ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ

2014 ൽ ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിലേക്ക് റോമിലേക്ക് പോകുന്നതിന് മുമ്പ് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഫ്രാൻസിസ് കല്ലറയ്ക്കൽ പിതാവ് പറഞ്ഞത് ഞാൻ എന്റെ അതിരൂപതയിലെ മുൻ വികാരി ജനറാളിന്റെ നാമകരണ ശുശ്രൂഷയ്ക്ക് പോവുകയാണ് എന്നാണ്. കൂനമ്മാവിലെ സകല ജനങ്ങളും ചാവറയച്ചനെ കൊണ്ടാടുന്ന ജനുവരി 3 ലെ തിരുന്നാൾ ലത്തീൻ ഇടവക പള്ളിയിലാണ്. ഒരു പക്ഷെ സീറോ മലബാറുകാരും ലത്തീൻകാരും ഒരു പോലെ അവകാശം പറയുന്ന മറ്റൊരു വിശുദ്ധനുണ്ടാവില്ല. പക്ഷെ അതേ സമയം തന്നെ, ഇരുകൂട്ടർക്കും സമ്പൂർണ്ണമായി ആശ്ലേഷിക്കാൻ സാധിക്കാത്തക്ക വിധം ചാവറയച്ചന്റെ സാന്നിധ്യവും ചെയ്തുകളും ഒരു പ്രഹേളികയുമാണ്‌.

പൊതുസമൂഹത്തിലും ഇതു തന്നെ സ്ഥിതി. ചാവറയച്ചൻ മാന്നാനത്ത് സംസ്കൃത പാഠശാല തുടങ്ങി (1846), പത്തു വർഷം കഴിഞ്ഞാണ് (1856) ശ്രീനാരായണ ഗുരു ജനിച്ചതെങ്കിൽ കൂടിയും കേരള നവോത്ഥാനത്തിന്റെ അമരക്കാരനായി പോകട്ടെ, അമരക്കാരിൽ ഒരാളായി പോലും ചാവറയച്ചനെ ഹൃദയം തുറന്ന് അംഗീകരിക്കുവാൻ കേരളത്തിന് ഇന്നും സാധിച്ചിട്ടില്ല.

അത് തന്നെയാണ് ചാവറയച്ചന്റെ മഹത്വവും വ്യതിരക്തതയും!

Virtus stat in medio എന്നൊരു ചൊല്ലുണ്ട്, ലത്തീനിൽ(Virtue stands in the middle). എല്ലാത്തിന്റെയും നന്മകളെ കണ്ടെത്തിക്കൊണ്ട് ഒരറ്റത്തേക്കും പോകാതെ സമവായവും സമഗ്രതയും, സമർത്ഥമായും നിശബ്ദമായും സംവേദിപ്പിച്ച് മനുഷ്യകുലത്തെ സമാധാനത്തോടെ മുന്നോട്ട് നയിക്കുക എന്ന പുണ്യം. തീവ്ര നിലപാടുകൾ ഇല്ലാത്തത് കൊണ്ട് അത്തരക്കാരെ ആർക്കും അങ്ങ് സമ്പൂർണ്ണമായി അംഗീകരിക്കാനോ, എന്നാൽ അങ്ങ് തള്ളിക്കളയാനോ സാധിക്കുകയില്ല.

ഒരു താപസനു ചേർന്ന നിർമ്മമത. എന്നാൽ കാലാതിവർത്തിയായ നന്മ അത് കൊണ്ടു വരുന്നു, മുനിഞ്ഞ് കത്തുന്ന കുന്തിരിക്കം പോലെ.

മൗലീക വാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ കാലത്ത് അത് മനസ്സിലാക്കാനും, അംഗീകരിക്കാനും താൽപ്പര്യം തീരെ കുറയും, സഭയിലും സമൂഹത്തിലും. പക്ഷെ ഇന്നിന്റെ ഏറ്റവും വലിയ ആവശ്യവും അതു തന്നെ, ഈ ചാവറ തിരുന്നാളിന്റെ ഏറ്റവും വലിയ സന്ദേശവും.

Jaison Mulerikkal

A Carmelite of Mary Immaculate.

നിങ്ങൾ വിട്ടുപോയത്