ന്യൂഡല്‍ഹി:: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒ്റ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും.
പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍.
എണ്പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടിനല്‍കും.
വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങള്‍ മ്രോത പാടുള്ളൂ. നാമനിര്‍ദേശ പത്രിക നല്കാന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രം അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്കാന് അവസരമുണ്ടാവും.
അസമില്‍ മെയ് 31ന് ആണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്നാട്ടില്‍ മെയ് 24നും പശ്ചിമ ബംഗാളില്‍ മെയ് 30നും കേരളത്തില്‍ ജൂണ്‍ ഒന്നിനും നിയമസഭാ കാലാവധി അവസാനിക്കും. പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. അഞ്ചു സസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
ആരോഗ്യരംഗത്തെ പ്രതിസന്ധി തുടരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പു നടത്തുകയെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെല്ലായിടത്തും ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിട്ട സമയത്ത് വിജയകരമായി ബിഹാര്‍ തെരഞ്ഞെടുപ്പു നടത്താന്‍ നമുക്കായി. ഈ അനുഭവം മാതൃകയായി മുന്നോട്ടുപോവുമെന്ന് സുനില്‍ അറോറ പറഞ്ഞു.