ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും നമ്മളുടെ കൺ മുന്നിലുണ്ട്. ദൈവം നമ്മളെ നൻമയുടെ വഴിയിലേയ്ക്ക് കൈപിടിച്ച് വഴി നടത്തുന്നു, എന്നാൽ സാത്താൻ പ്രലോഭനങ്ങളാൽ പാപത്തിലേയ്ക്ക് വഴി നടത്തുന്നു. ജീവിതത്തിന്റെ ഏത് സാഹചര്യത്തിലും ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല എന്നാണ് യേശു നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളത്. നമ്മെ സ്നേഹിക്കുന്നതും കരുതലുള്ളതുമായ ദൈവമാണ് നമ്മുക്ക് ഉള്ളത്. നാം നമ്മളുടെ ആവശ്യങ്ങൾ അറിയുന്നതിനു മുൻപേ കർത്താവ് ഒരോ ആവശ്യങ്ങളും അറിയുന്നു. ഒരോ ദിവസവും കർത്താവ് നമ്മുടെ പ്രാർത്ഥന കേട്ട് നമ്മെ അനുഗ്രഹിക്കാൻ തയ്യാറാകുന്നു. വിശ്വാസത്തോടും എളിമയോടും കൂടി പ്രാർത്ഥിച്ചാൽ മറുപടി തരും എന്ന് എത്രയോ തവണ അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു.
സർവ്വശക്തനായ കർത്താവിൽ വിശ്വസിക്കുക. നമ്മുടെ കൺമുൻപിലുള്ള ഏത് പ്രതിസന്ധിയിലും ഏത് ആവശ്യത്തിലും നമ്മെ സഹായിക്കാൻ യേശുവിന് കഴിയും. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റാനും, അഞ്ച് അപ്പംകൊണ്ട് ആയിരക്കണക്കിന് ആളുകളെ തീറ്റി തൃപ്തരാക്കാനും അനേകം രോഗികളെ സുഖപ്പെടുത്തുവാനും അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുവാനും മരിച്ചവരെ ഉയിർപ്പിക്കുവാനും, ശാന്തമാവുക’ എന്നുപറഞ്ഞ് കൊടുങ്കാറ്റിനെയും, തിരമാലകളെയും മരണഭയത്താൽ നിറഞ്ഞ ശിഷ്യന്മാരുടെ മനസിനെ ശാന്തമാക്കുവാനും പാപമോചനവും മനസമാധാനവും എല്ലാം നൽകാനും കഴിഞ്ഞ യേശു നമുക്ക് സമീപസ്ഥനാണ്.
നമ്മുടെ കൺമുന്നിലുള്ള ദൈവം നമ്മളുടെഏത് ആവശ്യങ്ങളെയും അറിയുന്നു. സിംഹക്കൂട്ടിലെറിയപ്പെട്ട ദാനിയേലിന്റെയും വൃദ്ധയായ സാറായുടെയും ജീവിതത്തിൽ അത്ഭുതകരമായ ഇടപെടലുകൾ നടത്തിയ ദൈവം, അസാധ്യമെന്ന് നാം കരുതുന്ന നമ്മുടെ ആവശ്യങ്ങളുടെമേൽ ശക്തമായി പ്രവർത്തിക്കുമെന്ന് ഓർമപ്പെടുത്തുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.