ദുഷ്ടതയും അധർമ്മവും നിറഞ്ഞ ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. നമ്മളിൽ നിന്ന് നേട്ടം കൈവരിച്ചവർ പോലും നിങ്ങൾക്കെതിരെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയങ്ങളുണ്ട്. എന്നാൽ ഇതിനെല്ലാം ഇടയിൽ, നമ്മുടെ കർത്താവ് എപ്പോഴും നമുക്ക് നല്ലത് മാത്രം നൽകുന്നു. കർത്താവിന്റെ നന്മ ആസ്വദിച്ച സങ്കീർത്തനം 85 : 12 ൽ ദാവീദ് പറയുന്നു, കര്‍ത്താവു നന്മ പ്രദാനം ചെയ്യും;നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
ജീവിതത്തിൽ നാം വളരെയധികം വെല്ലുവിളികൾ അഭിമുഖീകരിച്ചിട്ടുണ്ടാകാം, ദുഃഖത്തിന്റെയും കയ്പേറിയ കണ്ണുനീരിന്റെയും പാതകളിലൂടെ നടന്നു. എന്നാൽ നാം കർത്താവിനെ സ്നേഹിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്താൽ, ആ കയ്പ്പും വേദനയും പോലും നമ്മളുടെ നന്മയ്ക്കായി മാറ്റാൻ അവനു കഴിയും. റോമ 8:28 ൽ പറയുന്നു, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ നന്മയ്ക്കു പകരം തിന്മയും കഷ്ടതയും ജോബിന്റെ ജീവിതത്തിലെന്നപോലെ നമ്മൾക്കും നേരിട്ടെന്നു വരാം. എന്നാൽ അവിടെയും ദൈവം ഒരു പ്രത്യേക അർത്ഥത്തിൽ നന്മ ചെയ്യുകയാണ്. വചനം പറയുന്നു, ഒരു മനുഷ്യൻ കഷ്ടം സഹിക്കുന്നത് നല്ലതാണ്. , നന്മയ്ക്കും, വിശുദ്ധീകരണത്തിനും, വിശ്വാസത്തിൽ ബലപ്പെടുന്നതിനും, സഹിഷ്ണുതയ്ക്കും അതു കാരണമായിതീരുന്നു.
ഒരു ലൗകിക പിതാവ് തന്റെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ അറിയുമ്പോൾ, നമ്മളുടെ അത്യധികം സ്നേഹമുള്ള സ്വർഗ്ഗീയ പിതാവ് നമ്മൾക്ക് നല്ല സമ്മാനങ്ങൾ നൽകില്ലേ? കർത്താവ് തീർച്ചയായും കൂടുതൽ നൻമ നൽകി അനുഗ്രഹിക്കും. ദൈവസന്നിധിയിൽ വിശ്വാസ്ഥതയോടെയും, വിശുദ്ധിയോടും, നിൽക്കുന്നവന് കർത്താവ് മുൻകാലങ്ങളിലെക്കാൾ നൻമയും അനുഗ്രഹവും പ്രദാനം ചെയ്യും. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.





