ഒരു വിശുദ്ധവാര ചിന്ത

പെസഹായും ദുഖവെള്ളിയും ഈസ്റ്ററും ലോകം മുഴുവനും ആചരിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പൊതു അവധി നൽകിയിട്ടുണ്ട്. കാരണം ക്രിസ്തു ഒരു ചരിത്ര പുരുഷനാണ്. അവിടുത്തെ കുരിശുമരണ ഉത്ഥാന സംഭവങ്ങൾ ഒരു ചരിത്ര യാഥാർഥ്യം കൂടിയാണ്.

എന്നാൽ, ക്രിസ്ത്യാനികളായ നമ്മൾ വിശുദ്ധവാരം ആചരിക്കുന്നത് ഈശോയുടെ മരണത്തിൽ സഹതാപം രേഖപ്പെടുത്താനും ഉത്ഥാനത്തിൽ കയ്യടിക്കാനും അല്ല. യഹൂദ നിയമപ്രകാരം പൊതുജനം ഒരുവനിൽ കുറ്റം ആരോപിച്ചാലും അവനു സ്വയം വാദിച്ചു ശിക്ഷയിൽ നിന്ന് രക്ഷപെടാൻ അവസരം ഉണ്ട്. ആ അവസരം ഈശോയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ, പീലാത്തോസിനെ ഉൾപ്പടെ അത്ഭുതപ്പെടുത്തികൊണ്ട് ഈശോ മൗനമായി. ആ മൗനത്തിനു വ്യക്തമായ കാരണം ഉണ്ടായിരുന്നു. അവൻ തെറ്റ് ചെയ്തിട്ടില്ല. എന്നാൽ ഞാൻ തെറ്റ് ചെയ്തു.

എന്റെ തെറ്റുകൾക്ക് വേണ്ടിയാണ് അവൻ മൗനമായത്‌. പെസഹായിൽ അവിടുന്ന് എന്നോടുകൂടെ ആയിരിക്കാൻ അപ്പമായി,

ദുഃഖവൈള്ളിയിൽ അവിടുത്തെ തിരുരക്തത്താൽ എനിക്ക് നഷ്ടപെട്ട രക്ഷയുടെ കവാടം എനിക്ക് തുറന്നു നൽകി, ഉത്ഥാനത്തിലൂടെ എന്റെ ആത്‌മാവിന്റെ നിത്യജീവൻ അവിടുന്ന് ഉറപ്പു വരുത്തി.

അവിടുന്ന് മരിച്ചത് എനിക്ക് വേണ്ടിയാണ്. ഞാൻ വിലപിക്കേണ്ടത് അവിടുത്തെ ഓർത്തല്ല; എന്നെ ഓർത്താണ്. ഇനിയും ഞാൻ ചെയ്യുന്ന ഒരു ചെറിയ പാപം പോലും അവിടുത്തെ തിരുവിലാവിൽ മുറിയുന്ന മുറിവുകളാണെന്ന തിരിച്ചറിവ് എന്നെ കൂടുതൽ ജാഗ്രതയോടെ ജീവിക്കാൻ പ്രേരിപ്പിക്കണം. ഉത്ഥാനം നോമ്പ് വീടൽ മാത്രമല്ല. എന്റെ ആത്മാവിന്റെ നിത്യജീവന്റെ സാധ്യതയെ കുറിച്ചുള്ള ധ്യാനം കൂടിയാണ്.

ഓർശലേം നഗരിയിൽ കരയുന്ന സ്ത്രീകളെ ആശ്വസിപ്പിച്ചുകൊണ്ടു അവിടുന്ന് പറഞ്ഞത് ഓർമ്മിക്കാം: നമ്മുക്ക് നമ്മെയും നമ്മുടെ തലമുറകളെയും ഓർത്തു വിലപിക്കാം. ഉത്ഥാനത്തിന്റെ പ്രതീക്ഷയിൽ ആനന്ദിക്കാം.

George Panamthottam

A Carmelite of Mary Immaculate

നിങ്ങൾ വിട്ടുപോയത്