ബത്തേരി: വയനാട് ബത്തേരി സ്വദേശിയായ കർഷകന് പ്രസീത് നെല്‍പാടത്ത് ഒരുക്കിയ ക്രിസ്തു ചിത്രം ഏറെ ശ്രദ്ധ നേടുന്നു. മുന്നൂറോളം നെൽവിത്തുകളുടെ സംരക്ഷകനും നെൽകൃഷിയിൽ പുതുമകൾ പരീക്ഷിക്കുകയും ചെയ്യുന്ന ഈ കർഷകന് നെന്മേനി കഴമ്പിലെ രണ്ടേക്കർ പാടത്തിനുള്ളിലാണ് ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശുവിന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത നിറങ്ങള്‍ ചേര്‍ത്തു പാടത്തു വരച്ചതായി തോന്നുമെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.
വ്യത്യസ്ത നിറത്തിലുള്ള നെൽചെടികൾകൊണ്ട് വയലിൽ തീർക്കുന്ന റൈസ് പാഡി ആർട്ടിലാണ് അദ്ദേഹം ക്രിസ്തു ചിത്രം ഒരുക്കിയിരിക്കുന്നത്.
ഡാബർശാല, നസർബാത്ത്, രക്തശാലി, കൃഷ്ണകാമോദ്, വയലറ്റ് കല്യാണി എന്നീ ഇനങ്ങൾ വിളയിച്ച് 30 സെന്റ് സ്ഥലത്തു 30 മീറ്റർ വീതിയിലും 40 മീറ്റർ നീളത്തിലുമാണ് ക്രിസ്തുവിനെ ചിത്രീകരിച്ചത്. അഞ്ചപ്പം അയ്യായിരം പേര്‍ക്ക് ഊട്ടിയ വ്യക്തിയാണ് കര്‍ത്താവെന്നും ആ മഹത് വ്യക്തിയുടെ ചിത്രം ലോകത്ത് ചിത്രീകരിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ആരുടെ ചിത്രമാണ് ചിത്രീകരിക്കേണ്ടതെന്ന് അക്രൈസ്തവന് കൂടിയായ പ്രസീത് പറയുന്നു. ഈ പാടത്തു രണ്ടു പ്രാവശ്യം പുഴു തിന്നു വിളവ് നശിച്ചിട്ടിട്ടുണ്ടെന്നും കണ്ണീരോടെ ഇവിടെ നിന്ന് മടങ്ങിയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരു വര്‍ഷത്തിന് ഇപ്പുറം ഇവിടെ വലിയ അത്ഭുതമാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രസീത് കൂട്ടിച്ചേര്‍ത്തു.
ത്രിമാന ചിത്രം കാണാനും പകര്‍ത്താനും നിരവധി ആളുകളാണ് പ്രസീതിന്റെ പാടത്തേക്ക് കടന്നുവരുന്നത്. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ദൌത്യം, മൂന്നുമാസംകൊണ്ടാണ് പാടത്തു ക്രിസ്തു രൂപമായി പ്രാപിച്ചത്. നെല്ല് മൂപ്പെത്താനെടുക്കുന്ന രണ്ടുമാസം കൂടി ഈ ചിത്രം വയലിൽ ഉണ്ടാകും. മാടക്കരയിലെ ഇ ഡി റെജിയുടെയും അജേഷിന്റെയും സനലിന്റെയും സഹായത്തോടെ ചിത്രമൊരുക്കിയത്. നൂറോളം നെല്ലിനങ്ങൾ പ്രസീത് തന്റെ എട്ടേക്കറിൽ കൃഷി ചെയ്തിട്ടുണ്ട്.
ഭാര്യ വിശ്വപ്രിയ, മക്കളായ ആകർഷിമ, ആത്മിക എന്നിവരും പിന്തുണയുമുണ്ട്. പില്ക്കാലത്ത് പുഴു ശല്യത്തില്‍ നശിച്ചുപോയ പാടം ഇന്ന് ക്രിസ്തു ചിത്രത്താല്‍ വീണ്ടും വിളഞ്ഞുനില്‍ക്കുന്നതിന്റെ ഹൃദയം നിറഞ്ഞ ആഹ്ലാദത്തിലാണ് പ്രസീതും കുടുംബവും.
കടപ്പാട്
അഭിനന്ദനങ്ങൾ