For I have kept the ways of the Lord, and have not wickedly departed from my God.”(Psalm 18:21)
ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്, ദൈവത്തിന്റെ പ്രമാണങ്ങളിലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ മാത്രമേ, നമ്മിലെ അന്ധകാരത്തെ തിരിച്ചറിയാനും, സത്യപ്രകാശമായ ദൈവത്തെ അന്വേഷിക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. “ലോകത്തിന്റെ പ്രകാശമായ” യേശുവിൽ ആയിരിക്കുമ്പോൾ നമുക്ക്, വികലമായ കാഴ്ചപ്പാടുകളിലൂടെ തങ്ങളിലെ പ്രകാശത്തെ അന്ധകാരത്തിന് തീറെഴുതിയ നമ്മുടെ സഹോദരരുടെ ചാരം മൂടിക്കിടക്കുന്ന ആത്മാവിനെ കണ്ടെത്താനും തിരിച്ചറിയാനും സാധിക്കും.
ദൈവത്തിന്റെ പ്രകാശം പാപിയിൽ നിന്നും പാപത്തെ വേർതിരിക്കുന്നു; അതുവഴി, ദൈവം പാപിയെ സ്നേഹിക്കുകയും പാപത്തെ കീഴടക്കുകയും ചെയ്യുന്നു.ആത്മസംതൃപ്തിയോ, ദൈവത്തിനു പ്രിയപ്പെട്ടവൻ എന്ന് മറ്റുള്ളവരെകൊണ്ട് പറയിക്കുകയോ ആയിരിക്കരുത് നമ്മുടെ മതാനുഷ്ടാനങ്ങൾക്കു പിന്നിലുള്ള പ്രേരകശക്തി. ദൈവത്തോടുള്ള സ്നേഹവും ആദരവും ഭക്തിയും അനുസരണവും പ്രകടിപ്പിക്കാനുള്ള അവസരങ്ങളായിരിക്കണം അവ. അപ്പോൾ, നമ്മുടെ ഹൃദയവിചാരങ്ങൾ വിവേചിച്ചറിയുന്ന ദൈവം നമുക്ക് പ്രതിഫലം നൽകും.
നമ്മുടെ പാപങ്ങളുടെ ഫലമെന്താണെന്നതിനെക്കുറിച്ച് ശരിയായ ധാരണ നമ്മിൽ മിക്കവർക്കും ഇല്ല. അതുകൊണ്ടുതന്നെ നമ്മളുടെ പാപങ്ങൾ ക്ഷമിക്കുന്ന ദൈവസ്നേഹത്തിന്റെ വിലയെന്തെന്ന് നമ്മൾ തിരിച്ചറിയാതെ പോകുന്നു. ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന തിരിച്ചറിവാണ് നമുക്ക് ശരിയായ പാപബോധ്യം തരുന്നത്. ഈ ബോധ്യത്തിലൂടെ നമ്മൾ ദൈവസ്നേഹത്തിൽ നിന്ന് എത്രത്തോളം അകന്നു പോയിരിക്കുന്നു എന്ന് മനസ്സിലാക്കുന്പോഴാണ് നമ്മിൽ യഥാർഥമായ പശ്ചാത്താപം ഉടലെടുക്കുന്നത്. ഇങ്ങനെയുള്ള മനസ്താപത്താൽ ഉരുകുന്ന ഹൃദയങ്ങളിക്കാണ് ദൈവത്തിന്റെ രക്ഷ കടന്നുവരുന്നത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.