ഭാര്യാ-ഭര്ത്താക്കന്മാര് പറയേണ്ട കാര്യങ്ങള്‍ പറയണം. ഭാര്യാ-ഭര്ത്താക്കന്മാര് തമ്മിലുള്ളള ബന്ധം നല്ലതായി പോകണമെങ്കില്‍ അവര്‍ രണ്ടുപേരും വിവേകത്തോടെ പെരുമാറേണ്ടതുണ്ട്.
വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം.കല്യാണം കഴിഞ്ഞ ആദ്യദിവസം രാത്രി. രണ്ടുപേരും മുറിയില്‍ എത്തി. ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞ ആദ്യത്തെ കാര്യം ഇതാണ്: എത്രയും വേഗം നമുക്കൊരു കുട്ടി വേണം. ഈ ഡയലോഗ് ഭാര്യയെ ഞെട്ടിച്ചു. ഉടന്‍ ഒരു കുഞ്ഞ് വേണ്ട; കുറച്ചുനാള്‍ ഒന്നിച്ചു കഴിഞ്ഞശേഷം കുഞ്ഞ് ജനിച്ചാല്‍ മതി എന്നതായിരുന്നു ഭാര്യയുടെ ആഗ്രഹം.
അതിനാല്‍, ഭര്‍ത്താവിന്റെ നിര്‍ദേശം കേട്ട ഉടനെ ഭാര്യ അല്പം ഇഷ്ടക്കേടോടെ പറഞ്ഞു: ഇപ്പോള്‍ വേണ്ട; രണ്ടുവര്‍ഷമെങ്കിലും കഴിഞ്ഞിട്ട് മതി.ഈ മറുപടി ഭര്‍ത്താവിനും ഇഷ്ടപ്പെട്ടില്ല. അതേചൊല്ലി രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും അന്ന് മുഖം കറുത്തും മുറിവ് ഉണ്ടാക്കിയും സംസാരിച്ചു. അങ്ങനെ വിവാഹത്തിന്റെ ആദ്യദിവസംതന്നെ കയ്പ് നിറഞ്ഞതായി.
എപ്പോള്‍ ഒരു കുഞ്ഞ് ജനിക്കണം എന്നതിനെ സംബന്ധിച്ച് ഈ ഭര്‍ത്താവിനും ഭാര്യയ്ക്കും വിരുദ്ധ അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്.രണ്ടുപേരുടെയും നിലപാടുകള്‍ക്ക് ചില ന്യായീകരണങ്ങളും ഉണ്ട്. പക്ഷേ, കല്യാണം കഴിഞ്ഞ ആദ്യദിവസംതന്നെ ഈ വിഷയം പറയണമായിരുന്നോ?
അഥവാ ഇക്കാര്യത്തില്‍ ഭാര്യയുടെ അഭിപ്രായം ഒന്ന് ചോദിക്കരുതായിരുന്നോ?
അഥവാ സംസാരിച്ച് ഇക്കാര്യത്തില്‍ ഭാര്യയെ ഒരു അനുകൂല നിലപാടിലേക്ക് മാറ്റാന്‍ ശ്രമിച്ചുകൂടായിരുന്നോ?
അഥവാ ഭാര്യ മറ്റൊരു നിലപാട് അറിയിച്ചപ്പോള്‍ തല്‍ക്കാലത്തേക്ക് ആ വിഷയം സംസാരിക്കാതെ വിട്ടുകളയാന്‍ പാടില്ലായിരുന്നുവോ? ഇതൊക്കെയല്ലേ വിവേകം;
ഇതൊക്കെയല്ലേ ജ്ഞാനത്തോടുകൂടിയ പെരുമാറ്റം?ഇതൊരു ഉദാഹരണംമാത്രം.ഇങ്ങനെ എത്ര വീടുകളില്‍, എന്തെല്ലാം കാര്യങ്ങളില്‍ എത്ര വിരുദ്ധ അഭിപ്രായങ്ങള്‍. ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികവുമാണ്. ബാര്ബരാവൂട്ടണ് എന്ന was സാമ്പത്തികശാസ്ത്രജ്ഞ ഇങ്ങനെ പറഞ്ഞു: എട്ട് സാമ്പത്തിക ശാസ്ത്രജ്ഞന്മാര് ഒന്നിച്ചുകൂടുന്നിടത്ത് ഒമ്പത് അഭിപ്രായങ്ങള്‍ ഉണ്ടാകും. ഇതാണ് മനുഷ്യസ്വഭാവം. രണ്ടുപേര്‍ തമ്മില്‍ വിവാഹം നടത്തി എന്നതിന്റെ പേരില്‍ അവരുടെ സ്വഭാവങ്ങള്‍ എല്ലാം മാറുന്നുമില്ല. അതിനാല്‍ വിട്ടുവീഴ്ചകളും വിവേകവും കൂടാതെ സമാധാനത്തോടെ മുന്നോട്ടുപോകില്ല.
കുടുംബജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ വിട്ടുവീഴ്ചകളും വിവേകവും ആവശ്യമുണ്ട്. ഭാര്യ അറിയാതെയും ഭാര്യയുടെ സമ്മതമില്ലാതെയും വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഉണ്ട്. എട്ടുനിലയില്‍ പൊട്ടിക്കഴിയുമ്പോഴാണ് ഭാര്യ കാര്യങ്ങള്‍ അറിയുന്നത്.
ഭര്‍ത്താവറിയാതെ അഞ്ചാറുപവന്റെ സ്വര്‍ണമാല എടുത്ത് ഒരു പരിചയക്കാരന് പണയംവയ്ക്കാന്‍ കൊടുത്ത ഭാര്യയെ അറിയാം.ഒരു കല്യാണത്തിന് ഇടാന്‍ ഈ മാല ആവശ്യമായി വന്നു. മാല വാങ്ങിയവന് അത് പണയം വച്ചു. തിരിച്ചെടുത്തുകൊടുക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവറിഞ്ഞാല്‍ ഭൂകമ്പം ഉണ്ടാകും. അവസാനം സ്വന്തം അപ്പന്റെ സഹായം തേടി.അപ്പന് പണയംവച്ചവന് പണം കൊടുത്ത് മാലയെടുപ്പിച്ച് കുടുംബകലഹം ഒഴിവാക്കിയെടുത്തു. ഭര്‍ത്താവറിയാതെ വലിയ തുകകള്‍ കടം കൊടുത്ത് കിട്ടാതായ ഭാര്യമാര്‍ ഉണ്ട്.
കല്യാണം കഴിഞ്ഞ ഉടന്‍ പൂര്‍വചരിത്രം പങ്കാളിയോട് ചോദിക്കുന്നവരുണ്ട്. ചിലരുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങളൊക്കെ മുമ്പ് ഉണ്ടായിട്ടുണ്ടാകാം. ഇതെല്ലാം കിളിപോലെ പറഞ്ഞുകൊടുക്കും. ആവേശത്തോടെ എല്ലാം ചോദിച്ചു മനസിലാക്കും. എല്ലാം കേട്ടുകഴിയുമ്പോള്‍ മുതല്‍ മനസില്‍ തെറ്റിദ്ധാരണയും സംശയവും മറ്റും തുടങ്ങുകയായി. പിന്നെ രണ്ടുപേര്‍ക്കും സമാധാനമില്ലാത്ത ജീവിതം ആയിരിക്കും.
സാമ്പത്തിക കാര്യങ്ങള്‍, പണത്തിന്റെ വാങ്ങല്‍-കൊടുക്കല്‍ വിവരങ്ങള്‍ തുടങ്ങിയവ ഭാര്യയെ തീരെ അറിയിക്കാത്ത ഭര്ത്താന്മാരുണ്ട്. അവരില്‍ ചിലര്‍ മരിച്ചപ്പോള്‍ നിരവധിപേര്‍ ഭാര്യയുടെ അടുത്ത് കിട്ടാനുള്ള പണത്തിന്റെ കണക്കുമായി വന്നു. എന്താണ് സത്യം?പണം വാങ്ങിയതാണോ?ഇവര്‍ വെറുതെ പറഞ്ഞ് കബളിപ്പിച്ച് പണം വാങ്ങാനുള്ള തന്ത്രമാണോ? ഭാര്യയ്ക്ക് ഒന്നും അറിഞ്ഞുകൂടാ. കാരണം ഭര്‍ത്താവ് ഒന്നും പറയുമായിരുന്നില്ലല്ലോ. ഏതായാലും ഇങ്ങനെ വിഷമിക്കുന്ന ഭാര്യമാരും നമുക്കിടയില്‍ ഉണ്ട്.
ചുരുക്കട്ടെ. ഭാര്യാ-ഭര്ത്താക്കന്മാര് വളരെയധികം വിവേകം പരസ്പര ബന്ധത്തില്‍ കാണിക്കണം. പറയേണ്ടാത്തവ പറയരുത്. അറിഞ്ഞാല്‍ പ്രശ്നമുണ്ടാകാവുന്നവ ചോദിക്കരുത്. പറയേണ്ട കാര്യങ്ങള്‍ പറയണം. ചുരുങ്ങിയപക്ഷം, ന്യായമായ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ എങ്കിലും വ്യക്തമായ ഉത്തരം പറയണം.
ഇത്രയുമൊക്കെ വിവേകം, കോമണ്‍സെന്‍സ് പരസ്പരബന്ധത്തില്‍ വേണ്ടേ? അല്ലെങ്കില്‍ ജീവിതപങ്കാളി എന്ന് എങ്ങനെ പറയാന്‍ കഴിയും? അനേക ഭാര്യമാര്‍ക്ക് പങ്കാളിയുടെ പദവി ഇല്ല; വേലക്കാരിയുടെയോ അടിമയുടെയോ പദവിയേ ഉള്ളൂ.
ഫാ. ജോസഫ് വയലില്‍ സി.എം.ഐ
Santhosh Thomas (GodsMusic)