വചനത്തെ വളച്ചൊടിക്കുകയും നിസ്സാരമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന ദൈവത്തെതന്നെയാണ് അവഹേളിക്കുന്നത്. ഈ വചനമാണ് കാലസമ്പൂര്‍ണ്ണതയില്‍ മാംസം ധരിച്ചു മനുഷ്യനായി കടന്നുവന്ന യേശു. അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെല്ലാം വചനത്താലായിരുന്നു. അവിടുത്തെ നാവില്‍നിന്നു പുറപ്പെട്ട വചനങ്ങള്‍ രോഗികളെ സുഖപ്പെടുത്തി. പ്രവാചകന്മാരുടെ കാലഘട്ടങ്ങളില്‍ ദൈവത്തിന്റെ വചനം സുഖപ്പെടുത്തിയത് പ്രവാചകൻമാരുടെ അധരങ്ങളിലൂടെയായിരുന്നു. എന്നാല്‍, വചനം മാംസം ധരിച്ചപ്പോള്‍ സൗഖ്യം ഈ ഭൂമിയില്‍ ദൃഷ്ടാന്തമായി
യേശുവിന്റെ അധരങ്ങളില്‍നിന്നു പുറപ്പെട്ട വാക്കുകള്‍ രോഗികള്‍ക്ക് സൗഖ്യമായി പരിണമിച്ചു. വചനം ശരീരം ധരിച്ചതായതുകൊണ്ടുതന്നെ, യേശുവിന്റെ സ്പര്‍ശനവും സൗഖ്യം നല്കി. അവിടുന്ന് പല രോഗികളെയും തൊട്ടു സുഖപ്പെടുത്തി അതുപോലെ യേശുവിന്റെ വസ്ത്രത്തിൽ സ്പർശിച്ചവരെല്ലാം സൗഖ്യമായതായി വചനത്തില്‍ വായിക്കുവാൻ പ കഴിയും. യേശുവിന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ കഴിവ് അവിടുന്ന് പ്രദാനംചെയ്തു! വചനത്താല്‍ നിറഞ്ഞ ഒരു വ്യക്തിയുടെ സ്പര്‍ശനംപോലും സൗഖ്യമായി പരിണമിക്കും. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും”(മര്‍ക്കോ: 16; 18). അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെട്ട ഈ വചനം ആരില്‍ വസിക്കുന്നുവോ, അവരുടെ സ്പര്‍ശനത്തിലൂടെ ഈ വചനം രോഗികളുടെമേല്‍ കടന്നുചെല്ലുകയും സുഖപ്പെടുത്തുകയും ചെയ്യും! വി പത്രോസിന്റെ നിഴല്‍ പതിക്കുമ്പോള്പ്പോലും രോഗികള്‍ സുഖപ്പെട്ടതിന്റെ കാരണവും ഇതുതന്നെയാണ്.
ശിഷ്യൻമാരിൽ നിറഞ്ഞുനിന്ന വചനം രോഗികളെ സുഖപ്പെടുത്തി. വിശ്വസിക്കുന്നവരോടുകൂടെ യേശുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദാനംചെയ്ത അടയാളങ്ങളില്‍ ഒന്നായിരുന്നു രോഗസൗഖ്യം.
ഇന്നും യേശുവിന്റെ വചനം നമ്മളിൽ കൂടി ജീവിക്കുന്നു. യേശു നാമത്തിന്റെ ശക്തിയാലും, വചന ശക്തിയാലും, ഏതു രോഗത്തിന്റെ അവസ്ഥയും, ഏതു വിനാശവും നമ്മിൽ നിന്നു മാറി പോകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ