ഓശാന ഞായറാഴ്ച ക്രിസ്തുവിന് ആർപ്പുവിളിച്ച ജനങ്ങൾ വെറും 4 ദിവസങ്ങൾ കഴിഞ്ഞപ്പോ അതിനേക്കാൾ ആവേശത്തോടെ “അവനെ ക്രൂശിക്കുക ” എന്ന് പറയാൻ തക്ക വിധം മനസ്സ് മാറിയതിനെപ്പറ്റി അടുത്ത സുഹൃത്തായ ഒരു വൈദികനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം പറഞ്ഞത് “യഹൂദജനം മിശിഹായെ ഒരു ഭൗതികരാജാവ് മാത്രമായാണ് കണ്ടിരുന്നത്. വളരെ നാളുകയായി റോമൻ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന യഹൂദജനത ഈ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നു. ഈശോ ജെറുസലേമിലേക്ക് കടന്നുവന്നപ്പോൾ സാധാരണക്കാരായ യഹൂദ ജനങ്ങൾ ഈശോ ഉടനെ അത്ഭുതം കാണിച്ച് ജെറുസലേമിൽ അന്നുണ്ടായ റോമൻ പടയാളികളെ നശിപ്പിക്കുമെന്നും പീലത്തോസിനെ ഓടിപ്പിക്കുമെന്നും അങ്ങനെ യഹൂദർക്ക് ഭൗതികമായ അവർ ആഗ്രഹിക്കുന്നത് പോലെയുള്ള സ്വാതന്ത്ര്യം നൽകുമെന്നും അവർ കരുതിയെന്ന്…..”

പക്ഷെ ആയിരക്കണക്കിന് യഹൂദജനതയെ നിരാശരാക്കിക്കൊണ്ട് ക്രിസ്തു ദൈവാലയത്തിലേക്കാണ് കടന്നുപോയത്….

.പല യഹൂദരും ഈ ഒരു സംഭവത്തോടെ ക്രിസ്തുവിന് എതിരായി..

..ദൈവപുത്രൻ ഭൂമിയിൽ മനുഷ്യനായി അവതരിച്ചത് മനുഷ്യവംശം മുഴുവനെയും ഗ്രസിച്ചിരിക്കുന്ന മരണത്തിന്റെയും പാപത്തിന്റെയും ആധിപത്യത്തിൽ നിന്ന് വിമോചിപ്പിച്ച് നിത്യജീവനിലേക്കുള്ള യഥാർത്ഥ ആരാധനയുടെ സ്വാതന്ത്ര്യത്തിലേക്ക് ആണെന്ന് അവർക്ക് മനസ്സിലായില്ല…..

എനിക്ക് തോന്നുന്നു, നമ്മളിൽ ഒരു വിഭാഗം ഞാൻ അടക്കം എന്ന് തന്നെ പറയാം ചിലപ്പോഴൊക്കെ ഈ ഓശാന നാളിലെ പോലെ വലിയ ആരവത്തോടെ ക്രിസ്തുവിനെ കാണാൻ ആഗ്രഹിക്കുന്നവരാണ്….

നമ്മുടെ ജീവിതവും ഇതേപോലെ ആരവങ്ങളും സന്തോഷങ്ങളും വിജയങ്ങളും മാത്രം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നവരാണ് ഒട്ടുമിക്ക “ക്രിസ്ത്യാനികളും”……

ഒരിക്കലും ക്രിസ്തുവിന്റെ സഹനങ്ങളെ ധ്യാനിക്കാനും ആ സഹനങ്ങളെ ഏറ്റെടുക്കാനും അൽപ്പം മടി കാണിക്കുന്നവരാണ് നമ്മൾ “ക്രിസ്ത്യാനികൾ”……….

ക്രിസ്ത്യാനികൾ എന്ന് ഊന്നിപറയാൻ കാരണം ക്രിസ്ത്യാനികളാണ് സഹനങ്ങൾ ഏറ്റെടുക്കാൻ മുമ്പന്തിയിൽ നിൽക്കേണ്ടത്……

പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ നടത്തിക്കിട്ടാൻ മാത്രം പ്രാർത്ഥിക്കുന്നു….

പരീക്ഷ വരുമ്പോഴും രോഗം വരുമ്പോഴും വിദേശത്തു പോകാനും ജീവിതപങ്കാളിയെ കിട്ടാനും ജോലി കിട്ടാനും കുഞ്ഞുങ്ങൾ ഉണ്ടാകാനും കടബാധ്യത മാറാനും വീട് പണിയാനും ബിസിനസ് വളരാൻ അങ്ങനെ നൂറു നൂറു ഭൗതിക ആവശ്യങ്ങൾ വരുമ്പോൾ മാത്രം ഈശോയെ അന്വേഷിക്കുന്നു……

എന്നാൽ അപ്രതീക്ഷിതമായി എന്തെങ്കിലും നമ്മൾ ആഗ്രഹിക്കുന്നതിന് വിപരീതമായി നമ്മുടെ ഇഷ്ട്ടത്തിന് എതിരെ എന്തെങ്കിലും നടന്നാൽ ഉടനെ ക്രിസ്തുവിനെ തള്ളി പറയുന്ന കുർബാനയെ തള്ളിപ്പറയുന്ന പ്രാർത്ഥിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല എന്നൊക്കെ പറയുന്ന ഒരുപാട് പേരെ ചിലപ്പോ നമ്മൾ തന്നെ അങ്ങനെ എത്രയോ വട്ടം പറഞ്ഞിട്ടുണ്ടാകും…….

പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് എന്റെ ഇഷ്ട്ടം മാത്രം കേട്ടിട്ട് അത് അങ്ങനെ തന്നെ നടപ്പിലാക്കുന്ന ഒരു ദൈവത്തെയാണ്…

ദൈവത്തിൽ നിന്ന് മാത്രമല്ല സഭയിൽ നിന്നും അങ്ങനെ തന്നെ…

.നമ്മൾ ആഗ്രഹിക്കുന്നത് പോലെ സഭയിൽ നടന്നില്ലെങ്കിൽ ഉടനെ സഭയെ എന്തിന് സ്വന്തം ഇടവകപള്ളിയിൽ നമ്മുടെ ചിന്തകൾക്ക് വിപരീതമായി ഒരു കാര്യം സംഭവിക്കുമ്പോൾ ഉടനെ സഭയും ഇടവകയും മോശമായി….

ഉടനെ സഭാസംവിധാനങ്ങളെ മെത്രാന്മാരെ പുരോഹിതരെ സമർപ്പിതരെ കുറ്റം പറയുന്നു….

ക്രിസ്തുമതത്തിലെ ആരാധനകൾ പ്രത്യേകിച്ച് ഏറ്റവും വലിയ ആരാധനയായ പരിശുദ്ധ കുർബാനയിലോ ഭക്താഭ്യാസങ്ങളായ ജപമാലയിലോ കുരിശിന്റെ വഴിയിലോ മറ്റ് പ്രാർത്ഥനകളിലോ പങ്കെടുക്കുമ്പോ അതിന്റെയൊക്കെ കാതലായി തോന്നുന്നത് “സഹനങ്ങളുടെ നേരത്തും കർത്താവെ നീ സഹിച്ചപോലെ നിശബ്ദമായി സഹിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ എന്ന് തന്നെയാണ്”….

ആഗ്രഹങ്ങൾ സാധിച്ചു കിട്ടാൻ വേണ്ടി എന്തെങ്കിലും പ്രാർത്ഥനകൾ ക്രിസ്തുമതത്തിൽ ഉണ്ടെങ്കിൽ അത്തരം പ്രാർത്ഥനകൾ ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്നതല്ല എന്ന് തോന്നുന്നു…

.ഭൗതികമായ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കരുത് എന്നല്ല പ്രാർത്ഥിക്കണം….

എന്നാൽ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ആത്യന്തികമായി നമ്മുടെ മനസ്സിൽ ഉണ്ടാകേണ്ടത് സൃഷ്ടാവായ ദൈവം ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ച് മനുഷ്യരാൽ നിന്ദിക്കപ്പെട്ട് മനുഷ്യവംശത്തിന്റെ പാപങ്ങൾ പരിഹരിക്കാൻ അന്ന് ലോകത്തിൽ ഏറ്റവും അപമാനകരമായിരുന്ന കുരിശുമരണം ഏറ്റുവാങ്ങി പാപരിഹാരബലിയായി മാറി മരണത്തെയും പാപത്തെയും ശാപത്തെയും തന്റെ തിരുവുത്ഥാനത്താൽ നിഹനിച്ചു മഹത്വത്തോടെ ദൈവപിതാവിന്റെ വലതുഭാഗത്തു ഉപവിഷ്ടനായി കൂടെ ആയിരിക്കാൻ കുർബാനയായി പാപിയായ നമ്മുടെ ഹൃദയങ്ങളിലേക്ക് വരുന്നു……

അവന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന സ്വർഗ്ഗോൻമുഖരായി ഈ ഭൂമിയിൽ തീർത്ഥാടനം ചെയ്യേണ്ടവരല്ലേ എന്ന ചിന്തയല്ലേ….???

കുർബാന സ്വീകരിക്കുന്നത് സഹനങ്ങൾ ഒഴിവാക്കണമേ എന്ന പ്രാർത്ഥനയോട് കൂടി മാത്രമാണെങ്കിൽ ആ ബലിയുടെ ചൈതന്യം എവിടെയെക്കെയോ കുറഞ്ഞു എന്നല്ലേ മനസ്സിലാക്കേണ്ടത്…..

.ജപമാലയും കുരിശിന്റെ വഴിയും എല്ലാം പരിശുദ്ധ ദൈവമാതാവും ഈശോയും അനുഭവിച്ച സഹനങ്ങളെ ധ്യാനിക്കുന്ന അവസരങ്ങൾ അല്ലെ….???നിങ്ങളുടെ തലമുടിയിഴ പോലും എണ്ണപ്പെട്ടിരിക്കുന്നു എന്നല്ലേ അവിടുന്ന് പറഞ്ഞിരിക്കുന്നത്…

പിന്നെ എന്തിനാണ് ഭൗതികകാര്യങ്ങളെപ്പറ്റിയുള്ള ആവലാതികൾ….?

നമ്മുടെ ഇഷ്ടത്തിന് വിപരീതമായി നടക്കുമ്പോൾ എന്തിന് ഇങ്ങനെ നമ്മൾ പരാതിപ്പെടുന്നു…..???

യഥാർത്ഥമായ ആരാധനയിലേക്ക് പരിശുദ്ധ കുർബാനയിലേക്ക് നമ്മൾ വളർന്നാൽ അൽപ്പനേരത്തെ സഹനത്തിന് ശേഷം യഥാർത്ഥ മഹത്വത്തിലേക്ക് നമ്മൾ എത്തപ്പെടും….

അവിടുന്ന് നയിക്കുന്ന വഴിയിലൂടെ കർത്താവ് നമ്മെ നയിക്കും…. ഉത്ഥിതന്റെ സമാധാനം നമുക്ക് അനുഭവിക്കാൻ സാധിക്കും…..

.”അല്‍പകാലത്തേക്കു വിവിധ പരീക്‌ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്‌ദിക്കുവിന്‍.കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്‌ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത്‌ യേശുക്രിസ്‌തുവിന്റെ പ്രത്യാഗമനത്തില്‍ സ്‌തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.

“1 പത്രോസ് 1 : 6,7

Midhun Thomas

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം