“ആശീർവാദം തേടിവരുന്ന വ്യക്തികളുടെ ദുഷ്ടലാക്ക് പുരോഹിതനു വ്യക്തമാണെങ്കിൽ ആശീർവാദം നല്കേണ്ടതുണ്ടോ? ഉദാഹരണത്തിന്, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും സ്വവർഗരതി പ്രോത്സാഹിപ്പിക്കാനും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി വരുന്നവരെ പിന്തിരിപ്പിക്കാൻ വൈദികൻ ശ്രമിക്കേണ്ടതല്ലേ? തീർച്ചയായും വേണം എന്നാണ് എനിക്കു പറയാനുള്ളത്. ‘-

വാർഷിക ധ്യാനത്തിൻ്റെ സുന്ദരവാല്മീകം മനസ്സില്ലാ മനസ്സോടെ ഭേദിച്ച് പുറത്തിറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ പുകപടലം…
‘ഈ നഗരത്തിന് ഇത് എന്തു പറ്റി’ എന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് DDF (ഡിക്കാസ്റ്ററി ഫോർ ഡോക്ട്രിൻ ഓഫ് ഫെയിത്ത് ) പുറത്തിറക്കിയ ഡിക്ലറേഷനെ തുടർന്നാണ് ഈ അവസ്ഥയെന്ന്! വാർത്താമാധ്യമങ്ങൾ പതിവുപോലെ എരിപിരി വിവരങ്ങൾ തുടരെത്തുടരെ നല്കിക്കൊണ്ടിരിക്കുകയാണത്രേ!
എന്താണെന്നറിയാൻ സംഭവം ഒന്നു വായിച്ചു നോക്കി... പുരോഹിതാശീർവാദമാണ് വിഷയം.
എൻ്റെ സങ്കീർത്തന ക്ലാസ്സിൽ ഇരുന്നിട്ടുള്ള ആർക്കും പണ്ടേ അറിയാവുന്ന കാര്യങ്ങളാണ് DDF, ചില വിഷയങ്ങളെ സംബന്ധിച്ച് അവർക്കു ലഭിച്ച ചോദ്യങ്ങൾക്കു വ്യക്തത നല്കിക്കൊണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ഈ വിഷയത്തിൽ ആദ്യമേ എനിക്കു പറയാനുള്ളത്.
അനുഗ്രഹം എന്നതിന് ഒരു വേലിക്കെട്ടും ഇല്ല; അത് തികച്ചും സൗജന്യവും സാർവത്രികവും ആണ്. എല്ലാം സൃഷ്ടിക്കുകയും എല്ലാറ്റിനെയും അനുഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരുടെയും ദൈവം എന്ന ധ്വനിയാണ് ‘എലോഹീം’ എന്ന ദൈവനാമം ഉയർത്തുന്നത് എന്നതാണ് ഞാൻ ക്ലാസ്സിൽ പറയാറുള്ളത്. ഈ ബോധ്യം ഉള്ളതിനാലാണ് എൻ്റെ പുരോഹിതാശീർവാദങ്ങളെല്ലാം, കുർബാനയ്ക്കൊടുവിൽ ഉള്ളതു പോലും, ഏറെ വിശാലവും താരതമ്യേന കൂടുതൽ സമയമെടുക്കുന്നതും ആയിരിക്കുന്നത്.
തങ്ങളോടു ചോദിക്കപ്പെട്ട രണ്ട് മേഖലകളെക്കുറിച്ച് – ക്രമരഹിതമായി കൂടിത്താമസിക്കുന്ന സ്ത്രീ-പുരുഷന്മാരോ സ്വവർഗരതിക്കാരോ ആശീർവാദം ചോദിച്ചു വന്നാൽ ഒരു കത്തോലിക്കാ പുരോഹിതന് അവരെ ആശീർവദിക്കാമോ എന്നതിനെക്കുറിച്ച് – DDF ഉത്തരമായി നല്കിയിരിക്കുന്നത് അനുഗ്രഹത്തിൻ്റെ വിശാല ചക്രവാളത്തെക്കുറിച്ചുള്ള ഈ പ്രബോധനമാണ്. അത് പരിപൂർണമായും ശരിയാണ്. ദൈവമാണ് അനുഗ്രഹത്തിൻ്റെ ഉറവിടം എന്നു ബോധ്യമുള്ള ഒരു അജപാലകനും അനുഗ്രഹം തേടിവരുന്ന ഒരാളെയും അതു നല്കാതെ മടക്കിയയയ്ക്കാൻ കഴിയില്ല. പട്ടിക്കും പൂച്ചയ്ക്കും ഭൂമിക്കും കടലിനും വാഹനങ്ങൾക്കും ആശീർവാദം ആകാമെങ്കിൽ, മനുഷ്യർക്ക് എന്തുകൊണ്ട് അതു നിഷേധിക്കണം?
ഒപ്പം, വളരെ കൃത്യതയോടും ജാഗ്രതയോടും കൂടെ DDF വ്യക്തമാക്കുന്നു – ആ ആശീർവാദം ഒരു കാരണവശാലും വിവാഹാശീർവാദമായി തെറ്റിദ്ധരിക്കപ്പെടാൻ ഇടയാക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന്. ഒപ്പം, മനുഷ്യരും അവരുടെ ബന്ധങ്ങളും സുവിശേഷത്തോടുള്ള വിശ്വസ്തതയിൽ വളരുകയും പക്വത പ്രാപിക്കുകയും മനുഷ്യർ തങ്ങളുടെ അപൂർണതകളിൽ നിന്നും ദൗർബല്യങ്ങളിൽ നിന്നും വിമുക്തരാകുകയും ചെയ്യുന്നതിനു വേണ്ടിയാണ് ഈ ആശീർവാദം എന്ന് DDF രേഖയുടെ 31-ാം ഖണ്ഡിക വ്യക്തമാക്കുകയും ചെയ്യുന്നു. അതിൻ്റെ അർത്ഥം, തിന്മയുടെ ബന്ധനങ്ങളുടെ തകർച്ചയും വിശുദ്ധിയിലുള്ള വളർച്ചയുമാണ് ആ ആശീർവാദത്തിലൂടെ സഭ ലക്ഷ്യമിടുന്നത് എന്നു തന്നെയാണ്. ആശീർവാദത്തിനിടയിൽ വൈദികൻ പ്രാർത്ഥിക്കേണ്ടതും അതിനു വേണ്ടിത്തന്നെയാണ്.

എന്നാൽ, ഇവിടെ ഒരു ചോദ്യം നിലനില്ക്കുന്നു. ആശീർവാദം തേടിവരുന്ന വ്യക്തികളുടെ ദുഷ്ടലാക്ക് പുരോഹിതനു വ്യക്തമാണെങ്കിൽ ആശീർവാദം നല്കേണ്ടതുണ്ടോ? ഉദാഹരണത്തിന്, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും സ്വവർഗരതി പ്രോത്സാഹിപ്പിക്കാനും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി വരുന്നവരെ പിന്തിരിപ്പിക്കാൻ വൈദികൻ ശ്രമിക്കേണ്ടതല്ലേ? തീർച്ചയായും വേണം എന്നാണ് എനിക്കു പറയാനുള്ളത്. എന്നാൽ, ഈ വിഷയത്തിൽ ആർച്ച് ബിഷപ്പ് തോമസ് പേറ്റയും ബിഷപ്പ് അത്തനേഷ്യസ് ഷ്നൈഡറും എടുത്തിരിക്കുന്ന പ്രതിലോമകരമായ നിലപാടിനോട് എനിക്ക് അല്പം പോലും യോജിപ്പില്ല. ഒപ്പം പറയട്ടെ, സ്വവർഗരതി പ്രോത്സാഹനത്തിനുള്ള അവസരമായി DDF രേഖയെ ഉപയോഗിക്കുന്ന ഫാ. ജെയിംസ് മാർട്ടിൻ SJയെപ്പോലുള്ളവർക്ക് കടിഞ്ഞാണിടാൻ വത്തിക്കാൻ ഇനിയും മടിച്ചുകൂടാ.

ഫാ. ജോഷി മയ്യാറ്റില്