കാനഡയിൽ ഏതാനും ചില ദേവാലയങ്ങളുടെ സമീപത്തായി അടുത്തിടെ കണ്ടെത്തിയ കുഴിമാടങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ 251 കുഴിമാടങ്ങൾ കണ്ടെത്തിയതാണ് ആദ്യം വാർത്തയായത്. പിന്നീട് സസ്കാചീവൻ പ്രവിശ്യയിലെ ഒരു സ്കൂളിന് സമീപത്തുനിന്നും 751 കുഴിമാടങ്ങൾ കണ്ടെത്തി. എന്തിനും, ഏതിനും സഭയെ പ്രഹരിക്കാൻ നടക്കുന്നവർ ഈ കണ്ടെത്തലുകൾ എല്ലാം വീണുകിട്ടിയ ആയുധമായി എടുത്തിരിക്കുകയാണ്.
ഗോത്രവർഗ്ഗക്കാരായ സ്കൂൾ കുട്ടികൾ വിദ്യാഭ്യാസ കാലയളവിൽ മരണപ്പെട്ടത് തീർത്തും ദൗർഭാഗ്യകരമായ കാര്യമാണെങ്കിലും, സഭാ അധികൃതരാണ് ഈ കൊലപാതകങ്ങളെല്ലാം നടത്തിയത് എന്നുള്ള രീതിയിലുള്ള തീർത്തും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉണ്ടാകുന്നത്. വിഷയത്തിൽ മാർപാപ്പ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിൻ ട്രൂഡോ സർക്കാരും തങ്ങളുടെ ക്രൈസ്തവ വിരുദ്ധ നിലപാട് അനാവൃതമാക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിലും, പത്തൊമ്പതാം നൂറ്റാണ്ടിലും കനേഡിയൻ സർക്കാരിന് സ്കൂളുകൾ നടത്താനും, എല്ലാവർക്കും വിദ്യാഭ്യാസം നൽകാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാൽ പലതിന്റെയും ചുമതല സർക്കാർ ഏൽപ്പിച്ചത് കത്തോലിക്കാസഭയെയാണ്. ഗോത്രവർഗ്ഗക്കാരായ കുട്ടികൾക്ക് ഉൾപ്പെടെ സഭയുടെ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നൽകി.
എന്നാൽ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ നൽകിയിരുന്നില്ല. ഇക്കാലയളവിൽ ആശുപത്രികളുടെയും, മെഡിക്കൽ സാങ്കേതികവിദ്യയുടെയും അഭാവംമൂലം ആളുകളുടെ ഇടയിൽ, പ്രത്യേകിച്ച് ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ രോഗങ്ങൾ കൂടുതലായിരുന്നു. പ്രത്യേകിച്ച് ട്യൂബർകുലോസിസ് രോഗമാണ് ഇവരെ കൂടുതൽ വേട്ടയാടിയത്. ഗോത്രവർഗ്ഗക്കാരുടെ മരണങ്ങളുമായി ബന്ധപ്പെട്ട് ട്രൂത്ത് ആൻഡ് റീകൺസീലിയേഷൻ കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. കമ്മീഷനിലെ അംഗമായിരുന്ന ലേക്ക്ഹെഡ് സർവകലാശാലയിലെ പ്രൊഫസർ സ്കോട്ട് ഹാമിൽട്ടൺ അക്കാലയളവിൽ എന്താണ് നടന്നതെന്ന് തന്റെ ഗവേഷണത്തിൽ വ്യക്തമായി പറയുന്നുണ്ട്.
ഗോത്രവർഗ്ഗ വിദ്യാർഥികളെ അടക്കം ചെയ്ത സ്ഥലത്തെ ‘മാസ് ഗ്രേവ്’ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. യുദ്ധത്തിലോ, വംശഹത്യയിലോ കൊലചെയ്യപ്പെട്ട ആളുകളെ ഒരുമിച്ച് അടക്കം ചെയ്ത സ്ഥലത്തെയാണ് സാധാരണയായി മാസ് ഗ്രേവ് എന്ന് വിശേഷിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ മാധ്യമങ്ങൾ മാസ് ഗ്രേവ് എന്ന പദമാണ് വാർത്ത നൽകാൻ ഉപയോഗിക്കുന്നത്. പല വർഷങ്ങളിലായി മരണപ്പെട്ടവരെയാണ് ഈ കുഴിമാടങ്ങളിൽ അടക്കിയിരിക്കുന്നത് എന്ന് ഹാമിൽട്ടൺ ചൂണ്ടിക്കാട്ടുന്നു. രോഗം വന്ന് മരണപ്പെട്ട ഗോത്ര വർഗ്ഗക്കാരായ കുട്ടികളുടെ ശവശരീരങ്ങൾ അവരുടെ വീടുകളിലേക്ക് കൊടുത്തയക്കാൻ സാമ്പത്തിക ചിലവ് മുന്നിൽകണ്ട് സർക്കാർ ഒരുക്കമല്ലായിരുന്നു. ഇങ്ങനൊരു കാരണത്താലാണ് സഭാ അധികൃതർ സ്കൂളുകൾക്ക് സമീപം തന്നെ മരണപ്പെട്ടവരെ അടക്കിയത്. കുഴിമാടങ്ങളുടെ സമീപം കുരിശുകളും സ്ഥാപിച്ചിരുന്നെങ്കിലും അവ പിന്നീട് ദ്രവിച്ചു പോയി. അതിനാൽ തന്നെ കത്തോലിക്കാ അധികൃതർക്ക് കുഴിമാടങ്ങൾ ഒളിപ്പിച്ചുവെക്കാൻ പദ്ധതി ഒന്നുമില്ലായിരുന്നുവെന്ന് സ്കോട്ട് ഹാമിൽട്ടൺ തെളിവുകൾ സഹിതം വ്യക്തമാക്കുന്നു.
കുട്ടികളോടൊപ്പം, വൈദികരെയും, സന്യാസിനികളെയും അടക്കം ചെയ്തിരുന്നു. രോഗംമൂലം മരണപ്പെട്ട കുട്ടികളെ അടക്കം ചെയ്യാൻ പദ്ധതികളൊന്നും ആവിഷ്കരിച്ചില്ല എന്ന് മാത്രമല്ല മറിച്ച് സെമിത്തേരികൾ നിലനിർത്താൻ വേണ്ടിയുള്ള അറ്റകുറ്റപ്പണികൾക്കും സർക്കാർ സഹായം ചെയ്തില്ല എന്ന് ഹാമിൾട്ടൺ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സത്യാവസ്ഥ ഇങ്ങനെയെല്ലാമായിട്ടും, കനേഡിയൻ സർക്കാരും, മാധ്യമങ്ങളും കത്തോലിക്കാസഭയെയാണ് പഴിചാരുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ 10 ദേവാലയങ്ങളാണ് കാനഡയിൽ അജ്ഞാതർ നശിപ്പിച്ചത്, ഇതിൽ എഡ്മൺഡണു സമീപത്ത് സ്ഥിതി ചെയ്തിരുന്ന നൂറു വർഷം പഴക്കമുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയവും ഉൾപ്പെടും. കത്തോലിക്കാ ദേവാലയങ്ങളുടെ സ്ഥാനത്ത് മറ്റ് ആരാധനാലയങ്ങളാണ് ആക്രമിക്കപ്പെട്ടതെങ്കിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ അതിനെ അപലപിക്കുമായിരുന്നുവെന്നും, ചില സർക്കാർ പ്രതിനിധികൾ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഹൗസ് ഓഫ് കോമൺസ് അംഗം ഗാർനറ്റ് ജീനിയസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ആൽബർട്ട പ്രീമിയർ ജേസൺ കെന്നിയും കത്തോലിക്കാ ദേവാലയങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അപലപിച്ചു രംഗത്തുവന്നത് ആശ്വാസകരമായ കാര്യമാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാകാതെ ഗോത്രവർഗ്ഗ വിദ്യാർഥികളെ കത്തോലിക്കാ സഭ നടത്തിയ വിദ്യാലയങ്ങളിലേക്ക് തള്ളിവിട്ട് രോഗം മൂലം അവർ മരണപ്പെട്ടപ്പോൾ അടക്കാനുള്ള സാമ്പത്തിക സഹായം പോലും ചെയ്തു നൽകാൻ തയ്യാറാകാതിരുന്ന കനേഡിയൻ സർക്കാരാണ് ഒന്നാമതായി ഗോത്രവർഗ്ഗക്കാരോട് മാപ്പ് ചോദിക്കേണ്ടത്.
സച്ചിൻ എട്ടിയിൽ