നിരാശയുടെയും ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും ചിന്തകൾ പലപ്പോഴും നമുക്ക് നല്കുന്നത് തിന്മയാകാം. ഒരു വിശ്വാസി ഏത് സാഹചര്യത്തിലും പ്രത്യാശയുടെ വാക്കുകൾ സംസാരിക്കണം. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5). ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ദൈവം ആരിലും വലിയവാണ്. അവന് എല്ലാം സാധ്യമാണ്. അവിടുന്ന് അരുളിച്ചെയ്യുന്നു തീർച്ചയായും നിനക്കൊരു ഭാവിയുണ്ട്. നിന്റെ പ്രതീക്ഷകൾക്ക് ഭംഗം നേരിടുകയില്ല” (സുഭാഷിതങ്ങൾ 23:18).
നമ്മുടെ ഭാവിയെക്കുറിച്ച് നാം ഹൃദയത്തിൽ എന്ത് വിശ്വസിക്കുന്നു, അധരംകൊണ്ട് എന്ത് നാം ഏറ്റുപറയുന്നു അതു നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’ എന്നും ‘നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ’ എന്നും നമ്മുടെ കർത്താവ് പറയുന്നത് ഈ അർത്ഥത്തിൽ തന്നെയാണ്. നമ്മുടെ തളർന്ന ശരീരത്തെ നോക്കി നാം പറയണം എന്റെ അസ്ഥികൾ കർത്താവ് ബലപ്പെടുത്തും. എന്റെ തകർന്ന കുടുംബത്തെ കർത്താവിന് സമർപ്പിച്ച് നാം നമ്മോടും ചുറ്റുപാടുകളോടും പ്രഘോഷിക്കണം
എന്റെ കുടുംബം ദൈവത്താൽ അനുഗ്രഹിക്കപ്പെടും. എന്റെ ഭാവി, പ്രത്യാശാനിർഭരമാണ്. അതെ, അവിടുന്ന് അരുൾചെയ്യുന്നു ”കരച്ചിൽ നിർത്തി കണ്ണീർ തുടയ്ക്കൂ. നിന്റെ യാതനകൾക്ക് പ്രതിഫലം ലഭിക്കും. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ ദൈവവചനങ്ങൾ നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്. പ്രതികൂല സാഹചര്യങ്ങളിലും ഒന്നും പ്രതീക്ഷിക്കുവാൻ കഴിയാത്ത അവസ്ഥയിലും നാം ദൈവമുഖത്തേക്ക് നോക്കണം. സാധിക്കുകയില്ല, നടക്കുകയില്ല എന്ന് ലോകവും ചുറ്റുപാടുകളും നമ്മോട് പറയുമ്പോൾ അത് നാം മുഖവിലയ്ക്ക് എടുക്കരുത്. മറിച്ച് ദൈവം എന്ത് പറയുന്നുവെന്ന് ചിന്തിക്കണം. വചനം വായിക്കുകയും, പൂർണ്ണഹൃദയത്തോടെ വചനത്തിൽ വിശ്വസിക്കുകയും ചെയ്യുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ