Whoever loves God must also love his brother.“
(1 John 4:21)
സ്നേഹത്തിനു ഒട്ടേറെ പരിമിതികൾ സൃഷ്ടിക്കുകയും, സ്നേഹിതരെക്കാളധികം ശത്രുക്കളെ സൃഷ്ടിക്കാൻ ഉത്സാഹിക്കുകയും ചെയ്തിരുന്ന ഒരു സംസ്കാരമായിരുന്നു യേശുവിന്റെ കാലത്ത് നിലവിലുണ്ടായിരുന്നത്. സഹോദരനെ സ്നേഹിക്കണം എന്ന ദൈവകല്പ്ന അനുസരിച്ച് ഒരാൾ തന്റെ സഹോദരനെ തന്നെപ്പോലെ തന്നെ കരുതി സ്നേഹിക്കാൻ ബാധ്യസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ, ആ സ്നേഹത്തിന്റെ ഭാഗമായി തനിക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും അയാൾ കടപ്പെട്ടിരുന്നു. എന്നാൽ, ദുരാഗ്രഹവും സ്വാർത്ഥതയും നിറഞ്ഞ മനുഷ്യർ ഇതിനു കണ്ടുപിടിച്ച പോംവഴി, ആരാണ് തന്റെ സഹോദരൻ എന്ന് നിർവചിക്കുകയായിരുന്നു. തനിക്കേറ്റവും ഉപകരിക്കുന്ന സ്വന്തം സമുദായത്തിൽപെട്ടവരെ മാത്രം സഹോദരൻഎന്ന പദംകൊണ്ട് വിശേഷിപ്പിച്ചു.
ദൈവത്തെ സ്നേഹിക്കുന്നതുപോലെതന്നെ പരമപ്രധാനമായ കൽപനയാണ്, തന്നേപ്പോലെതന്നെ തന്റെ സഹോദരനെ സ്നേഹിക്കണം എന്നുള്ളത്. ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കേണ്ടത് കാണപ്പെടുന്ന സഹോദരനോടുള്ള നമ്മുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റത്തിലൂടെ ആയിരിക്കണം. “കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല” (1 യോഹന്നാൻ 4:20). ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം ദാനമായി നൽകുന്ന സ്നേഹമെന്ന കൃപയാണ് ഒരു ക്രൈസ്തവന്റെയും, അതുവഴി ക്രിസ്തുമതത്തിന്റെയും, മുഖമുദ്ര.
നിത്യജീവിതത്തിൽ നാം ദൈവത്തെ സ്നേഹിക്കുന്നു, പ്രാർത്ഥിക്കുന്നു, എന്നാൽ സഹോദരനെ തള്ളിക്കളയുന്നു,, സ്നേഹിക്കുന്നില്ല, അല്ലെങ്കിൽ അവരോടു നിസ്സംഗത പുലർത്തുന്നു. എന്നാൽ ദൈവത്തെ അറിയാതെ, ദൈവസ്നേഹമെന്തെന്നു ഗ്രഹിക്കാതെ, പാപാന്ധകാരത്തിൽ ഉഴലുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മിലൂടെ ദൈവത്തിന്റെ സ്നേഹം രുചിച്ചറിയാൻ കഴിയണം. ദൈവകൃപകളാൽ നിറഞ്ഞ്, ദൈവസ്നേഹത്തിന്റെ അരുവികൾ നമ്മുടെ ഹൃദയങ്ങളിൽനിന്നും നമ്മുടെ സമൂഹങ്ങളിലേക്ക് ഒഴുകുവാൻ ആവശ്യമായ അനുഗ്രഹങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം.
ആമ്മേൻ