“കപ്പൽ സഞ്ചാരികൾക്ക് ദിശ കാണിക്കുന്ന കടലിലെ പ്രകാശഗോപുരം പോലെയാണ് ക്രൈസ്തവർക്ക് ഈ ലോകമാകുന്ന തീർത്ഥാടനത്തിൽ പരിശുദ്ധ അമ്മ.”
വിശുദ്ധ തോമസ് അക്വീനാസ് പരിശുദ്ധ പരിശുദ്ധ അമ്മയെപ്പറ്റി പറഞ്ഞ വാക്കുകളാണിവ . തീർത്ഥാടകയായ സഭ സവിശഷമായ രീതിയിൽ കന്യകാമറിയത്തെ ഓർക്കുന്ന മാസമാണ് മെയ് മാസം. എന്തുകൊണ്ടാണിത്? മെയ് മാസത്തിനു പരിശുദ്ധ കന്യകാമറിയവുമായി എന്താണ് ബന്ധം? അതിലേക്കു വെളിച്ചം വീശുന്ന ഒരു കൊച്ചു കുറിപ്പാണിത്.
ആദ്യമായി പുരാതന ഗ്രീസിലും റോമിലും മെയ് മാസം വസന്തകാലത്തിൻെറയും ഫലപുഷ്ടിയുടെ ദേവതമാരുമായയ ആർട്ടെമിസിനും (Artemis) ഫ്ലോറക്കുമായി (Flora ) പ്രതിഷ്ഠിച്ചവയായിരുന്നു. ഇതിനെ ചുവടുപിടിച്ചു വസന്തകാലത്തിന്റെയും ഫലപുഷ്ടിയുടെയും ഓർമ്മക്കായി യൂറോപ്യർ പല ആചാരാങ്ങളൂം മെയ് മാസത്തിൽ ആഘോഷിച്ചിരുന്നു.
ആധുനിക സംസ്കാരത്തിൽ അമ്മമാരുടെ ദിവസം (മദേർസ് ഡേ ഈ വർഷം അതു മെയ് പന്ത്രണ്ട് ഞായറാഴ്ചയാണ് ) മെയ് മാസത്തിൽ ആരംഭിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ ഗ്രീക്കുകാരും റോമാക്കാരും വസന്ത കാലമായ മെയ് മാസത്തിൽ മാതൃത്വത്തെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു.
ആദിമ സഭയിൽ എല്ലാ വർഷവും മെയ് മാസം പതിനഞ്ചാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രധാന തിരുനാളായി ആഘോഷിച്ചിരുന്നതായി തെളിവുകളുണ്ട്. പക്ഷേ പതിനെട്ടാം നൂറ്റാണ്ടിലാണ് പരിശുദ്ധ കന്യകാമറിയുമായി മെയ് മാസത്തെ ബന്ധപ്പെടുത്തുന്ന പതിവു സഭയിൽ പ്രാബല്യത്തിൽ വന്നത്ത്. കത്തോലിക്കാ എൻസൈക്ലോപിഡിയാ പറയുന്നതനുസരിച്ചു,“ മെയ് വണക്കത്തിന്റെ ഇന്നത്തെ രൂപം ആവിർഭവിച്ചതു റോമിൽ നിന്നാണ്. റോമിൽ ഈശോസഭക്കാർ നടത്തിയിരുന്ന കോളേജിൽ വിദ്യാർത്ഥികളുടെ ഇടയിൽ അവിശ്വസ്തയും അധാർമ്മികതയും വർദ്ധിച്ചു വരുന്നതു മനസ്സിലാക്കി അവയെ തടയുന്നതിനായി കോളേജിലെ അധ്യാപകനായ ഫാ: ലറ്റോമിയ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മെയ് മാസം മരിയ വണക്കത്തിനായി മാറ്റി വയ്ക്കുവാൻ തീരുമാനിച്ചു. റോമിൽ നിന്നു ഈശോ സഭയിലെ മറ്റു കോളേജുകളിലേക്കു പിന്നിടു ലത്തീൻ സഭയിലേക്കും മെയ് മാസ വണക്കം വ്യാപിച്ചു.”
ഒരു മാസം മുഴുവൻ മറിയത്തിനായി മാറ്റി വയ്ക്കുക എന്നതു ഒരു പുതിയ പാരമ്പര്യമല്ല . 30 ദിവസം മറിയത്തിനായി മാറ്റി വയ്ക്കുന്ന ട്രെസിസിമം (Tricesimum) “മറിയത്തോടുള്ള മുപ്പത് ദിവസത്തെ ഭക്തി” എന്ന പാരമ്പര്യം ലത്തീൻ സഭയിൽ ഉണ്ടായിരുന്നു. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 14 വരെ വിവിധ പേരുകളിൽ ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇപ്പോഴും
ഈ പാരമ്പര്യം തുടരുന്നുണ്ട് . മറിയത്തോടുള്ള പല സ്വകാര്യ വണക്കങ്ങളും മെയ് മാസത്തിൽ ആരംഭിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പ്രസിദ്ധീകരിച്ച റാക്കോൾത്തയിൽ Raccolta, (പ്രാർത്ഥനകൾ അടങ്ങിയ പുസ്തകം) ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
ഏറ്റവും പരിശുദ്ധയായ മറിയത്തിനു വർഷത്തിലെ ഏറ്റവും മനോഹരവും പുഷ്പാല കൃതവുമായ മാസം സമർപ്പിക്കുക എന്നതു വളരെ നല്ല ഭക്താഭ്യാസമാണ് . ക്രിസ്തുമതത്തിൽ വളരെക്കാലമായി നില നിൽക്കുന്ന ഒരു വണക്കമാണിത്. റോമിൽ ഇതു സർവ്വ സാധാരണമാണ് അതു കുടുംബങ്ങളിൽ സ്വകാര്യമായി മാത്രമല്ല പല ദൈവാലയങ്ങളിലും പൊതുവായി നടക്കുന്ന ഭക്താഭ്യാസമാണ്.
1825 ഏഴാം പീയൂസ് പാപ്പ പുറപ്പെടുവിച്ച ഒരു ഡിക്രിയിൽ എല്ലാ ക്രൈസ്തവരും പൊതുവായ സ്വകാര്യമായോ പ്രത്യേക പ്രാർത്ഥന വഴി പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിലും ബഹുമാനത്തിലും വളരണമെന്നു വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു
പന്ത്രണ്ടാം പീയൂസ് മാർപാപ്പ 1945ൽ സ്വർഗ്ഗരാജ്ഞിയായ മറിയത്തിന്റെ തിരുനാൾ മെയ് 31-ാം തീയതി സഭയിൽ സ്ഥാപിച്ചതു വഴി മെയ് മാസം മരിയൻ മാസമായി അടിയുറപ്പിക്കപ്പെട്ടു. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഈ തിരുനാൾ ആഗസ്റ്റ് 22-ാം തീയതി യിലേക്കു മാറ്റുകയും മെയ് മാസം 31-ാം തീയതി മറിയത്തിന്റെ സന്ദർശന തിരുനാളായി മാറുകയും ചെയ്തു.
പാരമ്പര്യങ്ങളാലും സമയക്രമം കൊണ്ടും വർഷംതോറും നമ്മുടെ സ്വർഗ്ഗീയ അമ്മയായ മറിയത്തെ ബഹുമാനിക്കാൻ പറ്റിയ മനോഹരമായ മാസമാണ് മെയ്.
ഫാ. ജയ്സൺ കുന്നേൽ MCBS