*നീതിയജ്ഞത്തിലെ അനീതികൾ*

‘നീതിയജ്ഞം’ എന്ന പേരിൽ സഭാഘടനയെ ദുർബലപ്പെടുത്തുന്ന പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല:

1. സീറോമലബാർ സഭയിലെ മറ്റു 34 രൂപതകൾക്കും അനീതിയെന്നു തോന്നാത്ത കാര്യങ്ങൾ ഒരു അതിരൂപതയ്ക്കുമാത്രം അനീതിയായി തോന്നാൻ കാരണമെന്താണ്? വിശുദ്ധ കുർബാനയുടെ ഏകീകരണം മറ്റെല്ലാ രൂപതകളിലും സമാധാനപരമായി നടപ്പിലായപ്പോൾ ഒരു അതിരൂപതയിൽ മാത്രം ആസൂത്രിതമായ ക്രമസമാധാനപ്രശ്നമായി അതിനെ വളർത്തിയതല്ലേ അനീതി?

2. ദൈവാലയങ്ങളിലും പാതയോരങ്ങളിലും അതിരൂപതാ കേന്ദ്രത്തിലും സഭാ ആസ്ഥാനത്തും വൈദീക വസ്ത്രവും ധരിച്ച് പ്രകടനങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും നടത്തി സഭയുടെയും പൗരോഹിത്യത്തിന്റെയും അന്തസ്സും അഭിമാനവും ഇല്ലാതാക്കിയതല്ലേ അനീതി?

3. സഭാസിനഡ് തീരുമാനിച്ചതും മാർപാപ്പ അംഗീകരിച്ചതുമായ ഔദ്യോഗിക വിശുദ്ധ കുർബാനയർപ്പണത്തെ ചില സംഘടനകളെ കൂട്ടുപിടിച്ച് അക്രമം നടത്തുമെന്നു ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തുന്നതല്ലേ അനീതി?

4. മാർപാപ്പയെയും മെത്രാൻസിനഡിനെയും ധിക്കരിക്കുന്നത് തങ്ങളുടെ ആത്മരക്ഷയെ അപകടത്തിലാക്കുമെന്നു വിശ്വസിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികളെ ക്രമസമാധാനം തകരുമെന്നു ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്നതല്ലേ അനീതി?

5. ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ഒരു ഏകീകൃത വിശുദ്ധ കുർബാനയെങ്കിലും അർപ്പിച്ച് അനുരഞ്ജനത്തിന്റെ പാത തുറക്കാമെന്ന് എഴുതി ഒപ്പിട്ടു കൊടുത്തിട്ട് പകുതിയിലധികം ഇടവകാ ദൈവാലയങ്ങളിലും ജനാഭിമുഖ കുർബാന തന്നെ തുടർന്ന് മേല്പട്ടക്കാരെയും വിശ്വാസികളെയും കബളിപ്പിച്ചതല്ലേ അനീതി?

6. ഇടവകകളിൽ നിലവിലുള്ള സമയക്രമമനുസ്സരിച്ച് ഏകീകൃത വിശുദ്ധ കുർബാനയർപ്പിക്കാതെ പങ്കെടുക്കാൻ താല്പര്യമുള്ള വിശ്വാസികൾക്ക് അസൗകര്യമാകും വിധം ഉച്ചയ്ക്കും രാത്രിയിലും മുൻകൂട്ടി അറിയിക്കാതെയും വിശുദ്ധ കുർബാനയർപ്പണത്തെ പ്രഹസനമാക്കിയതല്ലേ അനീതി?

7. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് അദ്ദേഹത്തിന്റേതല്ലെന്നും, നൽകപ്പെട്ട വീഡിയോ സന്ദേശം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ച് നിർമ്മിച്ചതാണെന്നുമുള്ള ബാലിശമായ വാദഗതികൾ ഉന്നയിച്ച് പരിശുദ്ധ സിംഹാസനത്തെപ്പോലും സംശയ നിഴലിലാക്കിയതല്ലേ അനീതി?

8. സഭാനിയമങ്ങൾ ലംഘിക്കാൻ ഡീക്കന്മാരെ പ്രേരിപ്പിക്കുകയും അതുവഴി അവരുടെ കുടുംബങ്ങളെ വിഷമത്തിലാക്കുകയും ചെയ്യുന്നതല്ലേ അനീതി?

9. മാർപാപ്പയുടെയും സഭാസിനഡിന്റെയും കല്പനകളെ പരസ്യമായി ധിക്കരിച്ചിട്ട് മാർപാപ്പയോടൊപ്പമാണെന്നു കപടമായി പ്രചരിപ്പിച്ച് അദ്ദേഹത്തെ പരിഹസിക്കുന്നതല്ലേ അനീതി?

10. അതീവ ആദരവോടെ കരുതേണ്ട അതിരൂപതാധ്യക്ഷന്റെ ഭവനവും കാര്യാലയവും കയ്യേറി സമരാഭാസങ്ങൾ നടത്താൻ വിശ്വാസികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർബന്ധിക്കുന്നതല്ലേ അനീതി?