ആൽമീയ ജീവിതത്തിൽ നാം കാണുന്നതിനെ അല്ല, കാണാത്തതായ സ്വർഗ്ഗീയ നിത്യതയെയും, കർത്താവിന്റെ വരവിനെയും ആണ് ലക്ഷ്യം വെയ്ക്കേണ്ടത്. നമ്മുടെ ഈ ഭൂമിയിലെ ജീവിതം സമ്പദ്സമ്യദ്ധമാകാൻ വേണ്ടി മാത്രം ക്രിസ്തുവിൽ ലക്ഷ്യം വെച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാം മനുഷ്യരെയും കാൾ നിർഭാഗ്യരാണ്. കർത്താവ് പറയുന്നു, എന്റെ രാജ്യവും നീതിയും അന്വേഷിക്കുക. നാം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുമ്പോൾ, ഭൂമിയിലെ നൻമകളാൽ നാം അനുഗ്രഹിക്കപ്പെടും. ഭൂമിയിൽ ദൈവം തന്നിരിക്കുന്ന ചെറിയ കാലഘട്ടത്തിനായി നെട്ടോടമോടുമ്പോൾ, സ്വർഗ്ഗത്തിൽ നിത്യവാസത്തിനായി ദൈവം തന്നിരിക്കുന്ന ദൈവരാജ്യത്തിൽ നിന്ന് അകന്നു മാറിക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുമ്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു. സത്യമാകുന്ന പ്രകാശത്തിലാണോ നാമിന്നു ജീവിക്കുന്നത്, അതോ പാപാന്ധകാരത്തിലോ? പ്രത്യാശയിൽനിന്നും നിരാശയിലേക്ക് വഴിതെറ്റിപ്പോകുന്ന ത്രിസന്ധ്യയിലാണോ നമ്മൾ, അതോ ഇരുൾ നിറഞ്ഞ വഴികളിൽനിന്നും ദൈവസ്നേഹത്തിലേക്ക് ഉണർന്നെണീക്കുന്ന പ്രഭാതാവസ്ഥയിലോ?

ഇന്നത്തെ ലോകത്തിൽ സഭാ നേതാക്കൻമാർക്കു പോലും വഴി തെറ്റുന്നു. നാം നോക്കേണ്ടത് സഭാ നേതാക്കൻമാരുടെ മുഖത്തേയ്ക്കല്ല, ലോകത്തെ സ്നേഹത്താലും, ക്ഷമയാലും ജയിച്ച ക്രിസ്തുവിന്റെ മുഖത്തേയ്ക്ക് നോക്കുക. നേതാക്കൻമാർക്കുവേണ്ടിയും, സമൂഹത്തിനു വേണ്ടിയും, സുഹൃത്തുക്കൾക്കു വേണ്ടിയും പരസ്പരം പ്രാർത്ഥിക്കുക. വഴി തെറ്റാതിരിക്കാൻ പ്രാർത്ഥനയും, വചനത്തിൽ അധിഷ്ഠിതമായ ജീവിതവും നയിക്കുക. ദൈവത്തിന്റെ ക്യപയിൽ ആശ്രയിച്ച് പാപത്തിൽ നിന്ന് അകന്ന് മാറി സ്വർഗ്ഗീയ നിത്യതയ്ക്കായി സ്ഥിരതയോടെ കാത്തിരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്