പേരാവൂർ എന്ന ചെറു ഗ്രാമത്തില്‍ നിന്ന് സ്‌മാഷുകള്‍ ഉതിര്‍ത്ത് തുടങ്ങിയ ജിമ്മി അതിരുകളും, ആകാശങ്ങളും ഭേദിച്ച്‌ യൂറോപ്യന്‍ ലീഗ് വരെ എത്തി ഇന്ത്യന്‍ വോളിയുടെ ലോക മുഖമായി. ലോകത്തിലെ ഏറ്റവും മികച്ച 10 സ്പൈക്കര്‍മാരില്‍ ഒരാളായ ജിമ്മി ജോര്‍ജ് 1987 നവംബ‍ര്‍ 30ന് ഇറ്റലിയില്‍ നടന്നൊരു കാറപകടത്തില്‍ അപ്രതീക്ഷിതമായി മുപ്പത്തിരണ്ടാം വയസില്‍ വിടവാങ്ങുകയായിരുന്നു.

സഹോദരതുല്യമായ ഒരു ആത്മബന്ധമാണ് എനിക്ക് ജിമ്മിജോർജുമായി ഉണ്ടായിരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ വോളിബോൾ പരിശീലനത്തിന് സെൻറ് തോമസ് കോളേജ് ഗ്രൗണ്ടിലാണ് പൊയ്ക്കൊണ്ടിരുന്നത്. അവിടെ നിന്നാണ് കോളേജിലെ ഡിഗ്രി ഒന്നാംവർഷ വിദ്യാർഥിയായിരുന്ന ജിമ്മിയുമായുള്ള എൻറെ ബന്ധം ആരംഭിക്കുന്നത്. പിന്നീട് മൂന്നുവർഷം കേരള സ്റ്റേറ്റ് ടീമിൽ ഞങ്ങൾ ഒരുമിച്ച് കളിച്ചു, അതിനു ശേഷം അബുദാബി സ്പോർട്സ് ക്ലബിനു വേണ്ടി ഞങ്ങളിരുവരും കളിച്ചിരുന്ന കാലത്ത് മൂന്നു വർഷത്തിലധികം ഒരേ ഫ്ലാറ്റിൽ ഒരേ മുറിയിൽ ജീവിച്ചിരുന്നവരാണ് ഞങ്ങൾ. അദ്ദേഹത്തിൻറെ കുടുംബവുമായും വലിയ ആത്മബന്ധമാണ് എനിക്കുള്ളത്.

ജിമ്മിയുടെ വേർപാട് ഇന്നും സമരസപ്പെടാൻ ആവാത്ത ഒന്നാണ്. തൻറെ ചുരുങ്ങിയ ജീവിത കാലഘട്ടത്തിനിടയിൽ തന്നെ ഇന്ത്യൻ കായികരംഗത്ത് ഇതിഹാസമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ നേടിയതിനേക്കാൾ ഒരുപാട് നേടാൻ ഉള്ളപ്പോഴാണ് വിധി അദ്ദേഹത്തെ നമ്മിൽ നിന്ന് വേർപിരിച്ചത്. ജിമ്മി ജോർജിനൊപ്പം കളിച്ചു വളർന്നവനാണ് എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുന്നത് തന്നെ ജീവിതത്തിലെ വലിയ അംഗീകാരമായി കരുതുന്ന ആളാണ് ഞാൻ.

പ്രിയ സുഹൃത്തിൻറെ ഓർമ്മകൾക്കു മുമ്പിൽ ബാഷ്പാഞ്ജലികൾ.

മാണി സി കാപ്പൻ MLA