ഫാ. മാത്യു പൊട്ടൻപ്ലക്കൽ..
തലശ്ശേരി അതിരൂപതയിലെ ഒരു സാധു വൈദികൻ…ഒരു പബ്ലിസിറ്റിയോടും തീരെ താല്പര്യമില്ല …
ഏറെപ്പേരോട് ചോദിച്ചിട്ടും അച്ചൻ്റെ ഫോൺ നമ്പർ കിട്ടിയില്ല.. അവസാനം സ്നേഹിതനായ കണ്ണൂരിൽ നിന്നുള്ള ബിജു പി. അലക്സാണ് എവിടെ നിന്നോ ഫോൺ നമ്പർ സംഘടിപ്പിച്ച് തന്നത്.
നല്ല തിരക്കിലായിരുന്നു അച്ചൻ.. ഒരു ബാഗു മാത്രമായി സ്ഥലം മാറി പുതിയ ഇടവകയിലേക്ക് പോകുന്ന ചിത്രം കണ്ടാണ് വിളിച്ചതെന്ന് പറഞ്ഞപ്പോഴേ അച്ചൻ ചിരിച്ചു.
“ചങ്ങാതീ… ആ ചിത്രം മൂലം ഞാൻ ആകെ പെട്ടിരിക്കുകയാണ്. എല്ലായിടത്തു നിന്നും വിളിയോട് വിളി….. ഈ യാത്ര ഇന്നും ഇന്നലേം തൊടങ്ങിയതല്ല.. കഴിഞ്ഞ 30 വർഷമായി ഒറ്റക്കാണ് ഓരോ ഇടകയിലേക്കും വരുന്നതും മടങ്ങിപ്പോകുന്നതും… ഇപ്പം ഇതിലെന്താ പുതുമ എന്ന് മനസിലാകുന്നില്ല. ഇപ്പം ഇതെങ്ങനെയോ പുറത്തു പോയി… “
അച്ചനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ അച്ചൻ പതുക്കെ ഒഴിവ് കഴിവ് പറഞ്ഞു..”എൻ്റെ സ്റ്റൈൽ ഇങ്ങനെ തന്നെയാണ്. ചിലർക്കിതൊന്നും ഇഷ്ടമാകണമെന്നില്ല.. പക്ഷേ എനിക്ക് അന്നുമിന്നും ഇത് തന്നെയാണ് ഇഷ്ടം…”ചില കാര്യങ്ങൾ കൂടി അറിയാൻ ഒന്നുകൂടി ചുരണ്ടി നോക്കി. പക്ഷേ നോ രക്ഷ… അച്ചന് ഇതൊന്നും പുറത്ത് അറിയണമെന്ന് തീരെ താല്പര്യമില്ല. സംസാരം അവസാനിപ്പിക്കുന്ന മട്ടിൽ അച്ചൻ പറഞ്ഞു..
“ഇടവകയിലെ അക്കൗണ്ട് ബുക്ക് മുന്നിലിരിക്കുന്നു. നോക്കാനുണ്ടായിരുന്നു…”അച്ചനുമായി സംഭാഷണം അവസാനിച്ചപ്പോഴാണ് മറ്റൊരു കൂട്ടുകാരൻ ജോൺ പള്ളിപ്പുറം, മാത്യു അച്ചനെക്കുറിച്ച് ഒരു കുറിപ്പ് അയച്ചു തന്നത്. അതും കൂടി ഇവിടെ എടുത്തെഴുതട്ടെ.
വള്ളി പെരുപ്പ് മാത്രം ഇടുന്ന വൈദീകൻ..സ്വന്തമായി ഒരു വാഹനമില്ല…. ബാഗിൽ ഏതാനും ഡ്രസുകൾ മാത്രം.
പുസ്തകങ്ങൾ വാങ്ങുകയും, വായിക്കുകയും ചെയ്യും. വായനയോട് താല്പര്യമുള്ളവർക്ക് അതും സമ്മാനിക്കും..അച്ചൻ ആദ്യമായി വികാരിയായി വന്നത് ഇരിട്ടിക്ക് അടുത്തുള്ള കാലാങ്കി സെൻ്റ് ജോസ്ഥ് ഇടവകയിൽ..മടങ്ങിയത് ബസിന്. അന്നു മുതൽ ഇന്നോളം അങ്ങനെ തന്നെ.. അച്ചൻ സംഭാഷണത്തിനിടയിൽ പറഞ്ഞതോർക്കുന്നു.” ഇനിയും ഇങ്ങനെ തുടരണമെന്നാണ് ആഗ്രഹം.. “
നമുക്കു മുന്നിൽ ഇത്തരം വിളക്കുമരങ്ങളൊക്കെ തെളിഞ്ഞു നിൽക്കുന്നതു കൊണ്ടാവണം ജീവിതയാത്രയിൽ നമ്മളൊക്കെയും കാലിടറി വീഴാതെ പോകുന്നത്…
അതിനാൽ നമുക്ക് പ്രാർത്ഥിക്കാം..” ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.” എന്ന്.
ജെയ്‌മോൻ കുമരകം