“യുഎൻ മതസൗഹാർദ്ദവാരമായി ഫെബ്രുവരി 1 മുതൽ 7″ വരെ ആചരിക്കുന്ന വാർത്ത കേട്ടപ്പോർ മനസിൽ ഓടിയെത്തിയത് ഇഞ്ചക്കാട് ബാലചന്ദ്രൻ്റെ ”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?” എന്ന കവിതയായിരുന്നു. ഈ മഹാപ്രപഞ്ചത്തിലെ പച്ചത്തുരുത്തായ ഭൂമിയെ മതഭ്രാന്ത് കീഴടക്കുന്ന ഇക്കാലയളവിൽ ഈ കവിത എവിടെയും ഉയരേണ്ടിയിരിക്കുന്നു. കാലാവസ്ഥയല്ല, മതങ്ങളാണ് നമ്മടെ നാളത്തെ പ്രശ്നമായി മാറാൻ പോകുന്നത്!
* മതം മനുഷ്യനെ മയക്കുന്ന കറുപ്പ്
മതത്തെ നോക്കി കാറല്‍ മാര്‍ക്സിന്‍റേതായ ഒരു കുറിപ്പുണ്ട്, “..മതം ജനങ്ങളുടെ കറുപ്പാണ്” (opium). മതാന്ധത ബാധിച്ച മനുഷ്യന്‍, ലഹരിമരുന്ന് ഉപയോഗിച്ചവനെപ്പോലെ സുബോധം നഷ്ടപ്പെട്ട് നില്‍ക്കുന്നത് കാണുമ്പോള്‍ മാര്‍ക്സ് എത്രയോ വലിയ ശരിയാണ് പറഞ്ഞതെന്ന് തോന്നിപ്പോകും. ലോകത്തില്‍ ഇന്ന് ലഭ്യമാകുന്ന ഏറ്റവും ശക്തമായ ലഹരിമരുന്നായി മതഭ്രാന്ത് മാറിയിരിക്കുന്നു. രാജ്യങ്ങളും നിയമങ്ങളും ദുര്‍ബലമായിരുന്ന ഭൂതകാലങ്ങളില്‍ ലോകത്തെ ധാര്‍മികതയില്‍ നിലനിര്‍ത്തുന്നതിലും സമൂഹങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിലും മതങ്ങള്‍ വഹിച്ച പങ്ക് ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍ മതങ്ങള്‍ പുരോഗമന ലോകത്തിന് ഇന്ന് കടുത്ത ബാധ്യതയായി മാറുകയാണ്. “ഹൃദയമില്ലാത്ത ലോകത്തിന്‍റെ ഹൃദയ”മാവുകയാണ് മതങ്ങള്‍ എന്ന മാര്‍ക്സിന്‍റെ നിരീക്ഷണം വീണ്ടും ശരിയാവുന്നു എന്ന് പറയേണ്ടിവരുന്നു.
ലഹരിമരുന്ന് ഒരു വര്‍ഷം നശിപ്പിക്കുന്ന ജീവിതങ്ങളേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ ഇന്ന് മതഭ്രാന്തിനാല്‍ കൊല്ലപ്പെടുന്നു! ആധുനികലോകം മതത്തിന്‍റെ പേരില്‍ എന്തെല്ലാം ദുരന്തങ്ങള്‍ക്കാണ് ഇന്ന് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്! മത -വര്‍ഗ്ഗീയ ഭീകരവാദത്തെ ചെറുത്തുനില്‍ക്കാന്‍ രാജ്യങ്ങള്‍ കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. മതഭീകരവാദം കയറ്റുമതി ചെയ്ത് ജീവിക്കുന്ന രാജ്യങ്ങള്‍പോലും ഇന്ന് ഭൂമുഖത്തുണ്ട്. ശാസ്ത്രത്തിന്‍റെയും ആധുനിക സാങ്കേതിക വിദ്യയുടെയും ആവിര്‍ഭാവത്തോടെ ആധുനിക ലോകത്തില്‍ മതങ്ങളുടെ സ്വാധീനം ഇല്ലാതെയാകുമെന്ന് പ്രതീക്ഷിച്ചവരെ ഒന്നടങ്കം നിരാശരാക്കിക്കൊണ്ട് മതങ്ങള്‍ ലോകത്തെ ഓരോ ദിവസവും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇരുപതാം നൂറ്റാണ്‍ടിന്‍റെ പകുതിയിലെത്തിയപ്പോഴേക്കും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ “മതരഹിത സമൂഹം” രൂപംകൊള്ളുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. രണ്ടാം ലോകമഹായുദ്ധം സമ്മാനിച്ച കൊടും ക്രൂരതകളുടെ ഫലമായി ഈശ്വരവിശ്വാസം നഷ്ടപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മതരഹിതവും ഈശ്വരവിശ്വാസം ഇല്ലാത്തതുമായ സമൂഹങ്ങളായി മാറുകയായിരുന്നു. 21-ാം നൂറ്റാണ്ടിലേക്കെത്തുമ്പോഴേക്കും യൂറോപ്പ് പൂർണമായും മതരഹിത സമഹൂമായി മാറുന്നത് സ്വപ്നം കണ്ടിരുന്നവര്‍ ഇന്ന് തികച്ചും നിരാശരായിരിക്കുന്നു. മതമൗലികവാദവും മതഭീകരവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ യൂറോപ്പ് തപ്പിത്തടയുന്നു. മതഭക്തിയെ രാജ്യസ്നേഹത്തേക്കാള്‍ വലുതായി കാണുന്ന മതമൗലികവാദികള്‍, പിറന്ന നാടിനെത്തന്നെയും നശിപ്പിക്കാന്‍ സംഘടിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ ഇത് യൂറോപ്പിന്‍റെ മാത്രം പ്രശ്നമല്ല, ലോകം മുഴുവനിലും മതമൗലീകവാദം ഇന്ന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ കാലഘട്ടത്തില്‍ “യുണൈറ്റഡ് നേഷന്‍” ആഹ്വാനം ചെയ്ത മതസൗഹാര്‍ദ്ദവാരം എന്തുകൊണ്ടും സമാധാനകാംക്ഷികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വാരമാണ് എന്നതില്‍ സംശയമില്ല.
* മതാധിപത്യവും ജനാധിപത്യവും
മതം, ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സ്വാധീനിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഇന്ത്യപോലെ മതബാഹുല്യം നിറഞ്ഞുനില്‍ക്കുന്ന രാജ്യങ്ങള്‍ ഏറെ കരുതലോടെ നീങ്ങേണ്ട ഒരു കാലഘട്ടമാണ് മുന്നിലുള്ളത്. ഇന്ത്യയിലെ നാനാവിധ മതചിന്തകളുടെയും സംസ്കാരങ്ങളുടെയും ഒരു പരിഛേദമായി കേരളം ഇന്ന് മാറിയിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും മതവിശ്വാസങ്ങളില്‍ നിന്നുമുള്ളവര്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസത്തിലും ലോകവീക്ഷണത്തിലും മറ്റ് ഏതൊരു സംസ്ഥാനത്തേക്കാളും മുമ്പന്തിയിലാണ് കേരളത്തിന്‍റെ സ്ഥാനം. അതിനാല്‍ മത -മതേതര- വിഷയങ്ങളെ 21-ാം നൂറ്റാണ്ടിന് യോഗ്യമായ വിധത്തില്‍ കൈകാര്യം ചെയ്ത് ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകേണ്ട ഉത്തരവാദിത്വവും കേരളത്തിനുണ്ട്. എന്നാല്‍ എന്താണ് വാസ്തവത്തില്‍ ഇവിടെ നടക്കുന്നത്?
സര്‍ക്കാരുകള്‍ ഇടതിന്‍റെയോ വലതിന്‍റെയോ ആകട്ടെ, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മതങ്ങളെയും മതനേതൃത്വങ്ങളെയും മാറ്റിനിര്‍ത്തി യാതൊരു ഇടപാടുമില്ല എന്നതാണ് സ്ഥിതി. മതങ്ങളുടെ മനസ്സും പിന്തുണയും നേടിയെടുക്കുക എന്ന രാജ്യതന്ത്രത്തില്‍ വിജയിക്കുന്നവനാണ് അധികാരം ലഭിക്കുന്നത്. അധികാരത്തില്‍ വന്നാല്‍ പിന്നെ മതത്തെ സര്‍ക്കാരിന്‍റെ മര്‍മ്മമായി പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഭരണവും മതപ്രീണനത്തിലൂടെ ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തുകൊണ്ട് ജനാധിപത്യത്തിന്‍റെ പ്രാകൃത ബോധത്തിലാണ് മലയാളികള്‍ ഇന്നും കഴിയുന്നത് എന്ന് തോന്നിപ്പോകുന്നു. ഈ വസ്തുത ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ മതങ്ങളുടെ ആസ്ഥാനങ്ങള്‍ കയറിയിറങ്ങുന്നു, മതനേതാക്കന്മാരും രാഷ്ട്രീയക്കാരും തമ്മിലും മതനേതാക്കന്മാര്‍ തമ്മില്‍തമ്മിലും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തെരഞ്ഞെടുപ്പുകളില്‍ വിലപേശുന്നു. മതനേതൃത്വങ്ങള്‍ക്ക് തങ്ങള്‍ രാഷ്ട്രീയത്തിന്‍റെ നിര്‍ണ്ണായക ശക്തിയാണെന്ന ബോധം അനുദിനം ഊട്ടിയുറപ്പിക്കുവാനാണ് പുരോഗമനം പറയുന്നവര്‍പോലും കേരളത്തില്‍ പരിശ്രമിക്കുന്നത്. മതങ്ങള്‍ നിര്‍ണായകശക്തിയായി നിലനില്‍ക്കുമ്പോഴും ഇവിടെ “ജനാധിപത്യ”മാണെന്നു പറയുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മതാധിപത്യ ഭരണകൂടങ്ങള്‍ ജനാധിപത്യത്തിന്‍റെ ശത്രുവാണെന്ന് എന്ന് നാം തിരിച്ചറിയും?
* മതം സമഹൂത്തെ നിയന്ത്രിക്കുന്നു
മതത്തിന് അംഗബലം കൂടുതലുള്ള ഇടങ്ങളില്‍ മതം സമൂഹത്തെ (society) നിയന്ത്രിക്കുന്ന കാഴ്ച കേരളത്തില്‍ പതിവ് ദൃശ്യമാണ്. സമൂഹത്തിന്മേല്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കിയെടുക്കുവാനാണ് മതങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ജനാധിപത്യത്തിന്‍റെ പരാജയമെന്നല്ലാതെ എന്തു പറയാന്‍? മതം സമൂഹത്തെ നിയന്ത്രിക്കാനുള്ള ഒരു സന്ദര്‍ഭവും ഒരു മതേതര സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ല. റംസാന്‍ നോമ്പുകാലത്ത് വെള്ളം പോലും ലഭ്യമല്ലാത്ത പട്ടണങ്ങള്‍, അമ്പലങ്ങളിലെ ഉത്സവങ്ങളിലും പള്ളികളിലെ പെരുന്നാളുകളിലും റോഡുകള്‍ ബ്ലോക്കു ചെയ്തുള്ള ആഘോഷങ്ങള്‍, മതസമ്മേളനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി ഉച്ചഭാഷിണികളുടെ ശബ്ദകോലഹലങ്ങൾ, ഫ്ളക്സ് ബോര്‍ഡുകള്‍കൊണ്ട് കാഴ്ച മറഞ്ഞിരിക്കുന്ന റോഡുകള്‍, ഭക്ഷണക്രമത്തെപ്പോലും മതം നിയന്ത്രിച്ചു ചൊല്‍പ്പടിയില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍… ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്ത സംഗതിയാണ് ഇതൊക്കെ. ഇതെല്ലാം ഒരുപോലെ വിളിച്ചുപറയുന്നത് മതങ്ങള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന സമൂഹമാണ് കേരളം എന്നല്ലാതെ എന്താണ്? ഇതിനൊരു മാറ്റം വരുത്താതെ പുരോഗമനം പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?
* മതങ്ങള്‍ തമ്മിലുള്ള ഐക്യം
ഒരു രാജ്യത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥിരതയ്ക്ക് ആ രാജ്യത്തെ മതവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും സഹകരണവും മുഖ്യപങ്കു വഹിക്കുന്നു. മതപരമായി വിവിധ ചിന്താധാരകള്‍ നിറഞ്ഞുനില്‍ക്കുന്ന സമൂഹങ്ങളും രാജ്യങ്ങളും ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ട കാലഘട്ടമാണ് ഇനിയുള്ളത്. സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിധത്തില്‍ മതങ്ങള്‍ തമ്മിലുമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് വരുവാന്‍ പോകുന്നത്. മതങ്ങള്‍ തമ്മിലുള്ള വളരെ നിസ്സാരമെന്നു തോന്നിക്കുന്ന സംഗതികള്‍പോലും സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരിക്കും. വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുന്ന ഈ കാലത്ത് മതങ്ങള്‍ തമ്മിലുള്ള ചെറിയതും പ്രാദേശികവുമായ സംഘര്‍ഷങ്ങള്‍ പോലും വളരെവേഗം ദേശവ്യാപകമാവുകയും ലഹളകൾക്കും ദുരന്തങ്ങൾക്കും കാരണമാവുകയും ചെയ്യും.
മതങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനുള്ള പ്രാഥമികമായി ഉത്തരവാദിത്വം മതനേതൃത്വങ്ങളിലോ രാഷ്ട്രീയപാര്‍ട്ടികളിലോ അല്ല നിക്ഷിപ്തമായിരിക്കുന്നത്, സര്‍ക്കാരിലാണ്. മതങ്ങള്‍ അവയ്ക്കുള്ളില്‍ തന്നെ ഇന്ന് ഏറെ സംഘര്‍ഷഭരിതമാണ്. അതിനാല്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുക എന്ന ഉത്തരവാദിത്വം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധികളും മതനേതൃത്വങ്ങളും സാമൂഹികപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന സംഘങ്ങളായിരിക്കണം മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. മതപ്രസംഗകർക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതും സർക്കാർ ചിന്തിക്കണം.
* മതസംഘര്‍ഷങ്ങള്‍
മതവിശ്വാസികള്‍ തമ്മില്‍ രൂപപ്പെടുന്ന ശത്രുതയും വിദ്വേഷവും ഉടനടി പരിഹരിക്കപ്പെടുന്ന ഗണത്തിലുള്ളവയല്ല. രാഷ്ട്രീയമായി രൂപപ്പെടുന്ന ശത്രുത പോലെ കാണപ്പെടേണ്ടവയുമല്ല. രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുവോ മിത്രമോ ഇല്ല. എന്നാല്‍ ഇതല്ല മതത്തിലെ അവസ്ഥ. അവിടെ ശത്രുത സ്ഥായിയായിരിക്കും. ഇത് പതിറ്റാണ്ടുകളോളം നിലനില്‍ക്കും. ഇതിന് വര്‍ത്തമാനകാല ചരിത്രത്തില്‍തന്നെ നിരവധി സംഭവങ്ങല്‍ കാണാന്‍ കഴിയും. മതവിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷം ഏറെ വൈകാരികമാണ്. വിശ്വാസസംരക്ഷണം തന്‍റെ ദൈവദത്തമായ ഉത്തരവാദിത്വമാണ് എന്ന തത്വം മതഭക്തരില്‍ രൂഢമൂലമായിരിക്കുന്നതിനാല്‍ മതത്തിന്‍റെ പേരില്‍ കൊല്ലാനും മരിക്കാനും മനുഷ്യനെ തള്ളിവിടുന്ന ഒരു മാനസികാവസ്ഥയിലാണ് മതഭ്രാന്തന്മാര്‍. ഇന്ന് കേരളത്തിലെ എല്ലാ മതങ്ങളിലും ഇത്തരം ഫനാറ്റിക്കുകള്‍ സജീവമാണ്. മതസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ മതഭ്രാന്തന്മാര്‍ അവസരം നോക്കിയിരിക്കുന്ന ലോകത്തില്‍ സര്‍ക്കാരുകള്‍ ശ്രദ്ധാലുക്കളായി ഇരിക്കേണ്ടത് സമൂഹത്തിന്‍റെ, മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്.
* മതങ്ങളെ പഠിക്കാന്‍ അവസരം ഉണ്ടാകണം
“സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളില്‍ അടക്കം മതപഠനം നിരോധിച്ചുകൊണ്ടുള്ള” കോടതി ഉത്തരവ് കഴിഞ്ഞ ദിവസം വായിക്കാനിടയായി. ഈ കോടതി ഉത്തരവിനെ ആസ്പദമാക്കി സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. സ്കൂളുകളിൽ എല്ലാ മതങ്ങളെയും കുറിച്ചുള്ള പഠനം ഇനിയുള്ള കാലത്ത് ഒരു പ്രധാന വിഷയം ആയിരിക്കണം. വിവിധ ഭാഷകൾ, കണക്ക്, സയന്‍സ് എന്നിവപോലെ മതങ്ങളെക്കുറിച്ചും മതചരിത്രങ്ങളെക്കുറിച്ചും മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചും ആധികാരികമായും വസ്തുതാപരമായും പഠിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം ഉണ്ടാകണം. മതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇന്നത്തെ മതസംഘര്‍ഷങ്ങള്‍ പലതിനും കാരണമാകുന്നത്. എല്ലാ മതങ്ങളും തങ്ങളുടെ മതം മാത്രമാണ് ശരിയെന്നും മറ്റെല്ലാ മതങ്ങളും തെറ്റാണെന്നും പഠിപ്പിക്കുന്ന പ്രവണതയാണ് പൊതുവെയുള്ളത്. എന്നാല്‍, എല്ലാ മതങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി സര്‍ക്കാര്‍ സംവിധാനത്തില്‍ പഠിപ്പിക്കുമ്പോള്‍ ഈ തെറ്റിദ്ധാരണ മാറുവാനും എല്ലാ മതങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. മതങ്ങളെക്കുറിച്ചുള്ള വ്യക്തമായ അവബോധത്തിലൂടെയേ മതേതരത്വം സാധ്യമാവുകയുള്ളൂ. സ്വന്തമതത്തേക്കുറിച്ചുള്ള നിറം ചേര്‍ത്ത കഥകളും ഇതര മതങ്ങളെക്കുറിച്ചുള്ള അജ്ഞതയുമാണ് മതഭക്തനെ മതഭ്രാന്തനാക്കുന്നത്.
മതങ്ങളെ ഉള്‍ക്കൊള്ളാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ മതങ്ങള്‍ വച്ചുപുലര്‍ത്തുന്ന അടിസ്ഥാന സത്യങ്ങളെ പഠിക്കുവാനും മനസ്സിലാക്കുവാനും പലരും ശ്രമിക്കാറില്ല. ഉദാഹരണത്തിന്, “വിഗ്രഹാരാധന”യെ പാപമായും പുണ്യമായും കാണുന്ന മതങ്ങള്‍ കേരളത്തിലുണ്ട്. ഈ വിഷയത്തില്‍ ഇരുപക്ഷത്തിനും അവരുടേതായ വാദഗതികളുമുണ്ട്. മതങ്ങള്‍ തമ്മിലുള്ള ഈ വൈരുദ്ധ്യം പഠനവിഷയമാക്കുകയും അനുകൂലിക്കുന്നവര്‍ വച്ചുപുലര്‍ത്തുന്ന വാദങ്ങളും എതിര്‍ക്കുന്നതിനുള്ള കാരണങ്ങളും മനസ്സിലാക്കണം. രണ്ട് വാദങ്ങളുള്ള ഒരു വിഷയത്തിന്‍റെ ഒരു പക്ഷത്തു നില്‍ക്കുന്നവന്‍ മാത്രമാണ് താനെന്ന തിരിച്ചറിവാണ് സഹിഷ്ണുതയുടെ അടിസ്ഥാനം. ഈ തിരിച്ചറിവില്ലാതെ വരുമ്പോഴാണ് അതിനെ മതഭ്രാന്തന്‍ ആയുധമാക്കുന്നത്. മതങ്ങളെക്കുറിച്ചുള്ള അറിവില്‍കൂടി മാത്രമേ മതസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇതരമതങ്ങളെക്കുറിച്ച് അറിവില്ലാതെയുള്ള സഹിഷ്ണുത പ്രകടനങ്ങൾ വെറും അഭിനയമായിരിക്കും. ഇത് മതസൗഹാര്‍ദ്ദത്തിന് യാതൊരു സംഭാവനയും നല്‍കില്ല. പരിഹരിക്കപ്പെടാത്ത തെറ്റിദ്ധാരണകളുമായി മതസൗഹാര്‍ദ്ദം അഭിനിയിക്കുന്നവനാണ് നാളത്തെ ഭീകരവാദി.
* സൗഹൃദം പങ്കിടാനുള്ള അവസരങ്ങള്‍ ഉണ്ടാകണം
വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന് ഉത്സവങ്ങള്‍ ആഘോഷങ്ങള്‍ എന്നിവ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉത്സവ വിഷയങ്ങളിൽ കടന്നുകൂടിയിരിക്കുന്ന തീവ്രചിന്താഗതികള്‍മൂലം പലരും ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും നിസ്സഹകരണം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് സര്‍ക്കാര്‍തലത്തില്‍ തന്നെ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ ഓണം, ക്രിസ്തുമസ്, റംസാൻ / ബക്രീദ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഔദ്യോഗിക തലത്തിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകണം.
* മതങ്ങളോടുള്ള സര്‍ക്കാര്‍ സമീപനങ്ങൾ
മതങ്ങളോടുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ പലപ്പോഴും വിമര്‍ശനവിധേയമാകാറുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രത്യേക മതസ്ഥര്‍ക്ക് മാത്രമായി മാറുന്നു എന്ന സ്ഥിതിവിശേഷം സംജാതമാകുമ്പോഴാണ് സര്‍ക്കാര്‍ ഇടപെടലുകള്‍ സംശയാസ്പദമാകുന്നത്. പക്ഷപാതമില്ലാത്തതും നീതിപൂര്‍വ്വകമായ സര്‍ക്കാര്‍ സമീപനം മതസൗഹാര്‍ദ്ദത്തിന് അത്യന്താപേക്ഷിതമാണ്. സര്‍ക്കാരുകള്‍ പക്ഷപാതപരമായി പെരുമാറുന്നതാണ് സമൂഹത്തില്‍ മതവിശ്വാസികള്‍ തമ്മിലുള്ള ധ്രുവീകരണത്തിന് ആക്കംകൂട്ടുന്നത്. ഒരുവന് ജനിച്ച മതത്തിന്‍റെ പേരില്‍ നല്‍കുന്ന പ്രത്യേക ഔദാര്യവും മറ്റൊരുവന്‍ ജനിച്ച മതത്തിന്‍റെ പേരില്‍ നേരിടുന്ന അവഗണനയും കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
* ഉപസംഹാരം
ഈശ്വരവിശ്വാസം ഹൃദയത്തിന്‍റെ നിലയാണ്. ഇത് അടിച്ചേല്‍പ്പിക്കേണ്ടതോ അടച്ചാക്ഷേപിക്കേണ്ടതോ അല്ല. രാജ്യങ്ങളും നിയമങ്ങളും ദുര്‍ബലമായിരുന്ന ഭൂതകാലങ്ങളില്‍ സമൂഹങ്ങളെ സംരക്ഷിച്ചതും ലോകത്തെ ധാര്‍മികമൂല്യങ്ങളില്‍ നിലനിര്‍ത്തി, മനുഷ്യവംശത്തെ മുന്നോട്ടു നയിച്ചത് മതങ്ങളാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ലോകത്തെ നരകമാക്കുവാന്‍ മതത്തിന് കഴിയും, സൂക്ഷ്മതയോടെ കൈകാര്യം ചെയ്താല്‍ ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്‍റെ സൗന്ദര്യത്തെ പ്രതിഷ്ഠിക്കുവാനും അനശ്വരതയുടെ സൗരഭ്യം ഉയര്‍ത്തുവാനും മതങ്ങള്‍ക്ക് കഴിയും. മതത്തെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം എന്നത് മറക്കാതിരിക്കാം
മാത്യൂ ചെമ്പുകണ്ടത്തില്‍