നാം ഒരോരുത്തരുടെയും ജീവിതത്തിൽ നമ്മുടെ ഭക്തിക്കും ജീവിതത്തിനും വേണ്ട എല്ലാ കാര്യങ്ങളും ദൈവ ശക്തിയാൽ കർത്താവ് നിറവേറ്റുന്നു. വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. നാളെയെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട് “അന്നന്നത്തെ ആഹാരം തരേണമേ” എന്നു പ്രാർത്ഥിക്കാനല്ല ഈശോ നമ്മെ പഠിപ്പിച്ചത്. എന്നാൽ ഇതിനർത്ഥം നാളെയെക്കുറിച്ചു യാതൊരു കരുതലും ഇല്ലാതെ ഇന്നുള്ളതു മുഴുവൻ ഇന്നുതന്നെ ധൂർത്തടിച്ചു തീർത്തിട്ട് കിടന്നുറങ്ങാനുമല്ല. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല എന്ന ദൈവത്തിന്റെ ഹൃദയസ്പർശിയായ വാഗ്ദാനത്തിൽ പ്രത്യാശ അർപ്പിച്ചു നമ്മുടെ അനുദിന ജീവിതത്തിലെ ക്ലേശങ്ങളും കുരിശുകളും ദൈവശക്തിയാൽ ഏറ്റെടുക്കുവാനും, അവയിലൂടെ ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുവാനും നമുക്കാവണം.
തിരുവചനത്തിൽ നോക്കിയാൽ ദൈവശക്തിയാക്കുന്ന പരിശുദ്ധാൽമാവ് പകർന്നപ്പോൾ അൽഭുതങ്ങൾ സംഭവിച്ചു. പരിശുദ്ധാൽമാവിന്റെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. മാനുഷികമായി നോക്കിയാൽ വിശദീകരണങ്ങളില്ലാത്ത, കൃത്യമായി ഉത്തരം പറയാൻ സാധിക്കാത്ത ഒരു സംഭവമാണ് യേശുവിന്റെ ജനനം. കന്യക പുരുഷ സംസർഗമില്ലാതെ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്ന അദ്ഭുതം ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും അപ്പുറത്താണ്. ഈ മഹാസംഭവം നടക്കുന്നത് പരിശുദ്ധാത്മാവ് മാതാവിന്റെ മേൽ വരുമ്പോഴാണ്. അത്യുന്നതന്റെ ശക്തി ആവസിച്ചതും, യേശുവിന്റെ ജനനം സാധ്യമായതും. അസാധ്യമെന്ന് ലോകം കരുതുന്നത്, സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്നത് സാധിച്ചുതരാൻ കഴിയുന്ന ശക്തിയാണ് ദൈവശക്തി
നാം കർത്താവിന്റെ സാക്ഷികളായി ജീവിക്കാൻ പരിശുദ്ധാൻമാവിന്റെ ശക്തി ഇന്നും നമ്മിലൂടെ പ്രവർത്തിക്കുന്നു. നമ്മുടെ ജീവിതംകൊണ്ടു സ്വർഗ്ഗരാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കുക എന്നതാണ് നാം ഹൃദയത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത് എങ്കിൽ, പരിശുദ്ധാൽമാവിന്റെ ശക്തിയാൽ പ്രശ്നങ്ങളിൽ തളരാതെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ നമ്മൾക്ക് ആകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.