കൊച്ചി: രാജ്യത്തു കോവിഡ് മഹാമാരി കഴിഞ്ഞ 11 മാസത്തിനിടെ കവര്‍ന്നെടുത്തത് 251 വൈദികരെയും 238 സന്യാസിനികളെയും. ആശുപത്രികളിലും പുറത്തും കോവിഡ് പ്രതിരോധ, ബോധവത്കരണ രംഗത്തു പ്രവര്‍ത്തിച്ചവരും ജീവഹാനി സംഭവിച്ചവരുടെ പട്ടികയിലുണ്ട്.

മരിച്ച വൈദികരിലും സന്യസ്തരിലും 80 മലയാളികള്‍. ഇന്നലെ മാത്രം രാജ്യത്തു മരിച്ചത് ആറു വൈദികരാണ്.

കോവിഡില്‍ മരിച്ച വൈദികരില്‍ 23 പേരും 40 വയസില്‍ താഴെയുള്ളവരാണെന്നതു ഞെട്ടിക്കുന്നതാണ്. ഇതില്‍ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികരുണ്ട്. 40 നും 50നും ഇടയില്‍ പ്രായമുള്ള 27 പേര്‍ മരിച്ചു. 50-59 പ്രായത്തിലുള്ളവരാണ് മരിച്ച വൈദികരില്‍ ഏറെയും. 49 പേരാണ് ഈ പ്രായവിഭാഗത്തിലുള്ളത്. 60നും 69നും ഇടയില്‍ പ്രായമുള്ള 47 വൈദികര്‍ക്കു ജീവന്‍ നഷ്ടമായി.

2020 മേയ് 30നു മരിച്ച മദ്രാസ് -മൈലാപ്പൂര്‍ അതിരൂപതയിലെ ഫാ.പാസ്‌കല്‍ പീട്രസാണു (70) കോവിഡില്‍ രാജ്യത്തു മരിച്ച ആദ്യത്തെ വൈദികന്‍. എംസി സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ നിക്കോള്‍ (60) ആണു കോവിഡ് ബാധിച്ചു മരിച്ച ആദ്യത്തെ സന്യാസിനി.മരിച്ച വൈദികരില്‍ 51.8 ശതമാനം വൈദികരും വിവിധ സന്യാസ സമൂഹങ്ങളിലുള്ളവരാണെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ ഇന്ത്യന്‍ കറന്റ്‌സ് എഡിറ്റര്‍ ഫാ. സുരേഷ് മാത്യു വിലയിരുത്തുന്നു.

മരിച്ച രൂപത വൈദികര്‍ 48.2 ശതമാനം.കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലാണ് മരണങ്ങളേറെയും ഉണ്ടായത്. 115 വൈദികരും 129 സന്യാസിനികളും മേയില്‍ മാത്രം വിടപറഞ്ഞു.88 വൈദികരും 80 സന്യാസിനികളുമാണ് ഏപ്രിലില്‍ മരിച്ചത്.അതേസമയം മരിച്ച സന്യാസിമാരില്‍ 40 വയസില്‍ താഴെയുള്ളവര്‍ താരതമ്യേന കുറവാണ്. ഏഴു പേരാണു 30നും 40 നും ഇടയില്‍ മരിച്ച സന്യാസിനിമാര്‍. 40-49 പ്രായത്തിലുള്ള 21 ഉം 50-59 പ്രായത്തിലുള്ള 41 ഉം സന്യാസിനിമാര്‍ മരിച്ചിട്ടുണ്ട്. 70-79 പ്രായത്തിലുള്ള 57 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 42 ജസ്യൂട്ട് വൈദികര്‍ കോവിഡ് ബാധിച്ചു മരിച്ചു. സിഎംഐ, എസ് വിഡി സന്യാസ സമൂഹങ്ങളിലെ 12 വീതം വൈദികര്‍ക്കു കോവിഡില്‍ ജീവന്‍ നഷ്ടമായി. കേരളത്തില്‍ തൃശൂര്‍ രൂപതയിലെ 12 വൈദികരാണു കോവിഡ് ബാധിച്ചു മരിച്ചത്. ഇതുള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 40 മലയാളി വൈദികരാണു കഴിഞ്ഞ 11 മാസത്തിനിടെ മരിച്ചത്. 40ഓളം മലയാളി സന്യാസിനിമാരും മരിച്ചു. തമിഴ്‌നാട്ടിലാണ് കോവിഡ് ബാധിച്ച് കൂടുതല്‍ വൈദികരും സന്യസ്തരും മരിച്ചത്.

വടക്കേ ഇന്ത്യയിലെ ആദിവാസി മേഖലകളിലും നിരവധി വൈദികര്‍ക്കു കോവിഡില്‍ ജീവന്‍ നഷ്ടമായി. ബിഷപ് ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ (91), ജാബുവ ബിഷപ്പായിരുന്ന ഡോ. ബേസില്‍ ബൂരിയ (65), പോണ്ടിച്ചേരി ആര്‍ച്ച്ബിഷപ്പായിരുന്ന ഡോ. അന്തോണി ആനന്ദരായര്‍ എന്നിവരും കോവിഡ് ബാധിച്ചു മരിച്ചവരുടെ പട്ടികയിലുണ്ട്. മരിച്ച സന്യാസിനിമാരില്‍ ഡോക്ടറും നഴ്‌സുമാരും ഉണ്ട്

.സിജോ പൈനാടത്ത്

നിങ്ങൾ വിട്ടുപോയത്