If he cries to me, I will hear, for I am compassionate.
(Exodus 22:27 )
ജീവിതത്തിൽ പ്രിയപ്പെട്ടവർ നമ്മുടെ കണ്ണുനീർ കണ്ടില്ലെങ്കിലും, നമ്മുടെ കണ്ണൂനീർ കാണുന്ന ദൈവം ഉണ്ട്. ദൈവനിശ്ചയങ്ങളെപ്പോലും മാറ്റിമറിക്കുമാറ് കണ്ണുനീരോടുകൂടിയുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്ന ഒരു ദൈവത്തെയാണ് വചനത്തിൽ കണ്ടുമുട്ടുന്നത്. ഹെസക്കിയാ രാജാവ് രോഗബാധിതനായി മരണത്തോടടുത്തു. ദൈവം തന്റെ പ്രവാചകനായ ഏശയ്യായെ ഹെസക്കിയായുടെ അടുത്തേക്ക് അയച്ചു. ഏശയ്യാ പ്രവാചകൻ ഹെസക്കിയായോട് പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു. നീ വീട്ടുകാര്യങ്ങൾ ക്രമപ്പെടുത്തുക. എന്തെന്നാൽ, നീ മരിക്കും. സുഖം പ്രാപിക്കുകയില്ല.
ഹെസക്കിയായാകട്ടെ ചുമരിനുനേരെ മുഖം തിരിച്ച് വർധിച്ച ഹൃദയവ്യഥയോടെ ഇപ്രകാരം പ്രാർത്ഥിക്കുകയും ഏങ്ങിയേങ്ങി കരയുകയും ചെയ്തു. കർത്താവ് ഹെസക്കിയായുടെ പ്രാർത്ഥന കേട്ടു. ദൈവം പറഞ്ഞു, ഞാൻ നിന്റെ കണ്ണുനീർ കാണുകയും പ്രാർത്ഥന ശ്രവിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നെ സുഖപ്പെടുത്തും. ഹെസക്കിയാ മരിക്കണമെന്നുള്ളത് ദൈവനിശ്ചയമായിരുന്നു. എന്നിട്ടും ഹെസക്കിയായുടെ കണ്ണുനീരിന്റെയും പ്രാർത്ഥനയുടെയും മുൻപിൽ തന്റെ നിശ്ചയത്തെ ദൈവം മാറ്റുന്നു. ദൈവനാമത്തെ ഏറ്റു പറഞ്ഞതു കൊണ്ട് സിംഹത്തിന്റെ കുഴിയിലേയ്ക്ക് എറിഞ്ഞ ദാനിയേലിനുവേണ്ടി നിലവിളി കേട്ട് സിംഹത്തിന്റെ വായ് പൂട്ടിയവനാണ് നമ്മുടെ കർത്താവ്.
മരുഭൂമിയുടെ മണൽപ്പരപ്പിൽ മകനെ കിടത്തി മാറി നിന്ന് മാറത്തടിച്ചു കരഞ്ഞ ഒരു ഹാഗാറുണ്ട്. നിലവിളിച്ച ഹാഗാറിനു വേണ്ടി മരുഭൂമിയിൽ തെളിനീർ ഒരുക്കിയവനാണ് ദൈവം. തിരുവചനത്തിൽ എനിക്കൊരു മകനെ തരികയില്ലയോ എന്നു പറഞ്ഞു കരഞ്ഞ ഒരു ഹന്നയുണ്ട്. ഹന്നയ്ക്കു താരാട്ടു പാടിയുറക്കാൻ ഒരു കുഞ്ഞിനെ നൽകിയവനാണ് ദൈവം. പത്മോസിന്റെ ഒറ്റപ്പെടലിൽ വേദനിച്ച യോഹന്നാനെ സ്വർണ്ണ സ്പടിക തുല്യമായ സ്വർഗ്ഗം കാട്ടിക്കൊടുത്തവനാണ് നമ്മുടെ ദൈവം. മരിച്ച ലാസറിന്റെ പ്രതീക്ഷയറ്റ സഹോദരങ്ങളൾക്ക് ലാസറിന് പുതുജീവൻ നൽകി ലാസറിന്റെ സഹോദങ്ങളുടെ കണ്ണുനീര് ഒപ്പിയവനാണ് നമ്മുടെ ദൈവം.
പ്രസ്തുത വചനഭാഗങ്ങളിൽ നിന്ന് നാം മനസിലാക്കുന്നത്, നമ്മുടെ ദൈവം നിലവിളി കേൾക്കുന്ന ദൈവം ആണ്. മുകളിൽ പറഞ്ഞ വ്യക്തികൾ പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്നു പോയില്ല, പ്രാർത്ഥന അവസാനിപ്പിച്ചില്ല, മടുത്തുപോകാതെ പ്രാർത്ഥിച്ചു. ദൈവം അവരുടെ നിലവിളി കേൾക്കുകയും, ഉത്തരമരുളുകയും ചെയ്തു. മനുഷ്യരുടെ മുൻപിൽ കരയാതെ,ദൈവത്തിന്റെ മുൻപിൽ കരയുക, അവിടുന്ന് ഉത്തരമരുളും. നാം ഓരോരുത്തർക്കും പൂർണ്ണഹൃദയത്തോടെ കർത്താവിൽ വിശ്വസിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.