പത്രോസിന്റെ വാൾ

പത്രോസ് പ്രധാന പുരോഹിതന്റെ ഭൃത്യനായ മൽക്കോസിന്റെ വലതു ചെവി മുറിക്കുന്നതായി യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്. കെദ്രോൺ അരുവിയുടെ അക്കരയിലുള്ള തോട്ടത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിന്ന യേശുവിനെ യൂദാസിന്റെ നേതൃത്വത്തിൽ പടയാളികൾ ബന്ധിക്കാൻ വരുന്ന സന്ദർഭത്തിലാണ് പത്രോസ് ആ ഭൃത്യനെ ആക്രമിക്കുന്നത് (യോഹ 18:1-11).

പ്രധാന പുരോഹിതന്റെ ഭൃത്യന്റെ വലതു ചെവി മുറിക്കുന്നതിലൂടെ പത്രോസ് യഹൂദ പൗരോഹിത്യത്തിനെതിരായി കൈയുയർത്തുകയാണ്. യഹൂദ പൗരോഹിത്യ അഭിഷേകത്തിൽ വലതു ചെവിക്ക് പ്രാധാന്യമുണ്ട്. മോശ മുട്ടനാടിന്റെ രക്തമെടുത്ത് അഹറോന്റെ വലതു ചെവിയുടെ അഗ്രത്തിൽ പുരട്ടുന്നതായി ലേവ്യർ 8:23 ലെ പൗരോഹിത്യ അഭിഷേക കർമ്മ വിവരണത്തിൽ പറയുന്നുണ്ട്. ആ ഭൃത്യന്റെ പേര് മൽക്കോസ് എന്നായിരുന്നു. യോഹന്നാൻ മാത്രമാണ് ആ ഭൃത്യന്റെ പേരിനെ കുറിച്ച് പറയുന്നത്. മൽക്കോസ് എന്ന വാക്കിന്റെ അർത്ഥം രാജാവ് എന്നാണ്.

അങ്ങനെ നോക്കുമ്പോൾ പത്രോസിന്റെ ഈ പ്രവർത്തി പ്രതീകാത്മകമാണ്. ഇവിടെ പത്രോസ് രാജ്യത്തിനും പൗരോഹിത്യത്തിനും എതിരെ തിരിയുന്ന വിപ്ലവകാരിയായി മാറുന്നു. ആയുധ രഹിതനായ ഗുരുവിനെ സംരക്ഷിക്കുവാൻ അവൻ വാൾ എടുക്കുന്നു. പക്ഷേ യേശു അവനെ തടയുന്നു. തനിക്കുവേണ്ടി വാൾ എടുക്കുവാനോ വിപ്ലവം നടത്താനോ യേശു ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെയാണ് സഭയാകുന്ന യേശുവിന്റെ മൗതിക ശരീരത്തിന്റെയും കാര്യവും. അതിനെ സംരക്ഷിക്കാൻ ആരും വാളെടുക്കണമെന്നില്ല. ഏതെങ്കിലും ഒരു രാജ്യത്തിനൊ ഒരു മതത്തിനൊ എതിരെ നിന്നുകൊണ്ട് യേശുവിനെ പ്രഘോക്ഷിക്കേണ്ട ആവശ്യകതയില്ല. ഒരു മതത്തിനോ രാജ്യത്തിനോ എതിരല്ല യേശു.

വാളെടുത്തവനോട് ഉറയിലിടുവാൻ പറയുന്നതിലൂടെ അക്രമമല്ല സുവിശേഷത്തിന്റെ പാത എന്ന് അവൻ വ്യക്തമാക്കുന്നു. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നതിലുപരി മാർഗ്ഗം ലക്ഷ്യത്തെ വിശുദ്ധീകരിക്കുമെന്ന പാഠമാണ് അവൻ നൽകിയത്. എതിരാളിയെ വെട്ടിവീഴ്ത്തി നമുക്ക് ആരെയും സംരക്ഷിക്കാനൊ സമത്വം നിലനിർത്താനൊ സാധിക്കുകയില്ല. യേശു ആയിരുന്നു ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന പൊള്ള വാദവും ഇവിടെ വിലപ്പോകില്ല. സ്വയം ശൂന്യനായാണ് അവൻ തൻ്റെ കൂടെയുള്ളവർക്ക് സംരക്ഷണവും സമത്വവും നൽകിയത്. അത് സാഹോദര്യത്തിലേക്കുള്ള വിളിയായിരുന്നു.

വിശുദ്ധ വാരമാണ്. ഗത്സമനിയിലെ ക്രിസ്തുവിനെ ഒന്ന് ധ്യാനിക്കുക നല്ലതായിരിക്കും. പ്രത്യേകിച്ച് സുവിശേഷത്തിൽ വർഗീയത ചാലിച്ച് പ്രഘോഷിക്കുന്നവർ.

///ഫാ .മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്