ദൈവത്തിന്റെ ആൽമാവിനു വേണ്ടി ദാഹിക്കുക എന്നു പറഞ്ഞാൽ എന്തു തന്നെ സംഭവിച്ചാലും പ്രതീക്ഷാ നിർഭരമായി കർത്താവിനെ കാത്തിരിക്കുക എന്നതാണ്. ദാഹിക്കുന്ന ഹൃദയത്തിൽ മാത്രമേ പരിശുദ്ധാൻമാവിന്റെ പരിവർത്തനം ഉണ്ടാകുകയുള്ളു. സങ്കീര്‍ത്തനങ്ങള്‍ 42 : 1 ൽ പറയുന്നു, നീര്ച്ചാല് തേടുന്ന മാന്‍പേടയെപ്പോലെ,ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. ദാഹിച്ചു വലയുന്ന മാൻപേടയുടെ വെള്ളത്തിനു വേണ്ടിയുള്ള ദാഹം പോലെയാണ് കർത്താവിന് വേണ്ടിയുള്ള ദാഹം. ജീവിതത്തിൽ മനുഷ്യന് ഉണ്ടാകുന്ന പ്രയാസങ്ങൾക്കും, പ്രതിസന്ധികൾക്കും പരിഹാരമേകാൻ കഴിവുള്ള ദൈവത്തിനു വേണ്ടി നാം കാത്തിരിക്കുക.
കർത്താവിനും നാം ഒരോരുത്തരെക്കുറിച്ചും ദാഹമുണ്ട്. യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ ഒരു സമറിയാ സ്ത്രീയോടു കർത്താവ് : “എനിക്കു കുടിപ്പാൻ തരുമോ” എന്നു ചോദിക്കുന്ന ഒരു ഭാഗമുണ്ട്. കർത്താവിന്റെ ദാഹം അക്ഷരാത്ഥത്തിലുള്ള വെള്ളം കുടിക്കുന്നതിനു വേണ്ടി ആയിരുന്നില്ല. അത് സമറിയാ സ്ത്രീയേയും അവളുമായി ബന്ധപ്പെട്ടവരെയും ദൈവത്തിലേയ്ക്ക് നേടുവാനുള്ള ദാഹമായിരുന്നു.
ലോകം ആത്മീയനിദ്രയില്‍ നിന്നുണര്‍ന്ന് എണീല്ക്കേണ്ട സമയമാണ്. ഈ കാലഘട്ടത്തിന്റെ പ്രത്യേകത ആമോസ് 8 :11 ല്‍ പറയുന്നതു പോലെ ദേശത്ത് ക്ഷാമം അയ്ക്കുന്ന നാളുകൾ വരുന്നു. അതുപോലെ ഓരോ സൃഷ്ടിയും ദൈവവചനത്തിന് വേണ്ടി ദാഹിക്കുന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ട് സുവിശേഷവല്ക്കരണവും സുവിശേഷ പ്രഘോഷണവും ഈ കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്. നാം ഓരോരുത്തർക്കും ദൈവത്തിനു വേണ്ടി ദാഹിക്കുകയും, തിരുവചനം പകർന്നു നൽകുന്നതിലൂടെ മറ്റുള്ളവരുടെ ദാഹം ശമിപ്പിക്കുകയും ചെയ്യുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.