ജീവിതത്തിൽ ശത്രുവിനോട് ക്ഷമിക്കുന്നതു മാനുഷിക യുക്തിക്ക് പലപ്പോഴും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളിൽ ഒന്നാണ്. നമ്മെ വേദനിപ്പിച്ച, അല്ലെങ്കിൽ നന്ദിഹീനമായി പെരുമാറിയ, അല്ലെങ്കിൽ അവിശ്വസ്തത കാട്ടിയ ഒരു വ്യക്തിയോട് ക്ഷമിച്ചാൽ, നമ്മൾ അനുഭവിച്ച വേദനയുടെ വില അയാളൊരിക്കലും മനസ്സിലാക്കില്ല എന്ന യുക്തിസഹജമായ ഒരു ന്യായീകരണം ഈ ലോകം നമ്മുടെ മുൻപിൽ വയ്ക്കുന്നുണ്ട്. ക്ഷമിക്കുവാനുള്ള കൃപ ഒരിക്കലും മനുഷ്യസഹജമല്ല അത് ദൈവീകദാനമാണ്.

ദൈവം തന്റെ ഏകജാതനിലൂടെ നമ്മോട് ക്ഷമിച്ചതുകൊണ്ടാണ് നമ്മൾ ക്ഷമിക്കുവാനും ക്ഷമിക്കപ്പെടുവാനും യോഗ്യരായി തീർന്നത്. പാപങ്ങൾ മോചിക്കണമേ എന്നു വിലപിച്ചുകൊണ്ടു ദൈവസന്നിധിയിൽ എത്തുന്ന നമ്മൾ പലപ്പോഴും, നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനായി ദൈവം എന്തു വലിയ വിലയാണ് നൽകിയതെന്നു ഗ്രഹിക്കാതെ പോകുന്നു. മറ്റുള്ളവരുടെ പാപങ്ങൾമൂലം നമ്മിലുണ്ടായ എല്ലാ മുറിവുകളിൽനിന്നും നമ്മെ സുഖപ്പെടുത്തുന്ന ദൈവത്തിന്റെ സ്നേഹം ഹൃദയത്തിൽ സ്വീകരിച്ച്, അത് മറ്റുള്ളവർക്ക് പകർന്നുനൽകാനാണ്, മറ്റുള്ളവരോട് ക്ഷമിക്കണം എന്നതുവഴി ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. ദൈവം നമുക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച്, ദൈവത്തിന്റെ സ്നേഹം സ്വീകരിക്കുവാനുള്ള തീരുമാനം നാം എടുക്കണം.

നമ്മുടെ കഠിനമായ ഹൃദയങ്ങളെ പരിശുദ്ധാൽമാവിന്റെ പ്രവർത്തനത്തിനു തുറന്നുകൊടുക്കുമ്പോൾ മാത്രമേ മറ്റുള്ളവരുടെ അകൃത്യങ്ങൾ ക്ഷമിച്ച് അവരെ സ്നേഹിക്കാൻ നമുക്കാവുകയുള്ളൂ. അപ്പോൾ മാത്രമേ ദൈവത്തിന്റെ ക്ഷമ നമ്മിലും ഫലം പുറപ്പെടുവിക്കുകയുള്ളൂ. നാം ഓരോരുത്തർക്കും ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. തന്നെ പീഡിപ്പിച്ചവരോട് ക്ഷമിച്ചുകൊണ്ട്, അവർക്കായി പ്രാർത്ഥിച്ച ഈശോയുടെ വഴിയെ സഞ്ചരിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.






