കോട്ടയം: കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി സമാപിച്ചു. കോതനല്ലൂർ തൂവാനീസ പ്രാർത്ഥനാലയത്തിൽ ജനുവരി 24 മുതൽ 26 വരെയാണ് അസംബ്ലി നടന്നത്.
റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയവുമായി ബന്ധിപ്പിച്ച് സിനടാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിത പ്രവർത്തനം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അസംബ്ലിയിൽ ചർച്ചകൾ നടന്നത്. സിനടാത്മക അതിരൂപത എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. മാത്യു കൊച്ചാദംപള്ളിയും കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്നതിനെക്കുറിച്ച് ഡോ. ജോർജ് കറുകപ്പറമ്പിലും ക്നാനായ സമുദായത്തിന്റെ സഭാത്മക പശ്ചാത്തലവും തുടരേണ്ട ദൗത്യത്തെയും കുറിച്ച് ഡോ. തോമസ് പുതിയകുന്നേലും കോട്ടയം അതിരൂപതയുടെ വിദേശ ഇടവകകൾ, മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് മോൺ. തോമസ് മുളവനാലും ക്ലാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് സമാപന സന്ദേശം നൽകി.
ദൈവദാസൻ മാർ മാക്കിൽ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ ബലിയിൽ അസംബ്ലിയിൽ സംബന്ധിച്ചവർ പങ്കെടുത്തു.
സഹായമെത്രന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഗീവർഗീസ് മാർ അപ്രം കോട്ടയം അതിരൂപത വികാർ ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചിക്കാഗോ സീറോ മലബാർ രൂപതയുടെ വികാര്‍ ജനറാൾ മോൺ. തോമസ് മുളവനാൽ എന്നിവർ സഹ കാർമികരായിരുന്നു.
അതിരൂപതയിലെ മെത്രാന്മാരും വൈദിക സമർപ്പിത അൽമായ പ്രതിനിധികളുമുൾപ്പടെ 136 പേരാണ് അസംബ്ലിയിൽ പങ്കെടുത്തത്.
ക്‌നാനായസമുദായത്തിന്റെ സമഗ്ര സംഭാവനകള്‍ നിസ്തുലം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കോട്ടയം: തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നൂറ്റാണ്ടുകളായി പാലിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ അവിഭാജ്യഘടകമായി നിലനില്‍ക്കുന്ന ക്‌നാനായ സമുദായത്തിന്റെ സമഗ്ര സംഭാവനകള്‍ നിസ്തുലവും മാതൃകാപരവുമാണെന്നും അതിരൂപതയുടെയും ക്‌നാനായസമുദായത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിലെ നിര്‍ണായക ചുവടുവയ്പാണ് അതിരൂപതാ അസംബ്ലിയെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോമലബാര്‍സഭയ്ക്കും പൊതുസമൂഹത്തിനും അനന്യസംഭാവനകള്‍ നല്കിയ ക്‌നാനായസമുദായാംഗങ്ങളായ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികശ്രേഷ്ഠരെയും അല്മായപ്രമുഖരെയും അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും സഭാത്മക വളര്‍ച്ചയില്‍ സഭയുടെ പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പൂര്‍വ്വികരുടെ പാതയില്‍ നിന്നും വ്യതിചലിക്കാതെ വിശ്വാസവും പാരമ്പര്യവും സഭയോടൊത്തു യാത്രചെയ്ത് തുടര്‍ന്നും സംരക്ഷിക്കുവാന്‍ ക്‌നാനായ സമുദായത്തിനു കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംബ്ലിയില്‍ പങ്കെടുക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും അസംബ്ലിക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു. കോട്ടയം അതിരൂപതയുടെ അധികാരപരിധി ഭാരതം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് സീറോമലബാര്‍ സിനഡ് പരിശുദ്ധ സിംഹാസനത്തിന് ശുപാര്‍ശ നല്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമുദായത്തെയും രൂപതയെയും കാലാകാലങ്ങളില്‍ നയിച്ച പൂര്‍വ്വികരുടെ പാതയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറുവാന്‍ അതിരൂപതാ അസംബ്ലി വഴിയൊരുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രാതിനിധ്യ സ്വഭാവത്തോടെ അസംബ്ലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വം ദൈവഹിതാനുസരം നിറവേറ്റുവാന്‍ കഴിയെട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുന്‍അസംബ്ലി നിര്‍ദ്ദേശങ്ങളെക്കുറിച്ചും നാലാമത് അസംബ്ലിയുടെ നടത്തിപ്പിനെക്കുറിച്ചും വിശദീകരിച്ചു. സിനഡാത്മക അതിരൂപത എന്ന വിഷയത്തില്‍ ഫാ. മാത്യു കൊച്ചാദംപള്ളില്‍ വിഷയാവതരണം നടത്തി. ബാബു പറമ്പടത്തുമലയില്‍ മോഡറേറ്ററായിരുന്നു. ഫാ. എബ്രാഹം പറമ്പേട്ട്, ഡോ. റിയ സൂസന്‍, സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ പങ്കുവച്ചു.