ഇത് കുട്ടിക്കളിയല്ല..
. കൊച്ചു കുട്ടികൾക്ക് തൊട്ടിലുണ്ടാക്കാൻ നിർമ്മിച്ച് വിപണനം ചെയ്യുന്ന ലോഹം കൊണ്ടുള്ള കൊളുത്തിൽ നിന്നും അനവധി കുട്ടികൾക്ക് പരിക്ക് പറ്റിയതായി എൻറെ സുഹൃത്ത് സംഗീത് സുരേന്ദ്രൻറെ പോസ്റ്റ് കണ്ടു. അത്തരത്തിൽ ഒരു സംവിധാനത്തിന്റെ ഫോട്ടോയും ഉണ്ടായ അനവധി അപകടങ്ങളുടെ പത്ര വാർത്തയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അപകട സാധ്യതകളെ പറ്റി കുട്ടികൾക്ക് ഒട്ടും അറിവില്ലാത്തതുകൊണ്ട് തന്നെ വീടുകളിൽ തന്നെ കുട്ടികൾക്ക് ധാരാളം അപകടങ്ങൾ ഉണ്ടാകാറുണ്ട്. വികസിത രാജ്യങ്ങളിൽ കുട്ടികൾ ഉണ്ടാകുന്നതിന് തൊട്ടുമുൻപ് വീട് മുഴുവൻ “ചൈൽഡ് സേഫ്റ്റി ഓഡിറ്റ്” നടത്താറുണ്ട്. ഉദാഹരണത്തിന് കുട്ടികൾക്ക് കൈ എത്തുന്ന ഉയരത്തിലുള്ള ഇലക്ട്രിക് പ്ലഗുകൾ അടച്ചു വക്കുക, മറിഞ്ഞു വീഴാൻ സാധ്യതയുള്ള അലമാരികൾ പിറകിലേക്ക് പിടിച്ചു കെട്ടുക, മേശയുടെ ഷാർപ്പ് ആയ മൂലകളിൽ സ്മൂത്ത് ആക്കുന്ന എഡ്ജ് ഗാർഡുകൾ ഉണ്ടാക്കുക എന്നിങ്ങനെ മാതാപിതാക്കൾ ചെയ്യേണ്ട അനവധി കാര്യങ്ങളുണ്ട്.
കൂടാതെ കുട്ടികൾ ഉപയോഗിക്കുന്ന ഓരോ കളിപ്പാട്ടത്തിലും വിഴുങ്ങാൻ സാധ്യതയുള്ള ചെറിയ കഷണങ്ങൾ ഒഴിവാക്കുക, കുട്ടികളുടെ കളിപ്പാട്ടത്തിലും വസ്ത്രത്തിലും കുഞ്ഞുങ്ങൾക്ക് ഹാനികരമായ രാസവസ്തുക്കൾ ഉള്ള കളറിംഗ് വസ്തുക്കൾ ഇല്ലാതിരിക്കുക എന്നിങ്ങനെ അനവധി കാര്യങ്ങൾ നിയമപരമായി തന്നെ നോക്കാനുണ്ട്.
കേരളത്തിൽ തൽക്കാലം ഇങ്ങനെ നിയമങ്ങൾ ഒന്നുമില്ല എന്നു തോന്നുന്നു. ഏതു വകുപ്പിനാണ് ഇത്തരം വിഷയത്തിൽ ഇടപെടാൻ സാധിക്കുന്നത്?
തൽക്കാലം ഇക്കാര്യങ്ങൾ നമ്മൾ തന്നെ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള ഒരു സംവിധാനം വീട്ടിൽ ഉണ്ടെങ്കിൽ ഇന്നു തന്നെ മാറ്റി സുരക്ഷിതമായ മറ്റെന്തെങ്കിലും ഉപയോഗിക്കുക. കുട്ടികൾക്ക് അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള ഇത്തരം വസ്തുക്കൾ തീർച്ചയായും വാങ്ങി ഉപയോഗിക്കരുത്. അല്പം ലാഭത്തിനോ സൗകര്യത്തിനോ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾക്ക് ഭാവിയിൽ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. കുട്ടികൾക്ക് വേണ്ടി ഏത് സാധനങ്ങൾ വാങ്ങുന്പോഴും സുരക്ഷ മനസ്സിൽ ഉണ്ടായിരിക്കണം.
സർക്കാരും ഏറ്റവും വേഗത്തിൽ ഇക്കാര്യങ്ങളിൽ മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരണം.സുരക്ഷിതമായിരിക്കുക
മുരളി തുമ്മാരുകുടി