ഞങ്ങളുടെ വീട് പണി തുടങ്ങാൻ തീരുമാനിച്ച സമയം..
നാട്ട് നടപ്പ് അനുസരിച്ചു കണിയാനെ വിളിച്ചു സ്ഥാനം കാണണം എന്നുള്ള ചടങ്ങ് നടത്തണം എന്ന് എന്റെ അപ്പനോ എനിക്കോ താല്പര്യം ഇല്ല..
എന്നും വിശുദ്ധ കുർബാനയിലൊക്കെ പങ്കെടുക്കുന്ന ഭയങ്കര ദൈവവിശ്വാസി ആണ് അപ്പൻ.. സ്ഥാനമൊന്നും കാണണ്ട നീ ആ എഞ്ചിനീയറെ വിളിച്ചു പ്ലാൻ വരപ്പിക്കാൻ എന്നോട് പറഞ്ഞു..
അമ്മയ്ക്കും വലിയ താല്പര്യം ഒന്നുമില്ല പക്ഷെ നാട്ടു നടപ്പ് അനുസരിച്ചുള്ള കാര്യം ചുമ്മാ പേരിനു ചെയ്തേര് എന്ന് പറഞ്ഞു..
അമ്മയുടെ അഭിപ്രായത്തെ മാനിച്ചു കണിയാനെ സ്ഥലത്തു കൊണ്ടുവന്നു, പുള്ളി ഒരു നിലവിളക്കു കത്തിച്ചു വെച്ചു.. പിന്നെ എന്തൊക്കെയോ ചടങ്ങ് അനുസരിച്ചു ചെയ്തു..
എന്നിട്ട് ഒരു കമ്പ് (പ്ലാവിന്റെ ആണെന്ന് തോന്നുന്നു ) വെട്ടിക്കൊണ്ടുവരാൻ പറഞ്ഞു.. കമ്പ് ‘ഒറ്റ വെട്ടിനു’ മുറിഞ്ഞാൽ ഒറ്റയടിക്ക് വീട് പണി തീരും അല്ലെങ്കിൽ തടസ്സം വരും എന്നൊക്കെ വേറൊരു ചേട്ടൻ എന്നോട് പറഞ്ഞു.. എന്റെ ചേട്ടനാണ് കമ്പു വെട്ടാൻ പോയത്.. അടുത്ത പറമ്പിൽ ഉള്ള പ്ലാവിന്റെ കമ്പ് ഉള്ളത് ഇത്തിരി പൊക്കത്തിൽ ആണ്..
കേറി നിന്ന് വെട്ടാനുള്ള ബുദ്ധിമുട്ട് കാരണം ഒറ്റ വെട്ടിനു പകരം അഞ്ചാറ് വെട്ടു വേണ്ടി വന്നു
കാര്യം അപ്പനെ പോലെ കടുത്ത ദൈവവിശ്വാസി ആണ് ഞാൻ എങ്കിലും അടുത്ത നിന്ന ചേട്ടൻ പറഞ്ഞ ‘ഒറ്റ വെട്ട്’ കാര്യം ഓർത്തപ്പോ ഒന്ന് പേടിച്ചു.. കൊണ്ടുവന്ന കമ്പ് സൂക്ഷമമായി പരിശോധിച്ച ശേഷം കണിയാൻ കിണറിനുള്ള സ്ഥാനം കാണിച്ചു തന്നു.. എല്ലാം കഴിഞ്ഞു കണിയാനെ ഞാൻ ബൈക്കിൽ കൊണ്ടുപോയി ആൾടെ വീട്ടിൽ വിട്ടു.. കുറച്ചു കാര്യങ്ങൾ എഴുതി തരാനുണ്ട് എന്നോട് കേറിയിരിക്കാൻ പറഞ്ഞു..
ഞങ്ങളുടെ സ്ഥലത്തു ‘സർപ്പദോഷം’ ഉണ്ട് കുറച്ചു കാര്യങ്ങൾ അത് മാറാൻ ചെയ്യണം എന്ന് പറഞ്ഞു..
ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഒരു പള്ളിയിൽ പോയി ചെയ്യേണ്ട കാര്യം ആണ് പേപ്പറിൽ എഴുതി തന്നത്..
ആ പേപ്പറും വാങ്ങി ആൾടെ ഫീസും കൊടുത്തു അവിടുന്ന് ഇറങ്ങി.. ആ പേപ്പർ ബൈക്കിന്റെ ബാഗിൽ തന്നെ വെച്ചു.. പറഞ്ഞപോലെ ഒന്നും ചെയ്യാൻ ഒരിടത്തും പോയില്ല..
പിന്നീട് എഞ്ചിനീയർ വന്നു നോക്കിയപ്പോ കിണറിന്റെ സ്ഥാനം പ്ലാൻ അനുസരിച്ചു മാറ്റണം എന്ന് പറഞ്ഞു, അപ്പൻ രാവിലെ പള്ളിയിലെ കുർബാന കഴിഞ്ഞു അച്ചനെ വിളിച്ചോണ്ട് വന്നു വേറൊരു സ്ഥലത്തു വെഞ്ചരിച്ചു ശേഷം കിണർ കുഴിച്ചു.. വെള്ളവും കിട്ടി.. അങ്ങനെ നാലഞ്ചു മാസം കൊണ്ട് വീടിന്റെ പണി കംപ്ലീറ്റ് തീർന്നു..
വർഷങ്ങളായി ദൈവകൃപയാൽ ഇതുവരെ ഒരു ‘ദോഷങ്ങളും’ ഉണ്ടായിട്ടില്ല..
പ്ലാൻ വരച്ച ‘ക്രിസ്ത്യാനിയായ’ എഞ്ചിനീയർ വാസ്തു നോക്കിയേ കാര്യങ്ങൾ ചെയ്യൂ..
അടുക്കളയുടെ അളവിൽ ഒരു സെന്റിമീറ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അടുക്കളയിൽ എന്തോരം സാധനം കൊണ്ടുവന്നു വെച്ചാലും ‘ഉണ്ടാക്കി കഴിക്കൽ നടക്കില്ല’ എന്നൊക്കെയാണ് പറഞ്ഞത്..
പ്രയർ റൂമിന്റെ ലൊക്കേഷൻ ഞാൻ പറഞ്ഞതിൽ നിന്നും മാറ്റണം എന്നൊക്കെ പറഞ്ഞു.. പക്ഷെ എന്റെ നിർബന്ധം കാരണം ഞാൻ പറഞ്ഞപോലെ ചെയ്തു തന്നു..
പ്ലാൻ വരച്ച ‘ക്രിസ്ത്യാനിയായ’ എഞ്ചിനീയർ വാസ്തു നോക്കിയേ കാര്യങ്ങൾ ചെയ്യൂ..
അടുക്കളയുടെ അളവിൽ ഒരു സെന്റിമീറ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അടുക്കളയിൽ എന്തോരം സാധനം കൊണ്ടുവന്നു വെച്ചാലും ‘ഉണ്ടാക്കി കഴിക്കൽ നടക്കില്ല’ എന്നൊക്കെയാണ് പറഞ്ഞത്..
പ്രയർ റൂമിന്റെ ലൊക്കേഷൻ ഞാൻ പറഞ്ഞതിൽ നിന്നും മാറ്റണം എന്നൊക്കെ പറഞ്ഞു..
പക്ഷെ എന്റെ നിർബന്ധം കാരണം ഞാൻ പറഞ്ഞപോലെ ചെയ്തു തന്നു..
ജോജി കോലഞ്ചേരി