വത്തിക്കാൻ സിറ്റി: ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്‌നേഹത്തിന്റെ പേരും മുഖവുമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. യേശുവിന്റെ ജനനം എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്ന ഒരു സാർവത്രീക സംഭവമാണെന്നും സർവരും അവരവരുടെ ഹൃദയത്തിന്റെ അഗാധതയിൽനിന്ന് ദൈവത്തെ അന്വേഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനമധ്യേ പ്രഭാഷണം നടത്തുകയായിരുന്നു പാപ്പ. പിന്നീട്, ‘നമുക്കിടയിൽ വസിക്കാൻ വന്ന ദൈവസ്‌നേഹത്തിന്റെ പേരും മുഖവുമാണ് യേശുക്രിസ്തു,’ എന്ന് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു അദ്ദേഹം.

ക്രിസ്മസിന് ഇനി ദിവസം മാത്രം ശേഷിക്കേ, ചരിത്രത്തിൽനിന്ന് ഒഴിവാക്കാൻ കഴിയാത്ത യേശുവിന്റെ ജനനത്തെ കുറിച്ച് ഓർമിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ സന്ദേശം ആരംഭിച്ചത്. ഒരു മാലാഖയാണ് യേശുവിന്റെ ജനനം പ്രഘോഷിച്ചത്, എളിയ ഇടയന്മാരോടാണ് മാലാഖ ഈ സദ്വാർത്ത അറിയിച്ചത്. ഒരു നക്ഷത്രം പൂജരാജാക്കന്മാർക്കു ബത്‌ലെഹെമിലെത്താനുള്ള വഴികാട്ടിയായി. മാലാഖ ദൈവത്തിന്റെ സന്ദേശവാഹകനാണ്. വെളിച്ചം സൃഷ്ടിച്ച ദൈവത്തെയും ഇരുളിന് ജയിക്കാൻ കഴിയാത്ത സത്യ പ്രകാശത്തെയും പ്രതിനിധീകരിക്കുന്നു നക്ഷത്രം.

ഇടയന്മാർ ഇസ്രായേലിലെ ദരിദ്രരുടെ പ്രതീകമാണ്. തങ്ങളുടെ കുറവുകളെക്കുറിച്ചുള്ള തിരിച്ചറിവോടെ ജീവിക്കുകയും അതിനാൽ തന്നെ മറ്റുള്ളവരെക്കാൾകൂടുതൽ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യന്നവർ. അവരാണ് ആദ്യം മനുഷ്യനായ ദൈവപുത്രനെ കാണുന്നത്. പൂജരാജാക്കന്മാർ ദൈവത്തെ തിരയുന്ന വിജാതീയരുടെ പ്രതീകമാണ്. ലോകത്തിന്റെ യുക്തിയനുസരിച്ച് അവർ മഹാന്മാരായിരുന്നിരിക്കാം. എന്നാൽ അന്വേഷിക്കാനും യാത്ര തിരിക്കാനും മറ്റുള്ളവരോടു ചോദിക്കാനുമുള്ള എളിമ സ്വീകരിച്ച് ചെറുതായതിനാലാണ് യേശുവിനെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞത്.

അതെ, ദൈവത്തിലേക്ക് എത്തിക്കുന്ന വഴി എളിമയുടേതാണ്. സത്യത്തിന്റെയും യഥാർത്ഥ സന്തോഷത്തിന്റെയും അറിവിന്റെയും അനുഭവം നമുക്ക് തുറന്നു തരാൻ എളിമയ്ക്ക് മാത്രമേ കഴിയൂ. എളിമയില്ലാതെ ദൈവത്തെയോ നമ്മെത്തന്നെയോ മനസിലാക്കാനാവില്ല. എല്ലാ മനുഷ്യരും ദൈവത്തെ അന്വേഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും ദൈവകൃപയാൽ ദൈവത്തെ കണ്ടെത്താൻ കഴിയുമെന്നും ഓർമിപ്പിച്ച പാപ്പ, ‘കർത്താവേ നിന്നെ അന്വേഷിക്കാൻ എന്നെ പഠിപ്പിക്കണമേ, ഞാൻ തിരയുമ്പോൾ നിന്നെ എനിക്ക് കാണിച്ചു തരണമേ,’ എന്നു തുടങ്ങുന്ന വിശുദ്ധ ആൻസലത്തിന്റെ പ്രാർത്ഥനയും പങ്കുവെച്ചു.

നാം അല്ല ദൈവത്തെ സ്‌നേഹിച്ചത്, അവിടുന്നാണ് നമ്മെ സ്‌നേഹിച്ചത്. ‘അവിടുന്ന് നമ്മെ ആദ്യം സ്‌നേഹിച്ചു,’ എന്ന വചനം എപ്പോഴും ഓർക്കണം. യോഗ്യതയില്ലാതെ സ്‌നേഹിക്കപ്പെട്ടവരാണ് നാം. നമ്മെക്കാൾ മുന്നേ നമ്മെ സ്‌നേഹിക്കാൻ ദൈവം മുന്നിട്ടിറങ്ങി എന്നതാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം. മാംസം ധരിച്ച് നമ്മുടെ ഇടയിൽ വന്ന് താമസിക്കാൻ വേണ്ടുവോളം ആ സ്‌നേഹം അത്രമേൽ അഗാധമായിരുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

നിങ്ങൾ വിട്ടുപോയത്