ജീവിതത്തിൽ വല്ലാതെ തകർന്നുപോകുന്ന ചില നാളുകൾ വരും. ആ നാളുകളിൽ നമ്മെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുക യും ചെയ്യുന്നത് ദൈവശക്തിയാണ്. നാം നമ്മുടെ സങ്കടങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ തുറന്നുവയ്ക്കുമ്പോൾ നമ്മുടെ കണ്ണുനീര് എന്നന്നേക്കുമായി തുടച്ചു മാറ്റുവാൻ ദൈവത്തിന് കഴിയും. ആത്മാർത്ഥതയുള്ള സൗഹൃദവും, അമൂല്യമായ വിശ്വസ്തതയും ദൈവത്തിന്റെ അനുഗ്രഹമാണ്. നമ്മുടെ ഹൃദയവിചാരങ്ങളും നമ്മെയും അറിയുന്നവനാണ് ദൈവം. അൽപകാലത്തേക്ക് നമ്മെ സന്തോഷിപ്പിക്കാൻ ഉതകുന്ന ഒട്ടേറെ കാര്യങ്ങൾ പ്രദാനം ചെയ്യാൻ ഈ ലോകത്തിനാകും. എന്നാൽ, ഏത് പ്രതിസന്ധിയിലും നമ്മുടെ കരം പിടിക്കാൻ കർത്താവ് നമ്മുടെ കൂടെ ഉണ്ട്.

ലൂക്കാ സുവിശേഷം 24-ാമത്തെ അധ്യായത്തിൽ എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാരെപ്പറ്റി വായിക്കുന്നു. ഈശോയുടെ മരണത്തിനുശേഷം മനം തകർന്ന്, ജീവിതത്തിൽനിന്ന് ഒളിച്ചോടിപ്പോകുന്ന രണ്ട് ശിഷ്യന്മാർ. ജറുസലേമിൽനിന്ന് എമ്മാവൂസിലേക്ക് അതായത് കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ശിഷ്യർ നടന്നു എന്നു പറഞ്ഞാൽ ജീവിതത്തിന്റെ പ്രതീക്ഷകളെല്ലാം ഉടഞ്ഞുവീണു എന്നാണർത്ഥം. ജീവിതത്തിന്റെ പ്രതിസന്ധികളിൽ എങ്ങോട്ട് പോകണമെന്ന് അറിയാതെ നമ്മുടെ ജീവിതം നട്ടം തിരിയുന്ന സമയത്ത് നമ്മളറിയാതെ നമ്മുടെ കൂടെ നടക്കുന്നൊരു ദൈവമുണ്ട്, അത് ക്രിസ്തുവാണ്. സങ്കടപ്പെടുന്നവരുടെ കൂടെ നടക്കുന്ന ഒരു ദൈവം.

നമ്മുടെ ജീവിതത്തിലും ചിലപ്പോൾ മുമ്പിൽ നിൽക്കുന്ന ദൈവം പിന്നിലേക്ക് മാറും. ദൈവമെവിടെപ്പോയെന്ന് ചോദിച്ച് നാം തേങ്ങും. അന്നേരം നാം തിരിച്ചറിയേണ്ട കാര്യം അവൻ നമ്മെ വിട്ടുപോയിട്ടില്ല എന്നാണ്. നമ്മുടെ പിന്നിലേക്ക് മാറി നാം വീണുപോകാതിരിക്കാൻ യേശു തന്റെ കൈകളിൽ നമ്മളെ എടുത്തു പിടിച്ചിരിക്കുകയാണ്. ജീവിതത്തിൽ നാം ഒറ്റയ്ക്കല്ല സഹിക്കുന്നത്. നമ്മൊടൊപ്പം യേശുവുമുണ്ട്. നാം രോഗിയാകുമ്പോഴും ഒറ്റയ്ക്കല്ല, കർത്താവുണ്ട് കൂടെ. യേശുവുണ്ടെങ്കിൽ ഏതിടവും സുരക്ഷിതമാണെന്ന ബോധ്യം, ഈ ബോധ്യത്തിലേക്ക് വളരാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതം അനുഗ്രഹപ്രദമായി മാറും. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്