Keep oneself unstained from the world.“
(James 1:27)
സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ലോകം, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. ലോകത്തിന്റെ മോഹത്തെക്കുറിച്ചും പാപത്തെക്കുറിച്ചും എത്രയൊക്കെ ബോധ്യങ്ങൾ ലഭിച്ചാലും അവയെ ഉപേക്ഷിക്കാൻ നമ്മൾ പലപ്പോഴും മടികാട്ടാറുണ്ട്. പാപത്തിലൂടെ ലഭിക്കുന്ന ലൗകീകസുഖങ്ങൾ ഉപേക്ഷിക്കുവാനുള്ള വിമുഖതയാണ് ഒട്ടേറെപ്പേരെ പാപത്തിൽ ഉറച്ചു നിറുത്തുന്നത്. തങ്ങൾ ചെയ്യുന്നതൊന്നും അത്ര വലിയ പാപമല്ല എന്നുതുടങ്ങി കുറേക്കാലം കൂടി പാപം തരുന്ന സുഖങ്ങൾ അനുഭവിച്ചിട്ടു അതിൽ നിന്നു പിന്തിരിയാം എന്നും മനുഷ്യർ ചിന്തിക്കാറുണ്ട്
ലോകം തിൻമയാലും സാത്താനിക ശക്തിയാലും ഭരിക്കപ്പെടുന്നതാണ്. ദൈവമക്കൾ ആയ നാം ഒരോരുത്തരും ലോകത്തിന്റെ മോഹങ്ങൾ പിൻതുടരാതെ ദൈവരാജ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുക. ലോകത്തിന്റെ മോഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ വഴികൾ വിശാലമാണ്. പാപത്തിലും സുഖലോലുപതയിലും പൂണ്ടുകിടക്കുന്ന ലോകത്തിൽ, ലോകത്തിന്റെ കളങ്കമേൽക്കാതെ നമ്മളെ തന്നെ കാത്തു സൂക്ഷിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകത്തിന്റെ കളങ്കമേൽക്കാതെ നാം ജീവിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ളതെല്ലാം കൂടെ കൊണ്ടുപോകാൻ സാധിച്ചെന്നു വരില്ല. ലോകത്തിന്റെതായി ജീവിച്ചപ്പോൾ നമ്മൾ സ്വരുക്കൂട്ടിവച്ച നമുക്ക് പ്രിയപ്പെട്ട ഒട്ടേറെ ശീലങ്ങളും വ്യക്തികളും വസ്തുക്കളും ഉപേക്ഷിച്ചാൽ മാത്രമേ ലോകത്തിന്റെ കളങ്കമേൽക്കാതെ ജീവിക്കുവാൻ സാധിക്കുകയുള്ളു.
ലോകത്തിന്റെ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെയും, പരിശുദ്ധാൽമാവിലൂടെയും ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്. ലോകത്തിന്റെ കളങ്കമേൽക്കാതെ നാം ഒരോരുത്തർക്കും ജീവിക്കണം എങ്കിൽ ദൈവകൃപയാലും, വചനധ്യാനത്താലും, പരിശുദ്ധാൽമാവിന്റെ ശക്തിയാലും മാത്രമേ സാധിക്കുകയുള്ളു. നാം ഒരോരുത്തർക്കും ലോകത്തിന്റെ മോഹങ്ങൾക്ക് കളങ്കപ്പെടാതെ ജീവിക്കാൻ നമ്മളെ തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.