കോട്ടപ്പുറം : കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ -2020 കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി സർക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിവാഹം ഒരു കൂദാശയാണ്. കൗദാശിക വിവാഹത്തിന്റെ സാധുതക്ക് സഭയുടെ കാനോൻ നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ ഉണ്ട്. ഇതിനെല്ലാം കടകവിരുദ്ധമായ വ്യവസ്ഥകൾ ആണ് പുതിയ ബില്ലിൽ ചേർത്തിരിക്കുന്നത്. ദേവാലയത്തിന്റെ പരിശുദ്ധിയിൽ ദൈവിക സാന്നിധ്യത്തിൽ വിശുദ്ധ കുർബാന മധ്യേ നടക്കുന്ന പരിപാവനമായ ഉടമ്പടിയാണ് കത്തോലിക്കാ സഭയിലെ വിവാഹം. ഇത് ദമ്പതികൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ആവശ്യപ്പെടുന്ന ചടങ്ങുകളോടെ നടത്തി കൊടുക്കേണ്ട വിവാഹ ഓഫീസർമാർ മാത്രമായി വൈദീകരെ തരം താഴ്ത്തിയിരിക്കുന്നു.ഇങ്ങനെ കത്തോലിക്കാ സഭയിലെ വിവാഹത്തിന്റെ മതപരമായ എല്ലാ വ്യവസ്ഥകളും ലഘൂകരിച്ച് വിവാഹം എന്നത് കേവലം ഒരു കരാർ മാത്രമായി അധ: പതിപ്പിക്കാ നാണ് ഈ ബില്ലിൽ പരിശ്രമിക്കുന്നത്.
കത്തോലിക്കാ വിവാഹം അഭേദ്യമായ ഉടമ്പടിയാണ്. കേവലം ഒരു കരാർ അല്ല. കത്തോലിക്കാ വിവാഹത്തിന്റെയും കുടുംബ മൂല്യങ്ങളെയും തള്ളിപ്പറയുന്ന സർക്കാരിന്റെ ഇത്തരം ഹീന ശ്രമങ്ങളിൽ കോട്ടപ്പുറം രൂപത ശക്തമായി പ്രതിഷേധിക്കുന്നതായും ഈ ബിൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി ആവശ്യപ്പെട്ടു.
ഫാ.റോക്കി റോബി കളത്തിൽ
പി.ആർ. ഒ., കോട്ടപ്പുറം രൂപത
Mob: 9746616453