യേശു ക്രിസ്തു ദൈവരാജ്യത്തിന്റെ സദ് വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നുകൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു, മോചനം നൽകി, പാപത്തിന്റെ ബന്ധനത്തിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തടവറയിലും കഴിഞ്ഞവരുടെ ഹൃദയങ്ങളിലേക്ക് ദൈവത്തിന്റെ ശക്തി പകർന്നു നൽകി അവരെ മോചിപ്പിച്ചു. ദൈവജനമെല്ലാം ദൈവ ശക്തിയുടെ മഹത്വം ദർശിക്കുവാൻ ക്രിസ്തുവിലൂടെ ദൈവം ഇടയാക്കി. എന്നാൽ, കേവലം മൂന്നുവർഷം കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല യേശുവിന്റെ രക്ഷാകരപ്രവർത്തനം.
ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലമെല്ലാം ദൈവശകതിയുടെ രക്ഷാകരപ്രവർത്തനം അത് തുടർന്നുകൊണ്ടു പോകണം എന്നതായിരുന്നു ദൈവഹിതം. തന്റെ മരണശേഷം, താൻ തിരഞ്ഞെടുത്തുയർത്തിയ തന്റെ ശിഷ്യർ ദൈവമഹത്വത്തിനായുള്ള കാര്യങ്ങൾ തുടർന്നു കൊണ്ടുപോകേണ്ടതിനു ആവശ്യമായ അധികാരവും ശക്തിയും യേശു പകർന്നു നൽകി. ഇന്നും ദൈവശക്തി ദൈവമക്കളായ നമ്മിലൂടെ പ്രദാനം ചെയ്യുന്നു. പഴയ നിയമ പ്രവാചകരും, പുതിയ നിയമ പ്രവാചകരും അവരുടെ ജീവിതത്തിൽ നിരവധി കഷ്ടങ്ങൾ സഹിച്ചു, എന്നാൽ കർത്താവ് അവരെ ശക്തീകരിച്ചു.
ഇന്നത്തെ ലോകത്തിൽ എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെ ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്. നമ്മിലെ അന്ധകാരത്തെയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെയും തിരിച്ചറിഞ്ഞ്, എകരക്ഷകനായ യേശുക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് കണ്ണുകൾ തുറക്കാൻ നമുക്കാവുന്നുണ്ടോ? നമ്മുടെ രക്ഷകനായ യേശുവിൽ സാഹചര്യങ്ങളെ നോക്കാതെ യേശുവിൽ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക അപ്പോൾ അവിടുന്ന് നമ്മെ ശക്തിപ്പെടുത്തും. ദിനം പ്രതി നമ്മെ ശക്തിപ്പെടുത്തുന്ന ദൈവത്തിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.