കൊച്ചി: വിരമിച്ച വൈദികരുടെ ക്ഷേമവും വൈദിക വിദ്യാർഥി പഠനത്തിന്റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തിൽ നിന്ന് സംഭാവന ചോദിക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത നിർബന്ധിതമാകുന്ന തരത്തിൽ അവരുടെ എഫ്സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി ഇനിയും പിൻവലിക്കാത്തതിൽ ശക്തമായ പ്രതിഷേധം എന്ന് കേരള ലാറ്റിൻ അസോസിയേഷൻ.
FCRA നിയമത്തിൽ വരുത്തിയ ഭേദഗതികളെ തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചുള്ള ഒരു അക്കൗണ്ടിലൂടെ മാത്രമേ പണം സ്വീകരിക്കാനാകൂ. വിശ്വാസ ജീവിതവും അനുഷ്ഠാനവും പ്രചാരണവും മൗലീകാവകാശമായ നാട്ടിൽ ഇത്തരം ഒരു നിയന്ത്രണം കൊണ്ടുവന്നപ്പോൾ മിഷൻ പ്രവർത്തനങ്ങളെ ഉൾപ്പെടെ അത് പ്രതികൂലമായി ബാധിക്കും അന്ന് അത് ചില കോണുകളിൽ ചർച്ചയായിരുന്നു എങ്കിലും എതിർപ്പുകൾ വിജയിച്ചില്ല. FCRA നിയമത്തിലെ 12(4) ഏതെല്ലാം ഘട്ടങ്ങളിൽ ഇത്തരം അക്കൗണ്ടുകളിൽകളിൽ നിയന്ത്രണങ്ങൾ ഉണ്ടാകാം എന്ന് പറയുന്നുണ്ട്. അക്കൗണ്ട് അംഗങ്ങളായ വ്യക്തികളുടെ പേരിലോ സ്ഥാപനത്തിന്റെ പേരിലോ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടെങ്കിൽ പോലും തടസ്സങ്ങൾ ഉണ്ടാകാം. വിഴിഞ്ഞം സമരത്തെ തുടർന്ന് നൂറുകണക്കിന് കേസുകൾ എടുത്തപ്പോൾ ആർച്ച്ബിഷപ്പിനെ ഉൾപ്പെടെ പ്രതിയാക്കി എടുത്ത കേസുകൾ ഇതിന് കാരണമായി. എന്നാൽ ആ കേസുകൾ കള്ളക്കേസുകൾ ആയിരുന്നു എന്ന് പിന്നീട് ബോധ്യമായതിൻറെ അടിസ്ഥാനത്തിലാണ് ഏതാനും ചില കേസുകൾ പിൻവലിക്കാൻ ധാരണയായത്.
വിഴിഞ്ഞം ആശയപരമായ ഒരു സമരമായിരുന്നു. ഒരു വിഭാഗത്തിൻറെ ആശങ്കകൾ പരിഹരിക്കാത്തതിനെതിരെയുള്ള പ്രതികരണം. സിമൻറ് ഗോഡൗണുകളിൽ വാസയോഗ്യമല്ലാത്ത സാഹചര്യങ്ങളിൽ താമസിച്ചിരുന്ന മനുഷ്യരുടെ പ്രതിഷേധങ്ങൾ ആയിരുന്നു. അതിരൂപത നേതൃത്വം അതിനു പിന്തുണ നൽകി എന്നതിന്റെ പേരിൽ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസുകൾ നീതീകരിക്കാവുന്നതല്ല. മൂലമ്പിള്ളിയിൽ നിന്ന് ആരംഭിച്ച വിഴിഞ്ഞം ഐക്യദാർഢ്യറാലിക്ക് നേതൃത്വം നൽകിയവർക്കെതിരെ പോലും കേസെടുത്തു എന്നത് പരിഹാസ്യമാണ്. സമരത്തിൽ പങ്കെടുത്തവരുടെയും സഹായിച്ചവരുടെയും ദൂരെ നിന്ന് പങ്കുകൊണ്ടവരുടെയും ഒക്കെ പേരിലുളള കേസുകൾ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായിരുന്നു.
FCRA അക്കൗണ്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാക്കി വിരമിച്ച വൈദികരും വൈദിക വിദ്യാർത്ഥികളും അനുഭവിക്കേണ്ട ക്ഷേമത്തിന് തടസ്സം നേരിടുന്നു എന്നത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് പറഞ്ഞു.
തെറ്റ് തിരുത്താൻ അധികാരകേന്ദ്രങ്ങൾ തയ്യാറാകണമെന്നും വിഴിഞ്ഞം സമരത്തിൻറെ പേരിൽ ഉണ്ടായ കേസുകളെ തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ പിൻവലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധിക്കാനും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇത്തരം മാർഗങ്ങളിലൂടെ മൂക്കുകയറിടാൻ ശ്രമിക്കുന്നത് ജനാധിപത്യം മൂല്യങ്ങൾക്ക് എതിരാണ് എന്നും കെ എൽ സി എ ജനറൽ സെക്രട്ടറി ബിജു ജോസി നൽകിയ പ്രസ്താവനയിലൂടെ അറിയിച്ചു.