Face of the Faceless കണ്ടു.
ഹൃദയവും മനസ്സും ആത്മാവും നിറയ്ക്കുന്ന അമൂല്യ നിമിഷങ്ങൾ.
എന്റെ സന്യാസ ജീവിതത്തെ സ്വർഗ്ഗത്തോളം സുന്ദരമാക്കി അഭ്രപാളിയിൽ എത്തിച്ച ശ്രീ ഷെയ്സൺ പി ഔസേപ്പിനും ടീമിനും ഒരായിരം നന്ദി. പിന്നെ, പോസ്റ്റർ ഡിസൈനിങ് വഴി റാണി മരിയ സിസ്റ്ററിനെ ഞങ്ങളുടെ ഹൃദയ ഭിത്തിയിൽ ഒട്ടിച്ചു ചേർത്ത എന്റെ പ്രിയപ്പെട്ട സഹോദരൻ Josemon Vazhayil നും നന്ദിയും അഭിനന്ദനങ്ങളും.
അഭിമാനത്തോടെ സമർപ്പണം ജീവിക്കുന്ന കേരളത്തിലെ നാല്പത്തിനായിരത്തിൽ പരം സന്യസ്ഥരുടെ ഹൃദയത്തിൽ… നിങ്ങൾക്കായി ഒരു പ്രാർത്ഥന ഉയരാതിരിക്കില്ല, തീർച്ച.
ഒരു സ്ത്രീ, അവളുടെ വീട്, വീട്ടുകാർ, അവരുടെ സംരക്ഷണം, അവളുടെ ഭർത്താവ്, കുടുംബക്കാർ, കുട്ടികൾ, അവരുടെ ആവശ്യങ്ങൾ ( അവരുടെ മാത്രം) കൂടിപ്പോയാൽ ഒരു ജോലി, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അച്ചീവ്മെന്റ്സ്, ആ ചുറ്റുപാടുകൾ… ഇങ്ങനെ മാത്രം ഒതുങ്ങേണ്ട ഒരു ജീവിതത്തെ ദൈവം തൊട്ടപ്പോൾ അവളിൽ സംഭവിച്ച അത്ഭുതം രണ്ടര മണിക്കൂർ കൊണ്ട് ലോകത്തിനു മുൻപിൽ, ഇന്ന് മാർപ്പാപ്പയ്ക്ക് മുന്നിൽ വിവരിക്കുന്ന അത്ഭുതം… Face of the Faceless.
സിനിമ തീർന്നപ്പോൾ എനിക്ക് തോന്നി, Face of the Faceless എന്ന പേര് ഒരു താക്കോൽ ആണ്..
ഒരു സന്യാസിനിയുടെ അനന്ത സാധ്യതകളുടെ നിലവറ തുറക്കുന്ന അതിവിശിഷ്ടമായ താക്കോൽ.
കാരണം വി. ബൈബിളിൽ ഒരു വചനം ഉണ്ട്..
“ഒരിക്കലും പ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം.
നിന്റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക. നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം.”
(ഏശയ്യാ, അധ്യായം 54)
ഈ താക്കോൽ കൊണ്ട് തുറന്ന് ഈ സിനിമക്ക് ഉള്ളിലേക്ക് പ്രവേശിച്ചാൽ രണ്ടര മണിക്കൂർ കൊണ്ട് ധ്യാനപൂർവ്വം നടന്നു കാണുന്നത്, മേൽ പറഞ്ഞ വചനത്തിന്റെ ദൃശ്യാവിഷ്കാരം ആണെന്ന് തോന്നിപ്പോകും.
Yes… റാണി മരിയ എന്ന സന്യാസിനി മുഖം ഇല്ലാത്തവരുടെ മുഖം മാത്രമായിരുന്നില്ല..
ദൈവസ്നേഹത്തിന്റെ അഗ്നിയിൽ ജ്വലിച്ചപ്പോൾ അവൾ..
“Name of the Nameless ആയി
Address of the Addresless ആയി
Base of the Baseless ആയി
Voice of the Voiceless ആയി
Hope of the Hopeless ആയി
Smile of the Smileless ആയി
Food of the Foodless ആയി
Water of the Waterless ആയി
Life of the Lifeless ആയി
Health of the Healthless ആയി
Land of the Landless ആയി
Light of the Lightless ആയി..
ഇനിയും ഒരുപാട് വിശേഷണങ്ങൾ ഉണ്ട്…
ദൈവം തൊട്ട ഒരുവന് മനുഷ്യന്റെ വേദനകൾക്ക് നേരെ കണ്ണടയ്ക്കാൻ ആവില്ല.
അഭിഷേകം ഉള്ള ഒരു പുരോഹിതൻ ആകട്ടെ സന്യാസിനി ആകട്ടെ.. ഒരാൾ മതി ഒരു നാടിനെ നന്മയിലേക്ക് നയിക്കാൻ.
സത്യത്തിൽ കേരളത്തിലെ സന്യസ്ഥരുടെ ആത്മാഭിമാനത്തിന്, കാലങ്ങളായി സിനിമകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും വിശ്വ വിഖ്യാതമായ കക്കുകളി നാടകത്തിലൂടെയും ഒക്കെ ഏറ്റ വലിയ ക്ഷതത്തിനു മേൽ ദൈവം പുരട്ടിയ തൈലം ആണ് ഈ സിനിമ എന്നു കൂടി പറയാതെ നിവൃത്തിയില്ല.
സിനിമ എന്ന കലയെ, അത് സംവിധാനം ചെയ്യാനുള്ള ഒരാളുടെ മികവിനെ, അഭിനയിക്കാനുള്ള ശേഷിയെ ഒക്കെ മറ്റൊരാളുടെ അന്തസ്സിന് മുറിവ് ഏൽപ്പിക്കാതെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്ന് കേരളത്തിലെ സന്യാസ സംരക്ഷക സമിതിക്കാർ (സ്വയം പ്രഖ്യാപിത) തീർച്ചയായും കണ്ടു പഠിക്കണം.
അടിവസ്ത്രം വിഷയമാക്കുന്നതിനു പകരം തിരുവസ്ത്രം വിഷയമാക്കിയും സിനിമകൾ ഉണ്ടാക്കാം എന്ന് മനസിലാക്കണം. നിർബന്ധിത മഠത്തിൽ ചേർക്കൽ എന്ന പ്രഹസന കൺസെപ്റ്റ് കൾക്ക് പകരം ദൈവസ്നേഹത്താൽ നിർബന്ധിതമാകുന്ന ദൈവവിളികളെ കൂടി പരിചയപ്പെടാൻ ഞാൻ ഇത്തരക്കാരെ ക്ഷണിക്കുകയാണ്..
“അക്വെറിയ”ങ്ങളിൽ കിടന്ന് നട്ടം തിരിയുന്ന ചില തിന്നു കൊഴുത്ത മത്സ്യങ്ങളെ മാത്രം കണ്ടു ശീലിച്ച എല്ലാ സിനിമാ നാടക സംവിധായകരെയും ക്ഷണിക്കുന്നു..
വിസ്തൃതമായ സന്യാസ സമുദ്രത്തിന്റെ അടിത്തട്ടുകളിലേക്ക്.. നീണ്ടു പരന്നു വിശാലമായി ഒഴുകുന്ന സമർപ്പിത ജീവിതങ്ങൾ പകരുന്ന ജീവന്റെ ഉണർവ്വിലേക്ക്..
അതിനുള്ള താക്കോൽ ആണ് FACE OF THE FACELESS.
പിന്നെ ഇത് മറ്റൊരു കോണിൽ നിന്ന് നോക്കിയാൽ വലിയ സാമൂഹിക തിന്മകൾക്ക് എതിരെ ഉള്ള ഒരുകൂട്ടം മനുഷ്യരുടെ ചെറുത്തു നിൽപ്പിന്റെ കഥ കൂടി ആണ്.. അല്ല, അത് തന്നെയാണ് ഈ സിനിമ.
“കന്യാസ്ത്രീമാർക്കും അച്ചന്മാർക്കും അവരുടെ വീട്ടുകാർക്കും ഇഷ്ടപ്പെടുമായിരിക്കും.. സാധാരണക്കാർക്ക് വലിയ താല്പര്യം ഉണ്ടാവില്ല” എന്ന കമന്റ് പറയുന്നവരോടാണ്…
നിങ്ങൾ വിശപ്പിന്റെ വില അറിയുന്നവരാണോ.. ഈ സിനിമ നിങ്ങളുടേതാണ്!
നിങ്ങൾ ദാരിദ്ര്യത്തിന്റെ ഭീകരത എന്തെന്ന് അറിയാൻ കഴിവുള്ളവരാണോ.. ഈ സിനിമ നിങ്ങളുടേതാണ്!
നിങ്ങളുടെ അമ്മയും പെങ്ങളും നിങ്ങൾക്ക് അറിയാവുന്ന മറ്റു സ്ത്രീകളും സമൂഹ മദ്ധ്യേ അപമാനിതരാകുമ്പോൾ ചങ്ക് പിടയുന്നവർ ആണോ നിങ്ങൾ? ഈ സിനിമ നിങ്ങളുടേതാണ്..
അധ്വാനത്തിന്റെ കൂലി ലഭിക്കാതെ, ആത്മഹത്യ ചെയ്യുന്ന കേരളത്തിലെ കർഷകരെ അറിയാവുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഈ സിനിമ നിങ്ങളുടേതാണ്!
അനീതിക്കെതിരെ ശബ്ദം ഉയർത്തുന്നവരെ ഇല്ലാതാകുന്ന നമ്മുടെ രാഷ്ട്രീയ സാഹചര്യം അറിയാവുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഈ സിനിമ നിങ്ങളുടേതാണ്.
മാതാപിതാക്കൾക്കരികിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊല്ലുന്ന നാട്ടിലെ നാരാധമാന്മാരെ അറിയാമോ നിങ്ങൾക്ക്? എങ്കിൽ ഈ സിനിമ നിങ്ങളുടേതാണ്..
അധികാര വർഗ്ഗത്തിന്റെ ധാർഷ്ട്യം കൊണ്ട് പിച്ച ചട്ടി എടുക്കേണ്ടി വരുന്ന സാധാരണ മനുഷ്യരെ നാട്ടിൽ കണ്ടിട്ടുള്ളവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഈ സിനിമ നിങ്ങളുടേത് ആണ്..
നമ്മുടെ ജീവിതം പറയുന്ന സത്യത്തിന്റെ മൂർച്ചയുള്ള നാവാണ് Face of the Faceless.
ചൂഷണത്തിന് വിധേയരാകുന്ന സാധാരണക്കാരന്റെ മുഖം കാട്ടി തരുന്ന നേരിന്റെ കണ്ണാടി ആണ് Face of the Faceless.
സ്നേഹിതർക്കു വേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന ക്രിസ്തു മൊഴിയെ ജീവിച്ചു കാണിക്കുന്ന സുവിശേഷം ആണ് Face of the Faceless.
ഇനി…
നിങ്ങൾക്ക് മനുഷ്യൻ എന്ന അസ്തിത്വം മാത്രമേ ഉള്ളോ?
അതോ, മനുഷ്യന്റെ ശരീര ഘടന മാത്രമേ ഉള്ളോ?
എന്നാൽ.. സങ്കടത്തോടെ എന്നാൽ സംശയലേശമെന്യേ പറയട്ടെ..
ഈ സിനിമ നിങ്ങളുടേത് അല്ലേ..അല്ല.
നന്ദി.. ഒരിക്കൽക്കൂടി നന്ദി.
ഇതിന്റെ സംവിധായകനായ ശ്രീ ഷെയ്സൺ പി ഔസേപ്പ് അവർകളെയും റാണി മരിയ എന്ന വിശുദ്ധ ജീവിതത്തെ അവിസ്മരണീയമാക്കിയ കേരളത്തിന്റെ സ്വന്തം വിൻസി യെയും മറ്റു എല്ലാവരെയും പ്രിയ ജോസ്മോന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് നേരിൽ കണ്ട് അഭിനന്ദനമറിയിക്കാൻ എനിക്ക് അവസരം കിട്ടിയത് വലിയൊരു ഭാഗ്യം ആയി കാണുന്നു… എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ..
Sr. ജോസിയ P . SD