പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്ന ആകുലത ആത്മീയജീവിതത്തിൽ അനുഭവിക്കുന്നവർക്കുള്ള ഉത്തരമാണ് വചനഭാഗത്തിലെ കാനാൻകാരിയായ സ്ത്രീ. തന്നെ സഹായിക്കാൻ ഈശോ കൂട്ടാക്കുന്നില്ല എന്നു തോന്നിയ അവസരങ്ങളിൽപോലും, ആ സ്ത്രീയിലെ വിശ്വാസവും എളിമയും പ്രത്യാശയും സഹനശക്തിയും, മനസ്സുമടുത്ത് യേശുവിൽനിന്നും അകന്നുപോകാതിരിക്കാൻ അവളെ സഹായിച്ചു. പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല, നാമെന്താഗ്രഹിച്ചാലും ഒരു പ്രയോജനവുമില്ല, എന്തുതന്നെയായാലും ദൈവം ആഗ്രഹിക്കുന്നതേ നടക്കുകയുള്ളൂ’, എന്ന തരത്തിലുള്ള ചിന്തകൾ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്ത അവസരങ്ങളിൽ നമ്മിൽ ഉയർന്നുവരാറുണ്ട്.
പ്രാർത്ഥനയുടെ ലക്ഷ്യം ദൈവത്തിന്റെ മനസ്സുമാറ്റുക എന്ന ലക്ഷ്യത്തെക്കാളുപരിയായി, ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന നിരവധിയായ നന്മകൾ സ്വീകരിക്കുന്നതിനായി ഹൃദയത്തെ ഒരുക്കുക എന്നതാണ്. “പാപങ്ങളെ കീഴടക്കാനും, ദൈവകൃപകളാൽ സദാ നിറയുന്നതിനും, ഹൃദയത്തെ ദൈവത്തിങ്കലേക്ക് തിരിക്കുന്നതിനും, ആത്മീയവും ഭൗതീകവുമായ അനുഗ്രഹങ്ങൾ ധാരാളം സ്വീകരിക്കുന്നതിനും, പ്രാർത്ഥന നമ്മെ സഹായിക്കുന്നു. നാം ഒരോരുത്തർക്കും ആവശ്യമുള്ളവ എന്തൊക്കെയെന്ന് ദൈവത്തിനു നന്നായറിയാം. തന്റെ മക്കൾക്ക് ആവശ്യമുള്ളവയെല്ലാം കാലേക്കൂട്ടി സമ്പാദിച്ചു വയ്ക്കുന്ന ഒരു പിതാവിനെ പോലെ ദൈവവും അവിടുത്തെ മക്കളായ നമുക്ക് ഈ ലോകത്തിൽ സന്തോഷത്തോടും സമാധാനത്തോടുംകൂടി ജീവിക്കാൻ ആവശ്യമായവയെല്ലാം സ്വരുക്കൂട്ടി വച്ചിട്ടുണ്ട്.
ദൈവം നമുക്ക് നല്കിയിരിക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോഴെല്ലാം ദൈവഹിതത്തിനെതിരാകാറുണ്ട്. അങ്ങിനെയുള്ള അവസരങ്ങളിൽ, ദൈവം നമുക്കായി കരുതിവച്ചിരിക്കുന്ന ചില അനുഗ്രഹങ്ങൾ നമുക്ക് ഗുണത്തെക്കാളേറെ ദോഷമായി മാറിയെന്നുവരാം. നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ് ദൈവം എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കുണ്ടാവണം. ചോദിക്കുന്നവ നാം ആഗ്രഹിക്കുന്ന സമയത്ത് നമുക്കിഷ്ടമുള്ള രീതിയിൽ ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളെ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ ദൃഡപ്പെടുത്തുന്ന അവസരങ്ങളാക്കി മാറ്റാൻ നമ്മൾ ശ്രമിക്കണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ