പ്രവാചകന്മാരെപ്പോലെ ദൈവവുമായി നേരിട്ട് സംസാരിച്ചിരുന്ന വിശുദ്ധരെല്ലാം പരിശുദ്ധ ത്രീത്വം കഴിഞ്ഞാൽ സ്വർഗ്ഗത്തിലെ അടുത്ത വ്യക്തിയായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നത് പരിശുദ്ധ അമ്മയെ ആണെന്ന് കാണാം. മാലാഖമാരുടെ റാണി എന്നൊക്കെ അമ്മയെ വിളിക്കുമ്പോൾ അങ്ങനൊക്കെ പറയാനുള്ള മഹത്വം അമ്മയ്ക്കുണ്ടോ എന്ന് ചോദിക്കുന്നവരെയും കാണാറില്ലേ ? ഞാൻ ഇനി പറയുന്നത് ഒന്ന് ശ്രദ്ധയോടെ വായിച്ചശേഷം ധ്യാനിച്ച് നോക്കൂ

മത്തായിയുടെ സുവിശേഷം മുഴുവനായും പൗലോസിന്റെ മുഴുവൻ ലേഖനങ്ങളും കാണാതെ പഠിച്ചിട്ടുള്ള ഒരു വിശുദ്ധനാണ് ജപമാല ഭക്തിയുടെ പരമ പ്രചാരകനായിരുന്ന വിശുദ്ധ ഡൊമിനിക്. മനുഷ്യരെ യേശുവിലേക്കു നയിക്കാൻ ജപമാലയെക്കാൾ സഹായിക്കുന്ന പ്രാർത്ഥന വേറൊന്നില്ല എന്ന് തെളിയിച്ചയാളാണ് വിശുദ്ധ ഡൊമിനിക്.

വിശുദ്ധ ഗ്രൻഥം അരച്ച് കലക്കി കുടിച്ചതുപോലെ പഠിച്ചയാളാണ് വിശുദ്ധ അന്തോണീസ് എന്ന വേദ പാരംഗതൻ. വിശുദ്ധൻ മരിയ ഭക്തിയുടെ അങ്ങേ അറ്റമായിരുന്നു. ഒരിക്കൽ പരിശുദ്ധ അമ്മയുടെ അമലോത്ഭത്തെക്കുറിച്ചു പണ്ഡിതന്മാർ തർക്കിക്കുന്നു എന്നറിഞ്ഞു വിഷമിച്ചു ദേവാലയത്തിന്റെ പടിക്കൽ വിഷണ്ണനായി നിന്ന അന്തോനീസിന് ‘അമ്മ പ്രത്യക്ഷയായി ദുഃഖ നിവാരണം വരുത്തി എന്ന് ഒരു വൈദീകൻ പ്രസംഗിച്ചത് ഓർക്കുന്നു.

ദൈവവുമായി നേരിട്ട് സംവദിക്കുമായിരുന്ന അത്ഭുതങ്ങളിലൂടെ യേശു കർത്താവാണെന്നു തെളിയിച്ചു ലക്ഷക്കണക്കിന് ആളുകളെ മാനസാന്തരപ്പെടുത്തിയ ഈ ബൈബിൾ പണ്ഡിതന്മാർക്കൊക്കെ അമ്മയെക്കുറിച്ചു യാതൊരു സംശയവും തോന്നാതിരുന്ന എന്തുകൊണ്ടാണ് ? ഒന്നാമത് വചനത്തോടൊപ്പം പാരമ്പര്യമായി പകരുന്ന ജ്ഞാനവും മുറുകെപിടിക്കണം എന്ന കാര്യത്തിൽ ദൈവീകമായ ഉറപ്പു അവർക്കു ഉണ്ടായിരുന്നു. ഒപ്പം അവയ്ക്കു ദൈവ വചനം നൽകുന്ന സാധൂകരണം അവർക്കു തിരിച്ചറിയാനും സാധിച്ചിരുന്നു. ഇവരോട് താരതമ്യം പോലും ചെയ്യാനാകാത്ത സാധാരണ മനുഷ്യർ ഏതാനും തവണ അങ്ങ് നിന്നും ഇങ്ങു നിന്നും ബൈബിൾ വായിച്ച ശേഷം പരിശുദ്ധ അമ്മയ്‌ക്കെതിരെ ചോദിക്കുന്ന ചോദ്യങ്ങൾക്കു പിന്നാലെ പോകുന്നതിനു മുൻപ് നാം ചരിത്രം സൃഷ്ടിച്ച ഈ വിശുദ്ധരുടെ മരിയ ഭക്തിയുടെ കാരണമല്ലേ അന്വേഷിക്കേണ്ടത് ?

ഒരിക്കൽ ഞാൻ യോഹന്നാൻ 1 / 14 ലെ വചനം ധ്യാനിച്ച് പ്രാര്ഥിക്കുകയായിരുന്നു.

And the Word became flesh and lived among us, and we have seen his glory, the glory as of a father’s only son, full of grace and truth.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏക ജാതന്റെതുമായ മഹത്വം. (യോഹന്നാൻ 1 / 14 )

അതിലെ ഓരോ അർത്ഥവും ധ്യാനിച്ച് ഞാൻ ഈശോയുടെ മഹത്വത്തെക്കുറിച്ചു ആനന്ദം കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു വാക്കു എന്റെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. glory as of the father ‘s only son , full of grace and truth എന്നതിൽ full of grace ..എന്ന പ്രയോഗം. കൃപ നിറഞ്ഞ യേശുവിന്റെ മഹത്വം. ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ ? full of grace എന്ന് കൃപ നിറഞ്ഞ എന്ന്, മാതാവിനെക്കുറിച്ചും പറഞ്ഞിട്ടില്ലേ ? അമ്മയുടെയും പുത്രന്റെയും മഹിമയെ സൂചിപ്പിക്കാൻ സമാനമായ ആശയമോ ? എനിക്കപ്പോൾ അതെന്താണെന്നു അറിയണമല്ലോ എന്നായി.

ദൈവശാസ്ത്രം പഠിച്ചപ്പോൾ ഗ്രീക്ക് വായിക്കാൻ പഠിച്ചതിനാൽ ഗ്രീക്ക് മൂലകൃതിയും ലെക്സിക്കനുമായി ഈ വചനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ പഠിച്ചു നോക്കി. യോഹന്നാൻ 1 / 14 ൽ χάριτος അതായതു കാരിത്തോസ് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ അമ്മയെക്കുറിച്ചു പറയുന്നിടത്തു κεχαριτωμένη കേക്കരിത്തൊമെനെ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കേക്കരിത്തൊമെനെ എന്ന വാക്ക് പിന്നെ പുതിയ നിയമത്തിൽ മറ്റൊരിടത്തു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. എഫേസൂസ്‌ 1 / 6 ൽ. അവിടെ അതും കൃപയെയും കൃപയുടെ മഹത്വത്തെയും സൂചിപ്പിക്കാൻ

യേശുവിന്റേത് സ്രോതസ്സായ കൃപ എന്ന അർത്ഥത്തിൽ ആണെങ്കിൽ കേക്കരിത്തൊമെനെ passive ആണ്. അതായതു നൽകപ്പെട്ട കൃപ എന്നാണു അർഥം. യേശുവിൽ സ്രോതസ്സായ കൃപ നിറഞ്ഞു നിൽക്കുമ്പോൾ പരിശുദ്ധ അമ്മയിൽ ദൈവത്താൽ നൽകപ്പെട്ട കൃപ നിറഞ്ഞു നിൽക്കുന്നു. ഈ രീതിയിൽ നൽകപ്പെട്ട കൃപ നിറഞ്ഞു നിൽക്കുന്ന മറ്റാരെക്കുറിച്ചും വചനം പറയുന്നില്ല.

യേശു ചിന്തിയ രക്തം നമുക്ക് കൃപ നൽകുവാൻ കാരണമായി എന്ന് പഠിപ്പിക്കുന്നവരിൽ ചിലർ യേശുവിന്റെ ബലിയര്പ്പണത്തിനും വളരെമുമ്പു അതും യേശു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനും മുൻപാണ് ‘അമ്മ കൃപയാൽ നിറഞ്ഞിരുന്നതെന്ന സത്യം ശ്രദ്ധിക്കാതെ പോകുന്നത് എന്നെ അതിശയിപ്പിക്കുന്നു.

കൃപയുള്ളപ്പോൾ പാപം ഭരണം നടത്തുകയില്ല എന്ന് റോമാ 6 / 14 പറയുന്നു. അങ്ങനെയെങ്കിൽ കൃപ നിറഞ്ഞു നിൽക്കുന്ന ഒരാളുടെ പരിസരത്തുപോലും പാപം ഉണ്ടാകുമോ ? അമലോത്ഭവയും പാപ രഹിതയുമായ കൃപ നിറഞ്ഞ പരിശുദ്ധ മറിയത്തെ മുഖ്യനായ ഒരു ദൂതൻ രാജകീയ അഭിസംബോധനയായ χαῖρε കൈരേ അഥവാ hail എന്ന് അഭിസംബോധന ചെയ്തെങ്കിൽ അവൾ മുഖ്യദൂതന്മാർക്കും മീതെയുള്ളവൾ, മാലാഖാമാർക്കു റാണി, കൃപയുടെ മഹത്വം നിറഞ്ഞവൾ എന്നൊക്കെ മനസ്സിലാക്കുമ്പോൾ മക്കളായ നമുക്ക് എന്താനന്ദം.

ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മരിയ ഭക്തരായ ചിലർ യേശുവിനെ സ്നേഹിക്കുന്നതിൽ ഉത്സാഹം കാണിക്കാത്ത കാര്യം പലരും ചൂണ്ടിക്കാണിക്കാറുണ്ട്. യേശുവിനോടു ഭക്തി കാണിച്ച ആളുകളും യേശുവിനെ സ്നേഹിക്കാത്തതായി നമ്മൾ ബൈബിളിലും ഇക്കാലത്തും കാണുന്നുണ്ടല്ലോ ? അതിൽ നിന്നും അത് മരിയ ഭക്തിയുടെ കുഴപ്പമല്ല ആ മനുഷ്യരുടെ കുഴപ്പമാണ് എന്ന് വ്യക്തമല്ലേ ? യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ചു സംസാരിക്കുന്ന പലരും വചനം അനുസരിക്കുന്നതിനെക്കുറിച്ചു ഒരക്ഷരം പറയാത്തത് ശ്രദ്ധിച്ചിട്ടില്ലേ ?

എന്നാൽ യഥാർത്ഥത്തിൽ യേശുവിനെ അക്ഷരം പ്രതി അനുസരിച്ചിരുന്ന വിശുദ്ധരെല്ലാം, വചനം അനുസരിക്കാൻ വേണ്ടി മരിക്കാൻ തയ്യാറായിരുന്നവർ മരിയഭക്തി അവരെ യേശുവിനോടു കൂടുതൽ അടുപ്പിച്ചു എന്ന് പറയുമ്പോൾ അതാകണം നമ്മൾ വിശ്വാസത്തിൽ എടുക്കേണ്ടത്. അപ്പസ്തോലന്മാരുടെ കാലത്തോടടുത്തു ജീവിച്ചിരുന്ന രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ പരിശുദ്ധ അമ്മയെക്കുറിച്ചു വിവരിക്കുന്നത് കേൾക്കുമ്പോൾ ആദ്യ നൂറ്റാണ്ടിൽ തന്നെ അമ്മയെക്കുറിച്ചുണ്ടായിരുന്ന ബോധ്യങ്ങൾ എന്തെന്ന് നമുക്ക് മനസിലാകും. മാതാവെന്നു പറയുമ്പോൾ തന്നെ വിശുദ്ധ ജസ്റ്റിന് നൂറു നാവായിരുന്നു

ഈ വിശുദ്ധരുടെ മരിയ ഭക്തിയാണ് നമ്മൾ അനുകരിക്കേണ്ടത്. വചനം വായിക്കാനും കുമ്പസാരിക്കാനും പാപത്തിൽ നിന്ന് അകലാനും നിര്ബന്ധമായി പഠിപ്പിക്കുന്ന മരിയൻ തീർത്ഥന കേന്ദ്രങ്ങളിൽ അത്ഭുതങ്ങൾ കൂടുതലായി സംഭവിക്കുന്നത് അത് ദൈവം മുദ്രവെക്കുന്നതുകൊണ്ടാണ്. അവിടെ നമ്മൾ കൃപയുടെ മഹത്വം ദർശിക്കുന്നു.

നിങ്ങൾ വിട്ടുപോയത്