I have engraved you on the palms of my hands. (Isaiah 49:16) ✝️
കർത്താവ് നമ്മളെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ നാം കാണുന്നത് ദൈവമക്കൾ ആയ നമ്മളോടുള്ള കർത്താവിൻറെ ഒരു കരുതലും, സംരക്ഷണവുമാണ്. നമ്മുടെ ചെറിയ ആവശ്യങ്ങൾ പോലും മനസ്സിലാക്കുകയും അവ നൽകി നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ കർത്താവ്. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു മുൻപ് നമ്മളെ കണ്ട ദൈവം നമ്മളെ കുറിച്ചുള്ള ദൈവിക പദ്ധതികളും നടപ്പാക്കാൻ ദൈവം വിശ്വസ്തനാണ്. പലപ്പോഴും ദൈവ പദ്ധതിയിൽ നിന്നും നാം മാറിപോകാൻ ഉള്ള കാരണം നമ്മളെ വിളിച്ചതിന്റെ പദ്ധതിയും അതിന്റെ പിന്നിലെ ഉദ്ദേശവും മനസിലാക്കാൻ വൈകി പോകുന്നതുകൊണ്ടാണ്.
ഇസ്രായേൽ ജനം കാനാൻ ദേശത്തേക്ക് പുറപ്പെടുമ്പോൾ ഒരു കാര്യവും വ്യക്തമല്ല. പക്ഷേ, അവർ പുറപ്പെട്ടു. യാത്രയിൽ ഓരോ സമയത്തും ആവശ്യമായത് ദൈവം നൽകിക്കൊണ്ടിരുന്നു. ഫറവോ സൈന്യം പിടിക്കാൻ വന്നപ്പോൾ ദൈവം ചെങ്കടൽ വിഭജിച്ച് അക്കരെ കടത്തി. വിശന്നപ്പോൾ മന്ന നൽകി. ദാഹിച്ചപ്പോൾ വെള്ളം നൽകി. പകൽ മേഘത്തണൽ നൽകി. രാത്രിയിൽ വെളിച്ചം നൽകി. ശത്രുരാജ്യങ്ങളെ കീഴ്‌പ്പെടുത്തുവാൻ കൃപ നൽകി. മോശ മരിച്ചപ്പോൾ പുതിയ നേതൃത്വം നൽകി. ഒന്നും മുൻകൂട്ടി പറഞ്ഞില്ല. ആവശ്യം വന്നപ്പോൾ എല്ലാം നൽകി. ഇങ്ങനെയാണ് നമ്മുടെ കാര്യത്തിലും. നമ്മൾ പ്രശ്‌നങ്ങൾ കാണുകയും പരിഹാരം കാണാതിരിക്കുകയും ചെയ്യുന്നു. അതിനാൽ നമ്മൾ ഭയപ്പെടുന്നു. എന്നാൽ ദൈവത്തിന് ഭയം ഇല്ല. അവ്യക്തതകളും ഇല്ല. നമ്മൾ ഭയപ്പെടുന്ന പലതും സംഭവിക്കുകയില്ല എന്ന് ദൈവത്തിനറിയാം. അഥവാ, സംഭവിച്ചാലും പരിഹാരങ്ങൾ ദൈവത്തിന്റെ മുമ്പിലുണ്ട്.
നമ്മുടെ കരത്തിന്റെ ശക്തി നമ്മുടെ ശക്തിയാണ്. അങ്ങനെയെങ്കിൽ ദൈവത്തിന്റെ കരത്തിന്റെ ശക്തി എന്നു പറയുന്നത് ദൈവത്തിന്റെതന്നെ ശക്തിയാണ്. തന്റെ ശക്തികൊണ്ട് ദൈവത്തിന് ചെയ്യാൻ കഴിയാത്തതായി എന്താണ് ഉള്ളത്? ഏശയ്യാ 59:1 ൽ പറയുന്നു രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകി പോയിട്ടില്ല, കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല. നാം ഓരോരുത്തർക്കും പൂർണ്ണമനസ്സോടെ ദൈവത്തിൽ വിശ്വസിക്കാം കാരണം കർത്താവ് നമ്മളെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.
😇
ആമ്മേൻ
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏