
പാപികളെ പോലും രക്ഷിക്കുന്നവനാണ് നമ്മുടെ കർത്താവ്. യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ് പല വ്യക്തികളും. നാം ഒരോരുത്തരും പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്. കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ പലതും.എന്നാൽ യേശുക്രിസ്തു വന്നത് മനുഷ്യനെ എന്തിൽ നിന്നും രക്ഷിക്കാൻ ആണ് എന്ന് വചനത്തിൽ വ്യക്തമായി പറയുന്നു.”അവൻ തന്‍റെ ജനത്തെ രോഗങ്ങളിൽ നിന്നും, വേദനകളിൽ നിന്നും, ആകുലതകളിൽ നിന്നും മാത്രമല്ല അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാനാണ് വന്നത്.

ഒരു രോഗിക്ക് മാത്രം, ഡോക്ടറെ കൊണ്ട് പ്രയോജനം ഉള്ളൂ, എന്ന് പറയുന്നത് പോലെ ഒരു പാപിക്ക് മാത്രമേ യേശുക്രിസ്തുവിനെ കൊണ്ട് പ്രയോജനം ഉളളൂ.എന്നാൽ ഒരു രോഗി അവൻ രോഗിയാണ് എന്ന് തിരിച്ചറിയുന്നത് രോഗത്തിനുള്ള ടെസ്റ്റ് അല്ലെങ്കിൽ സ്കാനിംഗ് കഴിയുമ്പോൾ ആണ്. അതുപോലെ തന്നെ സർവ്വ മനുഷ്യരും ജന്മനാ ആദമിൽ പാപികൾ ആണ് എങ്കിലും പലരും അവരുടെ രോഗം തിരിച്ചറിയുന്നില്ല. അതിനാൽ തന്നെ അവർ അവരുടെ രോഗത്താൽ ( പാപത്തിൽ ) മരിക്കുന്നു. പഴയ നിയമ കാലത്തു മനുഷ്യന്‍റെ രോഗത്തെ തിരിച്ചറിയാൻ ദൈവം ഒരു സ്കാനിംഗ് ഉപകരണം കൊടുത്തിരുന്നു.അതിൻ്റെ പേരാണ് നിയമം അഥവാ ന്യായപ്രമാണം. എന്നാൽ പുതിയ നിയമ കാലത്ത് പരിശുദ്ധാൽമാവിന്റെ ശക്തിയാൽ പാപത്തെ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നു.

നിയമത്തിന് മനുഷ്യന്‍ പാപിയാണ് എന്നുള്ള ബോധ്യം നല്‍കി അവന്‍റെ വായ അടപ്പിക്കാന്‍ കഴിഞ്ഞു എങ്കിലും അവന്‍റെ പാപം എന്ന രോഗം സൗഖ്യമാക്കുവാനോ, നീക്കുവാനോ കഴിഞ്ഞില്ല. പാപം നീക്കുവാൻ കഴിയാതെ വന്നപ്പോൾ ദൈവം തന്റെ സ്വന്തം പുത്രനെ ഭൂമിയിലേയ്ക്ക് അയക്കുകയും, പാപത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്തു. യേശു ക്രിസ്തുവിന്റെ അടുത്തു ചെല്ലുന്നവർക്ക് പാപത്തിൽ നിന്നും, രോഗത്തിൽ നിന്നും, വേദനകളിൽ നിന്നും രക്ഷ ഉണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






