വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?!


വിവാഹജീവിതം അനേകം വെല്ലുവിളികളിലൂടെയാണ് ഇക്കാലഘട്ടത്തിൽ കടന്നുപോകുന്നത്.വിവാഹജീവിതം ഒരു ദൈവവിളിയായി വിശ്വസിച്ചു ജീവിതം ക്രമികരിക്കുന്ന അനേകം യുവതിയുവാക്കളുണ്ടെന്നും സന്തോഷത്തോടെ ഓർക്കുന്നു.ചിലർക്ക് വെല്ലുവിളിയും മറ്റുചിലർക്ക് ദൈവവിളിയുമായി മാറുന്നത് എന്തുകൊണ്ട്?


മാറുന്ന മനോഭാവങ്ങൾ?


ഒറ്റയ്ക്ക് ജീവിക്കുവാൻ കഴിയുന്നില്ല, പിന്നെ ഇങ്ങനെ ഒരു സ്ത്രീയും പിന്നെ കുറെ മക്കളും?, സ്വതന്ത്രമായി സുഖകരമായി ജീവിക്കാൻ ഭാര്യ/ഭർത്താവ് കുടുംബം തടസ്സമായിരിക്കും, ഇഷ്ട്ടമുള്ള വ്യക്തിയോടൊത്ത്‌ ജീവിക്കുക മടുക്കുമ്പോൾ ഉപേക്ഷിക്കുക, മക്കൾ ഭാരവും ശല്യവുമാണ്, വ്യവസ്ഥകളില്ലാതെ ഒരുമിച്ച് താമസിക്കുക, ഒരേ ലിംഗത്തിൽപ്പെട്ടവരുമായി ഒരുമിച്ച് വസിക്കുക അതിനെ വിവാഹമായി വിശേഷിപ്പിക്കുക, സെക്സിനുമാത്രമായി ഇണയെ സ്വീകരിക്കുക, മക്കൾ ഒരിക്കലും വേണ്ടെന്ന വ്യവസ്ഥയോടെ വിവാഹം കഴിക്കുക, ഒരേ സമയം നിരവധി വ്യക്തികളുമായി സൗഹൃദം താമസം, ജീവിത പങ്കാളികളില്ലാതെ കുഞ്ഞുമാത്രം മതിയെന്ന മനോഭാവം, ഭർത്താവ് /ഭാര്യയുമായി ശാരീരിക ബന്ധങ്കാളില്ലാത്ത “ആത്മീയ ” ജീവിതം,.. ഇങ്ങനെ വേറിട്ട കാഴ്ചപ്പാടുകൾ പുലർത്തുന്നവരും നമ്മുടെ നാട്ടിലും കുടിവരുന്നുണ്ട്.


ജോലിയേക്കാൾ ജീവനും ജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്ന യുവദമ്പതികളും വർധിച്ചുവരുന്നതും വസ്തുതയാണ്. വിവാഹത്തെക്കുറിച്ചുള്ള വ്യക്തികളുടെ മനോഭാവമാണ് അടിസ്ഥാനം.


ഭാരതിയ പശ്ചാതലത്തിൽ

രണ്ട് കുടുംബങ്ങൾ ചേരുന്നതാണ് വിവാഹം.പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന കുടുംബങ്ങളിലെ യുവാവും യുവതിയും വിവാഹത്തിലൂടെ പുതിയൊരു കുടുംബത്തിന് രൂപം നൽകുന്നു. അപ്പോൾ ഇരു കുടുംബങ്ങളും ബഹുമാനപൂർവം പരസ്പരം പിന്തുണ നൽകുന്നു. വിവാഹബന്ധത്തെ വളർത്താനും പ്രോത്സാഹിപ്പിക്കാനും യുവ ദമ്പതികളുടെ കുടുംബങ്ങൾ നിലകൊള്ളുന്നു. രണ്ട് ഭവനങ്ങളിലെയും നന്മകൾ കാണുക,
നല്ല പാരമ്പര്യങ്ങൾ മുറുകെപിടിക്കുക.. എന്നിവയെല്ലാം പാലിക്കപ്പെട്ടിരുന്നു.
ഒരേ വിശ്വാസ ആചാരങ്ങൾ പുലർത്തുന്നവർ, ഒരേ ഭാഷ, സംസ്കാരത്തിൽ വളർന്നവർ.. ഇങ്ങനെ പല കാര്യങ്ങളും പരിഗണിക്കപ്പെട്ടിരുന്നു.


ക്രൈസ്തവ കുടുംബങ്ങൾ തങ്ങളുടെ വിശ്വാസത്തിലുള്ളവർക്ക്‌, സമുദായത്തിലുള്ളവർക്ക് പ്രാധാന്യം നൽകിയിരുന്നു. ഇപ്പോൾ ഇങ്ങനെയുള്ള വസ്തുതകൾക്ക് ലഭിക്കുന്ന പരിഗണന വിലയിരുത്തേണ്ടതാണ്.

ക്രിസ്തിയ വിവാഹം ദൈവസ്ഥാപിതമായ, പവിത്രമായ ഒരു കുദാശയാണ്. ദൈവത്തിന്റെ സ്നേഹത്തിലും ജീവനിലും പങ്കുചേർന്നുകൊണ്ട് മരണം വരെ വിശ്വസ്ഥതാപൂർവം ജീവിക്കുവാൻ ദൈവീകസന്നിധിയിൽ, സഭയിലുടെ ഏറ്റെടുക്കുന്ന ഒരു ഉടമ്പടിയാണ് വിവാഹം. ഇതാണ് കത്തോലിക്ക സഭ വിവാഹത്തെ വിശേഷിപ്പിക്കുന്നത്.

ഒരുക്കവും പഠനവും പ്രാർത്ഥനയും

ഇശോയും സഭയും തമ്മിലുള്ള ബന്ധത്തോടാണ് വിവാഹജീവിതത്തെ ഉപമിക്കുക. മനോഹരവും, അഗാ തവുമായ അർത്ഥതലത്തിൽ മനുഷ്യസൃഷ്ട്ടിയെന്ന വലിയ ദൗത്യമാണ് വിവാഹമെന്ന കുദാശയിലൂടെ ദമ്പതികൾ സ്വീകരിക്കുന്നത്. ഈ ദൗത്യ നിർവഹണത്തിനായി തെര ഞ്ഞെടുക്കപ്പെടു ന്നവർ ഈ ദൈവവിളിയോട് വിശ്വസ്ഥതാപൂർവ്വം പങ്കുചേരാൻ ആവശ്യമായ ഒരുക്കവും പഠനവും പ്രാർത്ഥനയും അത്യന്താപേക്ഷിതമാണ്.

വിവാഹർത്തികൾക്ക് ആഴമായ പഠനം, വിചിന്തനം, വ്യക്തമായ ബോധ്യങ്ങൾ

വിവാഹമെന്ന കൂദാ ശയുടെ അർത്ഥവും ശ്രെഷ്ടതയും പവിത്രതയും പാവനതയും നഷ്ടപ്പെടുത്തി സ്വാർത്ഥത താല്പര്യങ്ങൾക്കായി മാത്രം കാണുന്ന തലമുറയെ കാണുന്നു. വ്യക്തതയില്ലാതെ വളരെ വേഗത്തിൽ സ്വന്തമാക്കി, വൈകാതെ തിരസ്കരിക്കുന്ന ഒരു സംസ്കാരം ഗാർഹികതലത്തിൽ ഉയർന്നുവരുന്നു. ഈ സാഹചര്യത്തിൽ വിവാഹർത്തികൾക്ക് ആഴമായ പഠനം, വിചിന്തനം, വ്യക്തമായ ബോധ്യങ്ങൾ എന്നിവ നൽകുവാൻ സഭയുടെ വിവാഹ ഒരുക്കമായുള്ള കോഴ്സിലൂടെ ശ്രദ്ധിക്കുന്നു.

വൈവാഹിക ജീവിതാന്തസ്സിൽ പരസ്പര സഹകരണത്തിന്റെയും വിട്ടുവീഴ്ചാ മനോഭാവത്തിന്റെയും ഒരു മാനസിക രൂപപ്പെടൽ അനിവാര്യമാണ്. ദൈവകല്പനകളും ധാർമ്മിക മൂല്യങ്ങളും അടിത്തറ പാകിയ ഒരു നല്ല ക്രിസ്തിയ കുടുംബം രൂപപ്പെടുത്തുവാൻ തക്ക ബോധ്യങ്ങളും പരിശീലനവും വിവാഹത്തിന് മുമ്പും ശേഷവും ലഭ്യമാക്കണം.

വിവാഹം : ഉടമ്പടിയും കുദാശയുമാണ്.

മനുഷ്യ കുലത്തോടുള്ള ദൈവത്തിന്റെ നിത്യമായ ഉടമ്പടിബന്ധത്തിന്റെ മാതൃകയിൽ സ്ത്രീയും പുരുഷനും ഒന്നുചേർന്ന്, അനശ്വര്യമായ സ്നേഹബന്ധത്തിന്റെ ഉറപ്പുള്ള അടിത്തറയിൽ പണിതുയർത്തുന്ന രമ്യഹർമ്മമാണ് ക്രൈസ്തവ വിവാഹം.

പൊതു സമൂഹത്തിൽ

പൊതു സമൂഹത്തിൽ, സിവിൽ നിയമപ്രകാരം വിവാഹം ഒരു കരാർ ആണ്. നിശ്ചിത കാലയളവിലേക്കു ഉണ്ടാക്കുന്ന പ്രാഥമിക ധാരണയാണ് കോൺട്രാക്ട് അഥവാ കരാർ.രണ്ടുകൂട്ടരും പാലിക്കേണ്ട വ്യവസ്ഥകളും കരാറിൽ എഴുതിച്ചേർക്കും. ഇരുകുട്ടർക്കും സമ്മതമാണെങ്കിൽ കരാർ അവസാനിപ്പിക്കുകയും ചെയ്യാം.

ഉടമ്പടിസ്നേഹത്തിൽ ആരംഭിക്കുന്ന വിവാഹ ബന്ധം കരാർ വ്യവസ്ഥകളിൽ നിന്നും വ്യത്യസ്തമാണ്.കുരിശിൽ നമുക്കായി ജീവൻ സമർപ്പിച്ച യേശുവാണ് ഉടമ്പടിസ്നേഹത്തിന്റെ മാതൃക.

മുന്ന് സവിശേഷ ഗുണങ്ങൾ

നിത്യമായ ബന്ധം, പൂർണ്ണ വിശ്വസ്തത, സ്വയം ദാനമാകൽ.. ഈ മുന്ന് സവിശേഷ ഗുണങ്ങൾ ഭാര്യയ്ക്കും ഭർത്താവിനും ഉണ്ടായിരിക്കണം
കൂദാശ എന്ന സുറിയാനി പദത്തിന്റെ മൂലരൂപം ഹിബ്രുവിലെ ഖദഷ് എന്ന ക്രിയയാണ്. ഇതിന്റെയർത്ഥം വിശുദ്ധികരിക്കുക എന്നാണ്. കൂതാശക്ക് ഉപയോഗിക്കുന്ന സാക്രമെന്തും( Sacramenturm )എന്ന ലത്തിൻ പദത്തിന്റെ അർത്ഥവും

ദൈവത്തെ കണ്ടുമുട്ടുന്നു


പവിത്രീകരിക്കുക എന്നാണ്. ഓരോ കൂതാശയിലും നാം ദൈവത്തെ കണ്ടുമുട്ടുന്നു. അ റ്റുപോയ ദൈവമനുഷ്യബന്ധം കൂദാശയിൽ ദൈവം നമുക്ക് നൽകുന്ന വരപ്രസാദം വഴി കുട്ടിച്ചേർക്കപെടുന്നു. ഈ ബന്ധത്തിന്റെ നിറവ് നാം അനുഭവിക്കുക, ഓരോ കൂദാശയിലും രക്ഷയുടെ പൂർണതയായ യേശുവിനെ കണ്ടുമുട്ടുമ്പോഴാണ്.

ദൈവവര പ്രസാദം


വിവാഹത്തിന്റെ കാതൽ സ്നേഹവും ആഴമായ ദൈവവിശ്വാസവും പരസ്പര ബഹുമാനവും നിറഞ്ഞ ആന്തരികവ്യക്തിത്വ ത്തിലേയ്ക്ക് ഭാര്യാഭർത്താക്കന്മാർ വളരണം.
മരണം വരെ പിരിയാത്തതും, വിശുദ്ധമായ ഐക്യം ഉറപ്പാക്കുന്നതും,കൂദാശയിലൂടെ ലഭിക്കുന്ന ദൈവവര പ്രസാദം വഴിയാണ്. പരസ്പരം സ്നേഹിക്കുന്നതിനും മക്കളെ പുണ്യത്തിൽ വളർത്തുന്നതിനും വിവാഹത്തിന്റെ ഫലമായി ഏറ്റെടുക്കുന്ന കുടുംബത്തിന്റെ ചുമതലകളും കടമകളും നിർവഹിക്കുവാൻ സന്തോഷത്തോടെ സംതൃപ്തിയോടെ സാധിക്കും.

വിവാഹം ഒരു കുദാശയാണ്.


കാനോൺ നിയമം വിവാഹത്തിന് നൽകുന്ന നിർവചനം വിവാഹത്തെസംബന്ധിച്ചുള്ള കത്തോലിക്ക സഭയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. സൃഷ്ട്ടാവായ ദൈവത്തിന്റെ വിളിയനുസരിച്ചു ഒരു സ്ത്രീയും ഒരു പുരുഷനും വ്യക്തിപരവും അലംഘനീയമായ സമ്മതം കൈമാറുന്നതുവഴി ആജീവനാന്തമുള്ള പങ്കാളിത്തം ഉടലെടുക്കുന്നതിനും അതുവഴി ദമ്പതികളുടെ നന്മയും സന്താനോൽപാദ നവും സന്താനപരിപാലനവും ഉറപ്പുവരുത്തുന്നതിനും വ്യവസ്ഥ ചെയ്യപ്പെട്ടുള്ള ഒരു ഉടമ്പടിയാണ് വിവാഹം. മാമോദിസ സ്വീകരിചിട്ടുള്ള സ്ത്രിയും പുരുഷനും തമ്മിലുള്ള വിവാഹം ഒരു കുദാശയാണ്.


“കളിയല്ല കല്യാണം ” – എന്ന പ്രസ്താവനയുടെ പിന്നിലെ ഗൗരവം വേണ്ടതുപോലെ ഒരുങ്ങിയും, മറ്റൊരു കുടുംബമാകാനുള്ള ദൈവവിളിയാണെന്ന വ്യക്തമായ കാഴ്ചപ്പാട് വിവാഹത്തിന് ഒരുങ്ങുന്നവർക്കുണ്ടാകണം.


വിവാഹം വെല്ലുവിളിയല്ല, ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാനുള്ള ദൈവത്തിൻെറ വിളിക്ക് ഉത്തരം നൽകുന്ന ഉത്തമ അവസരം ആണ്.

സാബു ജോസ്

(ലേഖകൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രസിഡണ്ടും ,സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ എക്സിക്യൂട്ടീവ് സെക്രെട്ടറിയുമാണ് )

നിങ്ങൾ വിട്ടുപോയത്