സാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി / ആന്റി ഫാമിലി വാദങ്ങളും വായിച്ചു.
ഞാൻ ആ സിനിമ കണ്ടിട്ടില്ല. അത് കൊണ്ട് സിനിമയുടെ സാങ്കേതിക വശങ്ങളോ അത് കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളോ നേരിട്ട് അറിയില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ചകളിലെ ചില പ്രധാന വാദമുഖങ്ങൾ ഒരു കത്തോലിക്കാ ഡോക്ടർ എന്ന നിലയിലും കുടുംബ ജീവിത നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തി എന്ന നിലയിലും ഒരു മതാദ്ധ്യാപകൻ എന്ന നിലയിലും ശാസ്ത്രീയമായും കത്തോലിക്കാ വിശ്വാസ സംഹിതയുടെ അടിസ്ഥാനത്തിലും വിശദീകരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നുന്നു.
- സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീകളുടെ മഹത്വവും:
സ്ത്രീകളും പുരുഷന്മാരും പൂർണ്ണ വ്യക്തികൾ ആയി സൃഷ്ടിക്കപ്പെട്ടവരാണ്. അതിനാൽ തന്നെ വ്യക്തികൾ എന്ന നിലയിൽ അവർക്ക് ഇരുവർക്കും തുല്ല്യ മഹത്വവും ഉത്തരവാദിത്വവും സ്വാതന്ത്ര്യവും ഉണ്ട്. പരസ്പരപൂരകമായി സൃഷ്ടിക്കപ്പെട്ട സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കുകയും വളർത്തുകയും ചെയ്യേണ്ടവരാണ്. - വിവാഹം:
ഇങ്ങനെയുള്ള തുല്ല്യ വ്യക്തികൾ സ്വതന്ത്രമായ തീരുമാനം അനുസരിച്ച് തങ്ങളെത്തന്നെ പരസ്പരം പൂർണമായും സമർപ്പിക്കുന്ന കൂദാശയാണ് കത്തോലിക്കാ വിവാഹം. കത്തോലിക്കാ വിവാഹത്തിന് മൂന്ന് പ്രധാന ലക്ഷ്യങ്ങൾ ഉണ്ട്: ദമ്പതികളുടെ ഉപരി നന്മ, മക്കളുടെ ജനനം, അവരുടെ വിദ്യാഭ്യാസം. ഉത്തമ കത്തോലിക്കരായി എത്ര മക്കളെ വളർത്താൻ കഴിയുമോ, അത്രയും മക്കൾക്ക് അവർ ജന്മം നൽകണം. - ലൈംഗികത:
ലൈംഗികത കേവലം സുഖാസ്വാദനത്തിന് വേണ്ടിയല്ല, പരസ്പര സ്നേഹം പങ്കു വെക്കാനും ജീവൻ പകരാനുമായി നൽകപ്പെട്ട ദാനമാണ്. ദൈവിക പദ്ധതിയിൽ രണ്ടു ലക്ഷ്യങ്ങൾക്കും തുല്ല്യ പ്രാധാന്യമാണ് ഉള്ളത്. ലൈംഗികത കേവലം സുഖത്തിന് മാത്രമായി പരിമിതപ്പെടുത്തുമ്പാൾ ദമ്പതികൾ തങ്ങളുടെ ജീവിത പങ്കാളിയെ കേവലം ഉപഭോഗ വസ്തുവായി തരം താഴ്ത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല, ജീവൻ പകരാൻ ഉള്ള തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. - കരിയർ:
സ്വന്തമായ ജോലിയും ആ മേഖലയിലെ ഉന്നമനവും തീർച്ചയായും സ്ത്രീകളുടെ അവകാശം ആണ്. പുരുഷന്മാരുടേത് എന്ന പോലെ തന്നെ. - മാതൃത്വം:
പുരുഷന്മാർക്ക് അസാധ്യമായ ഒരു കഴിവാണ് മാതൃത്വം. സ്ത്രീക്ക് ദൈവം നൽകിയ ഏറ്റവും മഹത്തായ ദാനം. മാതൃത്വം ഒരു അഭിമിനാർഹമായ പ്രൊഫഷൻ ആണ്. ഒരു പുരുഷന് സ്ത്രീയോട് അസൂയ തോന്നുന്ന അവളുടെ സ്വത്വമാണ് മാതൃത്വം. - കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല!
സ്ത്രീയുടെ ശരീരത്തിനുള്ളിൽ രൂപപ്പെടുന്ന പൂർണ മനുഷ്യ വ്യക്തിയാണ് ഭ്രൂണം അഥവാ ഗർഭസ്ഥ ശിശു. ഒരു പുരുഷന് അഥവാ ഒരു സ്ത്രീക്ക് ഉള്ള എല്ലാ അവകാശങ്ങളും ഉള്ള ഒരു പൂർണ മനുഷ്യ വ്യക്തി. അവകാശങ്ങളിൽ ആദ്യത്തേത് ജീവിക്കാൻ ഉള്ള അവകാശമാണ്. അന്യവൽക്കരിക്കാൻ ആകാത്ത അവകാശം. അമ്മയുടെ ശരീരത്തിനുള്ളിൽ ആയിരിക്കുമ്പോളും കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല. അതിനാൽ തന്നെ ആ കുഞ്ഞിന്റെ ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല. കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശം വിലമതിക്കാൻ കഴിയാത്ത സ്ത്രീ അവളുടെ അവകാശം / സ്വാതന്ത്ര്യം വിലമതിക്കണം എന്ന് പറയുന്നത് ഇരട്ടത്താപ്പ് അല്ലേ? ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യം അടുത്ത വ്യക്തിയുടെ മൂക്കിൻ തുമ്പിൽ അവസാനിക്കുന്നു. സ്ത്രീയുടെ ശരീരത്തിനുള്ളിൽ ആണ് എങ്കിലും ശരീരത്തിന് പുറത്ത് വന്നാൽ ജീവൻ നിലനിർത്താൻ സാധിക്കില്ല എങ്കിലും സ്ത്രീയുടെ സ്വാതന്ത്ര്യം കുഞ്ഞിന്റെ ശരീരത്തിന് പുറത്ത് അവസാനിക്കുന്നു എന്ന് മറക്കരുത്.
- കുടുംബം:
ഈ സിനിമയും ഈദൃശ സിനിമകളും ഇന്ന് ആക്രമിക്കുന്നത് കുടുംബം എന്ന സങ്കല്പത്തെയാണ്. ഒരു സ്ത്രീയും പുരുഷനും സ്വതന്ത്രമായ മനസ്സോടും പൂർണമായ സമ്മതത്തോടെയും പരസ്പരം പൂർണമായും സമർപ്പിക്കുമ്പോൾ ഒരു പുതിയ കുടുംബം രൂപപ്പെടുന്നു. കുടുംബത്തിന്റെ പ്രഥമ ലക്ഷ്യം ദമ്പതികളുടെ ഉപരി നന്മയാണ്. പുരുഷന്റേയും സ്ത്രീയുടേയും മാത്രം നന്മയാകാവുന്ന പലതിനും മുകളിൽ തങ്ങളുടെ കുടുംബത്തിന്റെ ഉപരി നന്മ പ്രതിഷ്ഠിക്കുമ്പോൾ ആണ് കുടുംബ ജീവിതം വിജയിക്കുന്നത്. പുരുഷനും സ്ത്രീയും ത്യാഗങ്ങൾ സഹിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. സഹനങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്ന കുടുംബങ്ങൾ സ്നേഹത്തിൽ നിലനിൽക്കാതെ പോകുന്നു. - ആക്സിഡെന്റൽ പ്രെഗ്നൻസി:
തികച്ചും സാങ്കേതികമായ പദപ്രയോഗം. ലൈംഗിക ബന്ധം ആക്സിഡെന്റൽ അല്ലെങ്കിൽ പിന്നെ പ്രെഗ്നൻസി എങ്ങനെ ആക്സിഡെന്റൽ ആകും? സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിന്റെ സ്വാഭാവിക പരിണാമം മാത്രമാണല്ലോ ഗർഭധാരണം. എപ്പോഴും സംഭവിക്കില്ല എങ്കിൽ പോലും. അപ്പോൾ ദാമ്പത്യ ലൈംഗിക ബന്ധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുളള വിമുഖതക്ക് നൽകുന്ന ഓമനപ്പേരാണ് ആക്സിഡെന്റൽ പ്രെഗ്നൻസി. ആരും പ്ളാൻ ചെയ്തില്ലെങ്കിലും ദൈവം പ്ളാൻ ചെയ്ത പ്രെഗ്നൻസി ആണ് അത്. ഒരു ഗർഭസ്ഥ ശിശു പോലും ആക്സിഡെന്റലോ അൺവാണ്ടടോ ആകരുത്, ആക്കരുത്. - കുട്ടികൾ വേണോ കരിയർ വേണോ?
ഇവ രണ്ടും പരസ്പര വർജ്ജകങ്ങൾ ആയ കാര്യങ്ങൾ അല്ല. കുഞ്ഞിനെ സ്വീകരിച്ചു കൊണ്ട് കരിയറിൽ മുന്നേറിയ അനേകം സ്ത്രീരത്നങ്ങളെ നേരിട്ട് പരിചയം ഉണ്ട്. രണ്ടും പ്രധാനമാണ്. കരിയറിൽ മുന്നേറിയ ശേഷം മതി കുട്ടികൾ എന്ന് കരുതി ഗർഭധാരണം വൈകിപ്പിക്കുന്നത് പിന്നീട് വന്ധ്യതയ്ക്ക് കാരണമാകാം. അതിനാൽ കുഞ്ഞിനെ സ്വീകരിച്ച് കൊണ്ട് കരിയറിൽ മുന്നേറാം. കുഞ്ഞിന്റെ ജീവൻ നശിപ്പിച്ചിട്ട് കരിയർ വളർത്തുന്നത് അതിലേറെ അപകടകരമാണ്. പോസ്റ്റ് അബോർഷൻ റിഗ്രറ്റ് എന്നത് ഒരു യാഥാർത്ഥ്യമാണ് എന്നു മറക്കരുത്. - സാറ -ജനതകളുടെ മാതാവ് – ഇന്ന് ജീവിച്ചിരിക്കുന്ന സാറമാരുടെ ജീവിത സാക്ഷ്യം:
“സാറാ’സ്” എന്ന സിനിമയിലെ സാറയെയല്ല, ബൈബിളിലെ ജനതകളുടെ മാതാവായ സാറയെ അനുകരിക്കുന്ന അനേകം സാറമാരെ നേരിട്ട് പരിചയമുണ്ട്. പഴയ തലമുറയിലെ ധാരാളം മക്കളെ വളർത്താൻ ത്യാഗങ്ങൾ സഹിച്ച സാറമാർ ധാരാളം. എട്ട് മക്കളെ വളർത്തിയ എന്റെ അമ്മ ഉൾപ്പെടെ. അമ്മയുടെ കരിയർ ഞങ്ങളുടെ അമ്മ എന്ന പദവിയായിരുന്നു. പക്ഷേ അത് മാത്രം ആയിരുന്നില്ല. ഗവൺമെന്റ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്ന അച്ഛന്റെ അഭാവത്തിൽ ഞങ്ങളുടെ കുടുംബത്തിന്റെ വിശാലമായ കൃഷിഭൂമി നോക്കി നടത്തിയ കർഷക രത്നം കൂടിയായിരുന്നു, അമ്മ.
ഈ കാലഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും ഏഴും മക്കളെ സ്വീകരിച്ച് വളർത്തുമ്പോൾ തന്നെ അദ്ധ്യാപിക, സ്റ്റുഡന്റ് കൗൺസിലർ, അഭിഭാഷക, ഡോക്ടർ, മെഡിക്കൽ കോളേജ് പ്രൊഫസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, എഞ്ചിനീയർ, ബിസിനസ് വുമൺ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാറമാർ ഞങ്ങളുടെ ലോഫ് സമൂഹത്തിൽ ഉണ്ട്. ഈ പോസ്റ്റ് വളരെ നീണ്ടു പോയത് കൊണ്ട് അവരെ പിന്നീട് പരിചയപ്പെടുത്താം.
Motherhood is a Proud Profession. Career and Family are both important. Both can be achieved together. Multitasking is God’s Special Gift to Mothers!
Dr. Tony Joseph,
President Couple,
Legion of Apostolic Families (LOAF),
Archdiocese of Trichur.
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .