിയ കുടുംബങ്ങളെ ചേർത്ത് പിടിക്കാൻ തയ്യാറാകണം.
ഫാമിലി അപ്പോസ്റ്റലെറ്റിൽ റെസ്പോൺസബിൾ പേരെന്റ്ഹുഡ്, നാച്ചുറൽ ഫാമിലി പ്ലാനിങ്, സെക്സ് എഡ്യൂക്കേഷൻ തുടങ്ങിയ വിഷയങ്ങൾ വലിയ കുടുംബങ്ങളിലെ കുടുംബനാഥന്മാരും കുടുംബനാഥമാരും ആണ് കൈകാര്യം ചെയ്യുന്നതെങ്കിൽ സഭയുടെ പഠനങ്ങളോടൊപ്പം തന്റേതായ അവസ്ഥകളും കൂട്ടിക്കുഴച്ചു പഠനങ്ങളിൽ വെള്ളം ചേർക്കുന്നത് ഒഴിവാക്കാൻ സാധിക്കും.അതോടൊപ്പം പ്രോലൈഫ് പഠനങ്ങൾ പാഠഭാഗമാകണം. എന്തിനധികം കുടുംബ ചിത്രങ്ങളിൽ ഒന്നോ രണ്ടോ കുട്ടികളെ മാത്രം ഉൾപ്പെടുത്തുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതാണ്.കൊല്ലം രൂപതയിലെ മുൻ ബിഷപ്പ്ഡോ. സ്റ്റാൻലി റോമൻ പിതാവ് പറഞ്ഞ വരികൾ കൂട്ടിച്ചേർക്കുന്നു. കുടുംബ പ്രേഷിത കേന്ദ്രങ്ങളിലെ അധ്യാപകർ ഒത്തിരി ഡിഗ്രി ഉള്ളവരായിരിക്കണം എന്ന് നിർബന്ധമില്ല പക്ഷെ സഭാവിശ്വാസം ജീവിതത്തിൽ പകർത്തുന്നവരായിരിക്കണം.കുഞ്ഞുങ്ങളുടെ ജനനം അനുഗ്രഹമായി കാണുന്ന കാത്തോലിക്കർ അധ്യാപകരായി വരാൻ ഡയറക്ടർമാർ ശ്രമിക്കുന്നുണ്ടെന്ന് നമുക്കറിയാം.
കുഞ്ഞ് അനുഗ്രഹമാണ്

ഓരോ കുഞ്ഞും അനുഗ്രഹമാണ്. ഒരു കുട്ടിക്ക് കൂടി ജന്മം നൽകുവാനുള്ള പ്രചോദനം ദമ്പതികൾക്ക് സഭയുടെ ഭാഗത്തു നിന്നുണ്ടാവണം. ഇങ്ങനെ രൂപപ്പെടുന്ന വലിയ കുടുംബങ്ങളെ കൈവിട്ട് കളയാതെ ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം.
നമ്മൾ ചെയ്യേണ്ടത്
വൈകിയുള്ള വിവാഹം പ്രോത്സാഹിപ്പിക്കാതിരിക്കുക,
ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിച്ചു വിവാഹം വേണ്ടെന്നുവെക്കുന്നവരെ വിവാഹത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക,
ദമ്പതികളിൽ മക്കളാണ് സന്തോഷമെന്ന അവബോധമുണ്ടാക്കുക,
വലിയ കുടുംബങ്ങളുടെ മഹത്വം പുച്ഛിക്കുന്നവരുടെയും കളിയാക്കുന്നവരുടെയും മധ്യേ കൊണ്ടെത്തിക്കുക,
നേരത്തെ പറഞ്ഞതുപോലെ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ അവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുക,
വലിയ കുടുംബങ്ങളിലെ കുട്ടികൾക്ക് തൊഴിലിൽ മുൻഗണന നൽകുക,
ക്രൈസ്തവ ആശുപത്രികളിൽ ഭ്രൂണ ഹത്യയും വന്ധ്യംകരണവും നടത്തില്ലെന്നും കൃത്രിമ കുടുംബാസൂത്രണമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും തീരുമാനമെടുക്കുക.
ഭ്രൂണഹത്യക്കെതിരെ ബോധവൽക്കരണം ശക്തമാക്കുക.
ഭ്രൂണഹത്യാ നിയമമായ എം ടി പി ആക്ടിനെതിരെയും മറ്റ് അധാർമിക നിയമങ്ങൾക്കെതിരെയും ബോധവൽക്കരണങ്ങൾ ശക്തമാക്കുക.
വിശ്വാസ പരിശീലനങ്ങൾ ജീവന്റെ മഹത്വത്തിൽ ഊന്നിയുള്ളതാക്കുക.
ഇങ്ങനെ മുകളിൽപ്പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ച തീരുമാനങ്ങളും
അവയുടെ നടപ്പിൽവരുത്തലും കൃത്യമായി ചെയ്യാൻ സഭ തയ്യാറാകണം.
സഭയുടെ ഭാഗമെന്ന നിലയിൽ നമുക്കൊരോരുത്തർക്കും ഇവരുടെ യാത്രയിൽ പങ്കാളികളായി മാറാനും കഴിയണം.
കെ സി ബി സി പ്രോലൈഫ് സമിതി

പ്രോലൈഫ് പ്രവർത്തനങ്ങളിലെ പഴയ കാല പേരുകളിലൊന്നായിരുന്നു കൊല്ലം രൂപതയിലെ വികാരി ജനറൽ ആയിരുന്ന മോൺസിഞ്ഞോർ ഡോ. പോൾ ആന്റണി മുല്ലശ്ശേരി. അദ്ദേഹം ഇന്ന് കൊല്ലം രൂപതാ അധ്യക്ഷനും ഫാമിലി കമ്മീഷൻ ചെയർമാനുമാണ്.

മുല്ലശ്ശേരി പിതാവിന്റെ വാക്കുകൾ എടുത്താൽ പ്രൊ ലൈഫ് പ്രൊ ക്രൈസ്റ്റ് ആണ്. ക്രിസ്തുവിന് വേണ്ടി, ക്രിസ്തീയ ആദർശങ്ങളിൽ, കാഴ്ചപ്പാടിൽ, വിശ്വാസത്തിൽ, ധാർമികതയിൽ ജീവിക്കുന്നവരാവണം പ്രോലൈഫെർസ്. ജീവന്റെ സമഗ്ര പോഷണമാവണം പ്രോലൈഫിന്റെ ലക്ഷ്യം. ജീവനെതിരെയുള്ള ഏതെങ്കിലും ഒരു തിന്മക്കെതിരെമാത്രം പോരാടേണ്ടവരല്ല പ്രോലൈഫെർസ്. ജീവൻ നൽകുവാൻ വന്ന യേശുവിനോട് ചേർന്ന് എല്ലാ തലത്തിലും ജീവൻ നൽകുന്നവരും സംരക്ഷിക്കുന്നവരും അതിനായി പ്രാർത്ഥിക്കുന്നവരും പോരാടുന്നവരും ആകണം പ്രോലൈഫെർസ്.

ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ സിമേതി, ആനിമേറ്റർമാരായ ജോർജ് എഫ് സേവ്യർ വലിയവീട്, സാബു ജോസ്, സിസ്റ്റർ മേരി ജോർജ് എഫ് സി സി,പ്രസിഡന്റ് ജോൺസൻ സി എബ്രഹാം , സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം ഉൾപ്പെടെ വിവിധ രൂപതകളിൽ നിന്നുള്ള ഭാരവാഹികൾ നേതൃത്വം നൽകുന്ന കെ സി ബി സി പ്രോലൈഫ് സമിതിയാണ് സഭയുടെ ഔദ്യോഗിക പ്രോലൈഫെർസ്.
സംസ്ഥാന സമിതിയുടെ കീഴിൽ ഫാമിലി അപ്പോസ്റ്റലെറ്റുകളുടെ ഭാഗമായി രൂപത പ്രോലൈഫ് സമിതികൾ ജീവന്റെ സമഗ്ര പോഷണത്തിനായും വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായും പ്രവർത്തിക്കുന്നുണ്ട്.


പ്രിയ പ്രോലൈഫെഴ്‌സ്, പ്രോലൈഫ് സംസ്കാരത്തിൽ, പരിശുദ്ധാത്മ നിറവിൽ, ക്രിസ്തീയ ധാർമികതയിൽ കൈകോർത്ത് പുതിയ യുഗത്തിൽ ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും പ്രാർത്ഥന കൊണ്ടും നമുക്ക് ജീവന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാം.പ്രോലൈഫ് സംസ്കാരം പിറവിയിൽത്തന്നെ ഓരോ മനുഷ്യരിലും രൂപമെടുക്കട്ടെ.
( പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ശ്രീ സാബു ജോസിന്റെ അധ്യക്ഷതയിൽ നടന്ന കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധം.ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സമ്മേളനം ഉത്ഘാടനം ചെയ്തു.)

ജോർജ് എഫ് സേവ്യർ വലിയവീട്
ആനിമേറ്റർ
കെ സി ബി സി പ്രോലൈഫ് സമിതി

