കൊച്ചി∙ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം.
രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കും.
വൈകുന്നേരം അഞ്ചുമണിയോടെ സ്വവസതിയായ ഇരിങ്ങാലക്കുട ‘പാർപ്പിട’ത്തിൽ എത്തിക്കും. സംസ്കാരം വൈകിട്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.
മലയാള സിനിമയിലെ നിറചിരി ഇനിയില്ല; ഇന്നസെന്റ് വിടവാങ്ങി
കൊച്ചി: നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.
അർബുദരോഗ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2012 ലാണ് ഇന്നസെന്റിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. എയിംസില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഈ വർഷം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റേയും മറ്റ് ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇന്നസെന്റിനെ ചികിത്സിച്ച ഡോക്ടർമാരെല്ലാം മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതീക്ഷയ്ക്കുവകയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നത്. അതുമുതൽ നടന്റെ തിരിച്ചുവരവിന് മലയാളക്കര ഒന്നാകെ പ്രാർഥിച്ചുവരികയായിരുന്നു.
ഇതരഭാഷകളിലുൾപ്പെടെ എഴുന്നൂറ്റൻപതിലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റായിരുന്നു അദ്ദേഹം. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടിയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1972ൽ പുറത്തിറങ്ങിയ “നൃത്തശാല’യിലൂടെ അരങ്ങേറിയെങ്കിയ ഇന്നച്ചനെ കൈപിടിച്ച് ഉയർത്തിയത് മലയാള സിനിമയുടെ സുവർണ കാലഘട്ടമായ 1980-കളാണ്. രാമു കാര്യാട്ടിന്റെ “നെല്ല്’ അടക്കമുള്ള ചിത്രങ്ങളിലെ ചെറിയ റോളുകളിൽ തുടങ്ങിയ ഇന്നച്ചൻ പിന്നീട് മലയാള ഹാസ്യശാഖയുടെ തമ്പുരാക്കന്മാരിൽ ഒരാളായി.
സവിശേഷമായ ശരീര ഭാഷയും തൃശൂർ ഭാഷയുടെ മേമ്പൊടിയുള്ള സംഭാഷണരീതിയും ഇന്നസെന്റിനെ മലയാള സിനിമാലോകത്ത് വേറിട്ട ശൈലിയുടെ ഉടമയാക്കി. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ ഇന്നച്ചൻ “ഗജകേസരി യോഗം”, “റാംജിറാവു സ്പീക്കിംഗ്’, “ഡോക്ടർ പശുപതി’, “ദേവാസുരം’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അമരത്വം നേടി.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഇന്നസെന്റ് “മഴവിൽക്കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള 1989-ലെ സംസ്ഥാന സർക്കാർ അവാർഡിനും അർഹനായി.
സുഹൃത്തും വെള്ളിത്തിരയിലെ സ്ഥിരം കൂട്ടാളിയുമായിരുന്ന നെടുമുടി വേണുവിനെ നായകനാക്കി ഡേവിഡ് കാച്ചപ്പിള്ളിയ്ക്കൊപ്പം ഒരുക്കിയ “വിട പറയും മുമ്പെ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവ് എന്ന നിലയിൽ 1981-ലെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി. ഭരതൻ ഒരുക്കിയ “ഓർമയ്ക്കായ്’ എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വർഷം ഈ നേട്ടം ആവർത്തിച്ചു.
ഇരുവരും ചേർന്ന് സ്ഥാപിച്ച ശത്രു കംബൈൻസ് എന്ന നിർമാണ കമ്പനി ഇളക്കങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.
ഹാസ്യ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായി പരിണമിച്ച ഇന്നസെന്റ്, “കാബൂളിവാല’, “ചിരട്ടക്കളിപ്പാട്ടങ്ങൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലെ നോവിന്റെ കനലുകൾ നീറ്റി.
പുസ്തകരചനയിലും മലയാളത്തിന്റെ സ്വന്തം ഇന്നച്ചൻ കൈവച്ചു. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം), കാൻസർ വാർഡിലെ ചിരി എന്നിവയാണ് മറ്റ് പുസ്തകങ്ങൾ. ചിരിക്കു പിന്നിൽ എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചു.
2014-ൽ ചാലക്കുടിയിൽനിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോയെ അട്ടിമറിച്ചാണ് ലോക്സഭയിലെത്തിയത്. 2019-ൽ എൽഡിഎഫ് സ്ഥാനാർഥിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇന്നസെന്റ് കോൺഗ്രസ് സ്ഥാനാർഥി ബെന്നി ബെഹനാനോട് പരാജയപ്പെട്ടിരുന്നു.
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്.
ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.
എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും.
നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.
ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.
നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്.
സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.