പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍
മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്.
രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നിഷേധിക്കാനും തദ്ദേശസ്ഥാപനതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കാനുമാണ് യു.പി. സര്‍ക്കാരിന്റെ ആലോചന. ഇതിനുള്ള കരടുബില്‍പ്രകാരം (ഉത്തര്‍പ്രദേശ് ജനസംഖ്യാ-നിയന്ത്രണ, സ്ഥിരത, ക്ഷേമബില്‍ 2021) സംസ്ഥാന നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണിപ്പോള്‍.
ജനുവരി ഒന്നുമുതല്‍ അസമിലെ ബിജെപി സര്‍ക്കാരും സമാനനിയമം നടപ്പാക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇതേ നിയമം കൊണ്ടുവരാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കരടുനിയമം പ്രഖ്യാപിച്ചതു വിവാദമായിരുന്നു.
രണ്ടു കുട്ടികളെന്ന നയം പിന്തുടരുന്ന പൊതുജനസേവകര്‍ക്ക് ആനുകൂല്യം നല്‍കാന്‍ യുപിയിലെ കരടുബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇവര്‍ക്ക് സേവനകാലാവധിക്കിടയില്‍ രണ്ട് അധിക ഇന്‍ക്രിമെന്റുകള്‍ ലഭിക്കും. മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളുമടങ്ങിയ മാതൃ-പിതൃ അവധി, ദേശീയ പെന്‍ഷന്‍പദ്ധതിയില്‍ മൂന്നു ശതമാനത്തിന്റെ തൊഴിലുടമ വിഹിതവര്‍ധന എന്നിവയുമുണ്ടാകും.
ഒരു കുട്ടി മാത്രമുള്ളവര്‍ക്കും ബില്ലില്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒറ്റക്കുട്ടി മാത്രമാണെങ്കില്‍ ഇരുപതു വയസുവരെ ഇന്‍ഷുറന്‍സ്, സൗജന്യചികിത്സ, ജോലിയില്‍ മുന്‍ഗണന, സ്‌കോളര്‍ഷിപ്പുകള്‍, പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ മുന്‍ഗണന എന്നിവയുണ്ട്. കുടുംബത്തിന് വൈദ്യുതി, വെള്ളക്കരം, വീട്ടുനികുതി എന്നിവയില്‍ ഇളവുണ്ടാകും. പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പു ലഭിക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഒരു കുഞ്ഞു മാത്രമാണെങ്കില്‍ ആണ്‍കുട്ടിക്ക് എണ്‍പതിനായിരം രൂപയും, പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ നല്‍കും.
എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പ്രസവകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും സന്നദ്ധസംഘടനകള്‍വഴി ഗര്‍ഭനിരോധനഗുളികകളും ഉറകളും വിതരണം ചെയ്യുകയും തുടങ്ങി ഒട്ടേറെ കാര്യങ്ങളും ബില്ലില്‍ പ്രതിപാദിക്കുന്നുണ്ട്. സെക്കന്‍ഡറിതലംമുതല്‍ ജനസംഖ്യാനിയന്ത്രണം നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നും ബില്ലില്‍ പറയുന്നു. ചുരുക്കത്തില്‍, സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ജനസംഖ്യാനിയന്ത്രണം അനിവാര്യമെന്നാണ് ബില്ലിന്റെ കരടുനയം.
അതേസമയം, ജനസംഖ്യാവര്‍ധന തടയാന്‍ കുടുംബാസൂത്രണത്തിനു ദമ്പതികളെ നിര്‍ബന്ധിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍നയം. കുടുംബാസൂത്രണത്തിനും നിശ്ചിതയെണ്ണം കുട്ടികളെ ജനിപ്പിക്കുന്നതിനും ജനങ്ങളെ നിര്‍ബന്ധിക്കുന്നതു വിപരീതഫലമുണ്ടാക്കുമെന്നാണ് ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കുടുംബാസൂത്രണത്തിലെ ബലപ്രയോഗം എതിര്‍ക്കുന്ന 1994 ലെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ കര്‍മപരിപാടിയിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.
ജനസംഖ്യ ബാധ്യതയല്ല, ആസ്തിയാണെന്നു ചിന്തിച്ചിരുന്ന ഭരണാധികാരികളുണ്ടായിരുന്ന നമ്മുടെ രാജ്യത്ത്, കുട്ടികളെ നിഷേധിക്കുന്ന പുതിയ നയം നിയമരൂപേണ സംസ്ഥാനങ്ങള്‍തോറും നടപ്പാക്കിവരുന്നതു ഖേദകരമാണ്. ശിശുക്കളെ ഇഷ്ടപ്പെടാത്ത രാജ്യം നാശത്തിലേക്കു കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സംശയംവേണ്ടാ. മക്കള്‍ ദൈവത്തിന്റെ ദാനമാണ്. അവരെ ഇരുകൈയുംനീട്ടി സ്വീകരിക്കാനുള്ള വിശാലഹൃദയമാണു വിദ്യാസമ്പന്നനായ മനുഷ്യനു വേണ്ടത്. മാനവവിഭവശേഷി അനുഗ്രഹമാണെന്നു തിരിച്ചറിഞ്ഞ പാശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാന്‍ പദ്ധതിയിടുമ്പോഴാണ്, ഭാരതം ജനസംഖ്യാനിയന്ത്രണനിയമം നിര്‍മിക്കാനൊരുങ്ങുന്നത്. ഇത് യുക്തിക്കു നിരക്കാത്തതും അനൗചിത്യവുമാണ്.
കൊവിഡ് മഹാമാരിക്കാലത്ത് മനുഷ്യന്റെ എല്ലാ പ്രതിരോധശ്രമങ്ങളെയും മറികടന്ന് രാജ്യത്തെ മരണനിരക്കു വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ജനസംഖ്യാനിയന്ത്രണത്തിനു സര്‍ക്കാര്‍ തിടുക്കംകൂട്ടുന്നതിന്റെ നിഗൂഢാജണ്ടകള്‍ മനസ്സിലാകുന്നില്ല. സന്താനനിയന്ത്രണം രാഷ്ട്രപുരോഗതിക്കു തടസ്സമെന്നു കരുതിയിരുന്ന ചൈനപോലും അവരുടെ നയം തിരുത്തിയതും നാം മനസ്സിലാക്കേണ്ടതാണ്.
നാലും അതില്‍ കൂടുതലും മക്കളുള്ള ദമ്പതികളെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കത്തോലിക്കാസഭയുടെയും ഇതര ക്രൈസ്തവസഭകളുടെയും ജീവനോടുള്ള കരുതല്‍നയം പൊതുസമൂഹത്തില്‍ മതിപ്പുളവാക്കിയിട്ടുണ്ട്.
കുട്ടികളുടെ എണ്ണമല്ല, ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയാണു സര്‍ക്കാര്‍ ജോലികളുടെ മാനദണ്ഡം. അതിനാണല്ലോ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളതും. കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.
ഫാ. കുര്യന്‍ തടത്തില്‍
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .