I have taken you from the ends of the earth
‭‭(Isaiah‬ ‭41‬:‭9)✝️

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് തിരഞ്ഞെടുപ്പ്. ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം വഴി തെറ്റിപോയിട്ടുണ്ടാകാം. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ ശക്തി നമ്മൾക്ക് ദൈവം പകരുന്നു. ഇതാണ് ദൈവത്തിന്റെ കൃപ. രക്ഷാകര ചരിത്രത്തിന്‍റെ ആരംഭം മുതല്‍ ദൈവം ചിലരെ തന്റെ പ്രത്യേക ദൗത്യമേല്‍പ്പിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് വചനത്തിൽ നാം വായിക്കുന്നുണ്ട്.

ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുന്നവരെയും, മറുതലിക്കുന്നവരേയും വചനത്തിൽ ‍ നാം കാണുന്നുണ്ട്. നിന്‍റെ ദേശത്തേയും ബന്ധുക്കളേയും പിതൃഭവനത്തേയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്ക് പോവുക” എന്ന ദൈവത്തിന്‍റെ അരുളപ്പാട് അനുസരിച്ചതിനാലാണ് അബ്രാഹം വലിയൊരു ജനതയായിത്തീരുന്നതും അബ്രാഹത്തിലൂടെ ഭൂമുഖത്തെ വംശമെല്ലാം അനുഗ്രഹീതമാകുന്നതും. തന്‍റെ ബലഹീനതകള്‍ ദൈവത്തിന്‍റെ മുമ്പില്‍ നിരത്തുമ്പോഴും, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് ദൈവത്തിന്റെ തെരെഞ്ഞെടുപ്പിന്റെ വിളി അനുസരിക്കുന്നതിലൂടെ മോശ ഇസ്രയേല്‍ ജനതയുടെ വിമോചനത്തിനുള്ള ഉപകരണമായിത്തീരുന്നു.

പുതിയനിയമത്തിലും ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് ലഭിച്ച വ്യക്തിത്വങ്ങളെയും അവര്‍ അതിനോട് പ്രത്യുത്തരിക്കുന്നതും നാം കാണുന്നു. ദൈവപുത്രന്‍റെ അമ്മയാകാനുള്ള തിരഞ്ഞെടുപ്പ് ലഭിച്ച മറിയവും വളര്‍ത്തുപിതാവാകാനുള്ള തിരഞ്ഞെടുപ്പ് ലഭിച്ച യൗസേപ്പും യേശുവിന് മുന്നോടിയാകാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്നാപക യോഹന്നാനും ദൈവം തങ്ങളെ ഭരമേല്‍പ്പിച്ച തെരെഞ്ഞെടുപ്പിന്റെ വിളി അനുസരിച്ചവരാണ്. മാളികമുറിയിൽ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തോടെ തങ്ങളുടെ തിരഞ്ഞെടുപ്പിനുവേണ്ടി ജീവ ത്യാഗം ചെയ്തവരാണ് ശിഷ്യരും, അപ്പസ്തോലൻമാരും. നാം ഒരോരുത്തരെയും, നേട്ടങ്ങളെയും, കുറവുകളെയും പരിഗണിക്കാതെ ദൈവം ഇന്നും തിരഞ്ഞെടുക്കുന്നു. ദൈവത്തിന്റെ തിരഞ്ഞെടുപ്പിന് കാതോർക്കോം. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്